കോഴിക്കോട്: ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് വിചിത്ര ഉത്തരവുമായി മലബാർ ദേവസ്വം ബോർഡ്. സംഗമത്തിൽ പരമാവധി മെമ്പര്മാരെയും ഉദ്യോഗസ്ഥരെയും എക്സിക്യൂട്ടീവ് ഓഫീസർമാരെയും ക്ഷേത്രം ജീവനക്കാരെയും പങ്കെടുപ്പിക്കാനാണ് മലബാർ ദേവസ്വം ബോർഡിന്റെ തീരുമാനം. ഇക്കാര്യം വ്യക്തമാക്കി മലബാർ ദേവസ്വം കമ്മീഷണർ സർക്കുലർ പുറത്തിറക്കി.
അയ്യപ്പസംഗമത്തിൽ പങ്കെടുക്കുന്ന ബോർഡ് അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും ഏരിയ കമ്മിറ്റി അംഗങ്ങളുടെയും യാത്ര, ഭക്ഷണ ചെലവ് ദേവസ്വം ബോർഡ് വഹിക്കും. ക്ഷേത്ര ട്രസ്റ്റിമാരുടെയും എക്സിക്യൂട്ടീവ് ഓഫീസർമാരുടെയും ക്ഷേത്രം ജീവനക്കാരുടെയും ചെലവ് ക്ഷേത്രം ഫണ്ടിൽ നിന്ന് വഹിക്കണമെന്നുമാണ് ഉത്തരവ്. ആഗോള അയ്യപ്പ സംഗമത്തിൽ പരമാവധി പേരെ പങ്കെടുപ്പിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആവശ്യപ്പെട്ടതായും സർക്കുലറിൽ പറയുന്നുണ്ട്.
സംഗമത്തിൽ പങ്കെടുക്കാൻ സ്വമേധയാ തയ്യാറായി ലിസ്റ്റ് സമർപ്പിച്ചിട്ടുള്ള ക്ഷേത്ര ട്രസ്റ്റിമാരുടെയും എക്സിക്യൂട്ടീവ് ഓഫീസർമാരുടെയും ജീവനക്കാരുടെയും ഈ ഇനത്തിലുള്ള ചെലവും ബന്ധപ്പെട്ട ക്ഷേത്രങ്ങളിൽനിന്ന് വഹിക്കാനും അതാത് ക്ഷേത്ര ഭരണാധികാരികൾക്ക് അനുമതി നൽകി.
സെപ്തംബർ 20ന് പമ്പയിൽ നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് ആഗോള അയ്യപ്പ സംഗമം നടത്തുന്നത്. പരിപാടിയൽ പങ്കെടുക്കുന്നതിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയായി. പമ്പാതീരത്ത് 38,500 ചതുരശ്രയടി വിസ്തീർണത്തിലാണ് പന്തൽ ഒരുങ്ങുന്നത്. പരിപാടിയിലേക്ക് 3000 പേർക്കാണ് പ്രവേശനം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടകൻ. ശബരിമല മാസ്റ്റർപ്ലാൻ സംബന്ധിച്ച സുപ്രധാന പാനൽ ചർച്ചയും സംഗമത്തിന്റെ ഭാഗമായി നടക്കും.
Content Highlights: Malabar Devaswom Board issues strange order regarding global Ayyappa Sangamam