പ്രമാദമായ കേസുകളില്‍ പോലും നടപടിയില്ല; നോക്കുകുത്തിയായി പൊലീസ് കംപ്ലെയ്ന്റ്‌സ്‌ അതോറിറ്റി

കസ്റ്റഡി മരണക്കേസിലെ ഇരകളുടെ കുടുംബങ്ങൾക്കുപോലും നീതി ലഭിക്കുന്നില്ലെന്ന് ആക്ഷേപം

കൊച്ചി: സംസ്ഥാനത്ത് പൊലീസ് കംപ്ലെയ്ന്റ്‌സ് അതോറിറ്റി നോക്കുകുത്തിയാകുന്നു. പ്രമാദമായ പല കേസുകളിൽ പോലും നിശബ്ദത പാലിക്കുകയാണ് പൊലീസ് കംപ്ലെയ്ന്റ്‌സ് അതോറിറ്റിയെന്നാണ് ആക്ഷേപം.പോലീസ് മർദ്ദനത്തിനെതിരെ തെളിവു സഹിതംപരാതി നൽകിയിട്ടും കസ്റ്റഡി മരണക്കേസിലെ ഇരകളുടെ കുടുംബങ്ങൾക്കുപോലും നീതി ലഭിക്കുന്നില്ലെന്നാണ് പരാതി. അതേസമയം കോടികള്‍ ചെലവിട്ടാണ് സര്‍ക്കാര്‍ അതോറിറ്റിയുടെ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകുന്നത്.

പരാതി നൽകിയിട്ടും പൊലീസ് കംപ്ലെയിന്റ്‌സ് അതോറിറ്റിയിൽനിന്ന് നീതി ലഭിച്ചില്ലെന്ന് വരാപ്പുഴ കസ്റ്റഡി കൊലപാതകത്തിൽ മരിച്ച ശ്രീജിത്തിന്റെ അമ്മ ശ്യാമള റിപ്പോർട്ടറിനോട് പറഞ്ഞു. ഒരു മറുപടിയും അവരിൽനിന്നുണ്ടായില്ല, അന്വേഷിക്കാൻ പോലും വീട്ടിൽ വന്നില്ലെന്നും ശ്യാമള പറഞ്ഞു. എട്ടു വർഷമായി മകന്റെ വേർപാടിൽ വേദനിച്ച് ജീവിക്കുന്നു ഇന്നേവരെ ആരും അന്വേഷിച്ച് വന്നില്ല, ഒരു നടപടിയും ഉണ്ടായില്ലെന്നും ശ്രീജിത്തിന്റെ അമ്മ ആരോപിച്ചു.

പൊലീസ് കംപ്ലെയ്ന്റ്‌സ് അതോറിറ്റിയിൽ നിന്ന് നീതി കിട്ടിയില്ലെന്ന് താനൂരിൽ കസ്റ്റഡി മരണത്തിനിരയായ താമിർ ജിഫ്രിയുടെ കുടുംബവും ആരോപിച്ചു. താമിറിന്റെ കസ്റ്റഡി മരണത്തിന് ശേഷം ആദ്യം പരാതി നൽകിയത് പൊലീസ് കംപ്ലെയ്ന്റ്‌സ് അതോറിറ്റിക്കാണ്. എന്നാൽ ഏറെക്കാലം കഴിഞ്ഞ് സിബിഐ കേസ് ഏറ്റെടുത്തതിന് ശേഷമാണ് അവർ സിറ്റിംഗിന് പോലും വിളിച്ചതെന്ന് താമിർ ജിഫ്രിയുടെ സഹോദരൻ ഹാരിസ് ജിഫ്രി പറഞ്ഞു. അതുകൊണ്ട് പ്രത്യേകിച്ച് ഒരു ഗുണവുമുണ്ടായില്ലെന്നും ഹാരിസ് വ്യക്തമാക്കി.

ക്രൂരമായ പൊലീസ് മർദ്ദനത്തിന്റെ തെളിവു നൽകിയിട്ടും പൊലീസ് കംപ്ലെയ്ന്റ്‌സ് അതോറിറ്റി നടപടി എടുത്തില്ലെന്ന് അങ്കമാലി സ്വദേശിയായ ജിജോ ആരോപിച്ചു.

പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന പീഡനങ്ങളും മർദ്ദനവും അടക്കമുള്ള അച്ചടക്ക നടപടികൾക്കെതിരെ സാധാരണക്കാരായ ജനങ്ങൾക്ക് പരാതി നൽകാനുള്ള ആശ്രയമാണ് പൊലീസ് കംപ്ലെയ്ന്റ്‌സ് അതോറിറ്റി. ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് സംസ്ഥാന പൊലീസ് കംപ്ലെയിന്‌റ് അതോറിറ്റിക്ക് ശുപാർശ ചെയ്യാം.

Content Highlights: The Police Complaints Authority is accused of remaining silent even in many cases

To advertise here,contact us