പാലക്കാട്: രാഹുല് മാങ്കൂട്ടത്തില് എംഎല്എയെ വീട്ടില് പോയി കണ്ടത് സ്ഥിരീകരിച്ച് പാലക്കാട്ടെ കോണ്ഗ്രസ് നേതാക്കള്. മലമ്പുഴയിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരായ വിഷയം സഭയില് ഉന്നയിക്കാന് ആവശ്യപ്പെട്ടായിരുന്നു സന്ദര്ശനം എന്ന് കോണ്ഗ്രസ് പാലക്കാട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സി വി സതീഷ് വ്യക്തമാക്കി. പാലക്കാട് നഗരസഭയിലെ വിവിധ വാര്ഡുകളിലെ വികസനവും ചര്ച്ചയായെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
രാഹുല് പാലക്കാട് എത്തിയാല് ഒരു മനുഷ്യന് എന്ന നിലയില് കോണ്ഗ്രസ് പ്രവര്ത്തകര് സംരക്ഷണം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി പ്രസിഡന്റിന്റെ അനുമതിയോടെ അല്ല തങ്ങളുടെ സന്ദര്ശനം എന്നും ബ്ലോക്ക് കോണ്ഗ്രസ് നേതാക്കള് വ്യക്തമാക്കി. സി വി സതീഷും മണ്ഡലം പ്രസിഡന്റുമാര് ഉള്പ്പെടെ ആറുപേരുമാണ് രാഹുലിനെ അടൂരിലെ വീട്ടിലെത്തി സന്ദര്ശിച്ചത്. ഇന്നലെയായിരുന്നു സന്ദര്ശനം.
അതേസമയം, രാഹുല് മാങ്കൂട്ടത്തിലിനെ നിയമസഭയിലേക്ക് അനുഗമിച്ച സംഭവത്തില് യൂത്ത് കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീറിനെതിരെ പരാതിപ്രവാഹമാണ്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനും യൂത്ത് കോണ്ഗ്രസ് ദേശീയ അധ്യക്ഷനും നേതാക്കള് പരാതി നല്കിയിരുന്നു. നേമം ഷജീറിനെതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതി. നടപടിക്ക് വിധേയനായ രാഹുലിനെ അനുഗമിച്ചത് തെറ്റായ സന്ദേശം നല്കുന്നതാണെന്ന് പരാതിയില് പറയുന്നു. യൂത്ത് കോണ്ഗ്രസ് നേതാക്കളുടെ പരാതികളുടെ പകര്പ്പ് റിപ്പോര്ട്ടറിന് ലഭിച്ചു.
അതിനിടെ കഴിഞ്ഞ ദിവസം രാഹുല് മാങ്കൂട്ടത്തില് ശബരിമല ദര്ശനം നടത്തി. പുലര്ച്ചെ അഞ്ചിന് നട തുറന്നപ്പോള് ദര്ശനം നടത്തുകയായിരുന്നു. പമ്പയില് നിന്നും കെട്ട് നിറച്ചാണ് മല ചവിട്ടിയത്. രാത്രി 10 മണിയോടെ രാഹുല് മാങ്കൂട്ടത്തില് പമ്പയില് എത്തി. പമ്പയില് നിന്നും കെട്ട് നിറച്ച് സന്നിധാനത്തേക്ക് പുറപ്പെടുകയായിരുന്നു. എന്നാല് വൈകിട്ട് നട അടച്ചശേഷമാണ് രാഹുല് മാങ്കൂട്ടത്തില് പമ്പയില് എത്തിയത്.
Content Highlights: Palakkad Congress leaders confirms they visit Rahul Mamkootathil