തിരുവനന്തപുരം: കേരളത്തില് അധികരിച്ചു വരുന്ന പൊലീസ് മര്ദ്ദനങ്ങളില് പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്. പിണറായി സര്ക്കാരിന്റെ അവസാനത്തിന്റെ ആരംഭം കുറിച്ചെന്നും കേരളത്തില് ഡിവൈഎഫ്ഐ നേതാവിന് പോലും രക്ഷയില്ലെന്നും സതീശന് പറഞ്ഞു. കെഎസ്യു നേതാക്കളെ തലയില് തുണിയിട്ട് കയ്യാമം വച്ച് കോടതിയില് ഹാജരാക്കിയ ഒരുത്തനും കേരളത്തില് കാക്കിയിട്ട് നടക്കില്ലെന്നും വി ഡി സതീശന് വ്യക്തമാക്കി.
' പൊലീസുകാര്ക്ക് രാജാവിനെക്കാള് വലിയ രാജഭക്തിയാണ്. അത്തരം പൊലീസുകാര് ചെവിയില് നുള്ളിക്കോളൂ. ഒരുത്തനും കാക്കിയിട്ട് നടക്കില്ല.' എന്നായിരുന്നു വി ഡി സതീശന്റെ പ്രതികരണം. മുഖ്യമന്ത്രിയുടെ മൗനം ഭയം മൂലമാണെന്നും കേരളത്തിലെ പൊലീസിനെ മുഖ്യമന്ത്രി തീവ്രവാദികളാക്കി മാറ്റി എന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിച്ചു. 'തൃശ്ശൂരിലെ ഡിവൈഎഫ്ഐ നേതാവ് പറയുന്നു ജില്ലാ നേതൃത്വം കവര്ച്ചക്കാര് ആണെന്ന്, അപ്പോള് സംസ്ഥാന നേതൃത്വം കൊള്ളക്കാരാണ്. കളങ്കിതമായ എല്ലാ ഇടപാടുകളിലും സിപിഐഎം നേതാക്കള് പ്രതികളാകുന്നു.' വി ഡി സതീശന് കൂട്ടിച്ചേര്ത്തു.
അതേസമയം എന് എം വിജയന്റെ കുടുംബത്തിന് നല്കേണ്ട സാമ്പത്തിക സഹായത്തെക്കുറിച്ചും പ്രതിപക്ഷ നേതാവ് വി ഡി സതീശന് പ്രതികരിച്ചു. വയനാട് ജില്ലാ കമ്മിറ്റിയും കെപിസിസിയും കുടുംബത്തിന് സഹായം നല്കിയിട്ടുണ്ടെന്നും കൂടുതല് വിശേഷങ്ങള് തനിക്കറിയില്ല എന്നുമായിരുന്നു സതീശന്റെ മറുപടി.
Content Highlight; Students Presented in Court Wearing Masks; V D Satheesan Responds