തൃശ്ശൂര്: ബിജെപി പ്രാദേശിക നേതാവ് പൊലീസ് സ്റ്റേഷനില് ക്രൂരമര്ദനത്തിന് ഇരയായതിന്റെ ദൃശ്യങ്ങള് പുറത്തുവിട്ട് കോണ്ഗ്രസ് നേതാവ് സന്ദീപ് വാര്യര്. മര്ദനമേറ്റ നേതാവിന് 10 ലക്ഷം രൂപ നല്കി പൊലീസുകാര് പരാതി ഒതുക്കിയതായി നഗരസഭാ കൗണ്സില് യോഗത്തില് കഴിഞ്ഞ ദിവസം ബിജെപി കൗണ്സിലര് തന്നെ വെളിപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട സംഭവത്തിന്റെ ദൃശ്യങ്ങളാണ് സന്ദീപ് വാര്യര് പുറത്തുവിട്ടത്. കുന്നംകുളത്തെ ബിജെപി നേതാവായ മുരളിയെ പൊലീസ് ഇളനിര് വെട്ടി മര്ദിക്കുകയാണ് ചെയ്തതെന്നും പിന്നീട് പത്ത് ലക്ഷം രൂപ വാങ്ങി കേസ് ബിജെപി അട്ടിമറിച്ചുവെന്നും സന്ദീപ് വാര്യര് ആരോപിച്ചു.
'ബിജെപി നേതാക്കള് പണം വാങ്ങി കേസ് അട്ടിമറിച്ചുവെന്ന് ആരോപിച്ച് ബിജെപിയുടെ കൗണ്സിലര് തന്നെയാണ്. ബിജെപി നേതൃത്വം മറുപടി പറയണം. കുന്നംകുളം സിഐ ഷാജഹാന് ഉള്പ്പെടെയുള്ള പ്രതികളാണ് കേസില് ഉണ്ടായിരുന്നത്. ഷാജഹാന് ഉള്പ്പെടെ അഞ്ച് പൊലീസുകാര്ക്കെതിരെയുള്ള എഫ്ഐആര് ഒരു ദിവസംകൊണ്ട് അപ്രത്യക്ഷമായി', സന്ദീപ് വാര്യര് ആരോപിച്ചു.
ബിജെപി കുന്നംകുളം മുനിസിപ്പല് പ്രസിഡന്റ് ആയിരുന്നു മുരളി. കള്ളപ്പണ ഇടപാടാണ് നടന്നത്. ബിജെപി കൗണ്സിലറുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റര് ചെയ്യണം. ബിജെപി സംസ്ഥാന നേതൃത്വം മറുപടി പറയണം. പൊലീസുകാര്ക്ക് എതിരായ എഫ്ഐആര് ഹൈക്കോടതിയില് പോയി ഒത്തുതീര്പ്പാക്കി ക്വാഷ് ചെയ്യുകയാണ് ചെയ്തതെന്നും സന്ദീപ് വാര്യര് പറഞ്ഞു.
കുന്നംകുളം പൊലീസ് സ്റ്റേഷനില് യൂത്ത് കോണ്ഗ്രസ് നേതാവ് വി എസ് സുജിത്തിനേറ്റ മര്ദനം വലിയ ചര്ച്ചയായതോടെയാണ് നഗരസഭാ കൗണ്സില് യോഗത്തില് ബിജെപി നേതാവിനെതിരായ മര്ദനത്തെക്കുറിച്ചുള്ള വിവരം മറ്റൊരു ബിജെപി കൗണ്സിലര് ഉന്നയിച്ചത്. ബിജെപി മുന് മുനിസിപ്പല് പ്രസിഡന്റിനെ 2017 നവംബറില് പൊലീസ് മര്ദിച്ച വിഷയമായിരുന്നു കൗണ്സിലര് ബിനു ഉന്നയിച്ചത്. വീട്ടില് നിന്നും കസ്റ്റഡിയിലെടുത്തശേഷം സ്റ്റേഷനിലെ സിസിടിവി ഇല്ലാത്ത സ്ഥലത്തുവെച്ച് മര്ദിച്ചു, പൊലീസുകാരെ അക്രമിച്ചെന്ന കുറ്റം ചുമത്തി പിന്നീട് റിമാന്ഡ് ചെയ്തു. ബിജെപി നേതാക്കളുടെ സഹായത്തോടെ നിയമനടപടി തുടങ്ങി. ഇതോടെയാണ് കേസ് ഒതുക്കാന് പൊലീസ് ശ്രമം ആരംഭിച്ചതെന്നും ബിനു പറയുന്നു.
നഷ്ടപരിഹാരമായി അഞ്ച് ലക്ഷം രൂപ നല്കാമെന്ന് പറഞ്ഞെങ്കിലും പരാതിക്കാരന് തയ്യാറാകാതെ വന്നതോടെ തുക ഇരട്ടിയാക്കി. ഇത്രയും പണം പൊലീസിന് എവിടെ നിന്നും ലഭിച്ചുവെന്നതില് ആശങ്കയുണ്ടെന്നുമായിരുന്നു ബിനു പറഞ്ഞത്.
Content Highlights: sandeep varier Share the Picture of kerala Police Brutal Attack against BJP Leader