സിപിഐഎം വിശ്വാസികള്‍ക്ക് ഒപ്പം, വര്‍ഗീയവാദികള്‍ക്കൊപ്പമില്ല: എം വി ഗോവിന്ദന്‍

'രാഷ്ട്രീയമായ ഉദ്ദേശത്തോട് കൂടി മതത്തെയും വിശ്വാസത്തെയും ഉപയോഗപ്പെടുത്തുന്നവരുടെ പേരാണ് വര്‍ഗീയവാദികള്‍'

തൃശൂര്‍: മതത്തെയും വിശ്വാസത്തെയും ഉപയോഗിച്ച് രാഷ്ട്രീയ അധികാരത്തിലേക്കുള്ള പ്രവേശന പ്രക്രിയയുടെ പേരാണ് വര്‍ഗീയതയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സിപിഐഎം വിശ്വാസികള്‍ക്കൊപ്പമാണെന്നും വര്‍ഗീയവാദികള്‍ക്കൊപ്പമല്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ആഗോള അയ്യപ്പ സംഗമം തീരുമാനിച്ചത് ദേവസ്വം ബോര്‍ഡാണെന്നും അതിന് രാജ്യത്ത് നല്ല അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും എം വി ഗോവിന്ദന്‍ തൃശൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.

'അയ്യപ്പ സംഗമം ഭൂരിപക്ഷ പ്രീണനമാണെന്നാണ് വര്‍ഗീയവാദികള്‍ പറയുന്നത്. രാഷ്ട്രീയമായ ഉദ്ദേശത്തോട് കൂടി മതത്തെയും വിശ്വാസത്തെയും ഉപയോഗപ്പെടുത്തുന്നവരുടെ പേരാണ് വര്‍ഗീയവാദികള്‍. മതത്തെയും വിശ്വാസത്തെയും ഉപയോഗിച്ച് രാഷ്ട്രീയ അധികാരത്തിലേക്കുള്ള പ്രവേശന പ്രക്രിയയുടെ പേരാണ് വര്‍ഗീയത. ആ വര്‍ഗീയവാദികളാണ് ആഗോള അയ്യപ്പ സംഗമത്തിനെതിരെ നിലപാട് സ്വീകരിക്കുന്നത്. അതിന് പിന്നില്‍ വിശ്വാസികളല്ലെന്നും' എം വി ഗോവിന്ദന്‍ പറഞ്ഞു. വര്‍ഗീയവാദികള്‍ക്ക് വിശ്വാസമില്ല. വിശ്വാസം ഉപകരണമായി ഉപയോഗിക്കുന്നവരാണ് വര്‍ഗീയവാദികള്‍. വര്‍ഗീയവാദികളുടെ പ്രചാരവേലയ്‌ക്കൊപ്പം നില്‍ക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ കിട്ടില്ലെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി. ശബരിമല യുവതി പ്രവേശനം കഴിഞ്ഞുപോയ അദ്ധ്യായമാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ഇപ്പോള്‍ അതിനെക്കുറിച്ച് അഭിപ്രായം പറയാനില്ല. യുവതി പ്രവേശനം അദ്ധ്യായമേ വിട്ടതാണെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പ്രതികരണവുമായി മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ രംഗത്തെത്തി. താന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്നപ്പോള്‍ യുവതി പ്രവേശനത്തിന് അനുകൂലമായി സത്യവാങ്മൂലം നല്‍കിയിട്ടില്ലെന്ന് പത്മകുമാര്‍ പറഞ്ഞു. പ്രയാര്‍ ഗോപാലകൃഷ്ണന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്നപ്പോഴാണ് സത്യവാങ്മൂലം നല്‍കിയതെന്നും തന്റെ കാലത്ത് സാവകാശ ഹര്‍ജിയാണ് നല്‍കിയതെന്നും പത്മകുമാര്‍ പറഞ്ഞു. എല്‍ഡിഎഫിലെ ആരും സുപ്രീംകോടതിയില്‍ യുവതി പ്രവേശനത്തിനായി കേസുമായി പോയിട്ടില്ലെന്നും യുവതി പ്രവേശന വിധി അടിച്ചേല്‍പ്പിക്കുന്നതിനോട് യോജിപ്പ് ഉണ്ടായിരുന്നില്ലെന്നും പത്മകുമാര്‍ പറഞ്ഞു. റിപ്പോര്‍ട്ടറിനോടായിരുന്നു പത്മകുമാറിന്റെ പ്രതികരണം.

സെപ്റ്റംബര്‍ 20നാണ് ആഗോള അയ്യപ്പസംഗമം തീരുമാനിച്ചിരിക്കുന്നത്. ദേവസ്വം ബോര്‍ഡ് നടത്തുന്ന ആഗോള അയ്യപ്പ സംഗമത്തിനെതിരെ ഇതിനോടകം വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ശബരിമലയില്‍ നടന്ന യുവതി പ്രവേശനമാണ് പ്രധാന വിമര്‍ശന വിഷയം. യുവതി പ്രവേശനത്തെ പിന്തുണച്ച സര്‍ക്കാരിന് അയ്യപ്പ സംഗമം നടത്താന്‍ അര്‍ഹതയില്ലെന്നാണ് പൊതുവെ ഉയര്‍ന്നിരിക്കുന്ന വിമര്‍ശനം. ഇതിന് പുറമേ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, നടനും ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍ എന്നിവരെ ക്ഷണിച്ചതിനെതിരെയും വിമര്‍ശനം ഉയര്‍ന്നിരുന്നു. സനാതനധര്‍മ്മത്തിനെതിരെ നിലകൊണ്ട ഉദയനിധി സ്റ്റാലിന്‍ പരിപാടിയില്‍ പങ്കെടുത്താല്‍ തടയുമെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത്. എന്നാല്‍ ആഗോള അയ്യപ്പ സംഗമത്തില്‍ തമിഴ്‌നാടിന്റെ പങ്കാളിത്തം അനിവാര്യമെന്നായിരുന്നു ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞത്.

മുഖ്യമന്ത്രി മുഖ്യരക്ഷാധികാരിയുള്ള സംഘാടകസമിതിയാണ് ആഗോള അയ്യപ്പ സംഗമത്തിന് ഉള്ളത്. പൂർണ്ണമായും സ്പോൺസർഷിപ്പിലൂടെ ആണ് പണം കണ്ടെത്തുന്നതെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ്പി എസ് പ്രശാന്ത് പറഞ്ഞിരുന്നു. ഏകദേശം മൂന്ന്, നാല് കോടി രൂപയാണ് കണക്കാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ശബരിമലയുടെ വികസനത്തിൽ താല്പര്യമുള്ള, ശബരിമലയിൽ നിരന്തരം എത്തുന്നവർ എന്നതാണ് സം​ഗമത്തിൽ പങ്കെടുക്കാൻ ദേവസ്വം ബോർഡ് മാനദണ്ഡമായി നിശ്ചയിച്ചിരിക്കുന്നത്. ആകെ 3,000 പേരെയാണ് സം​ഗമത്തിൽ പ്രതീക്ഷിക്കുന്നതെന്നും പി പ്രശാന്ത് വ്യക്തമാക്കി. ആന്ധ്ര, തെലങ്കാനയിൽ നിന്ന് 750 പേരും കേരളത്തിൽനിന്ന് 800 പേരും പങ്കെടുക്കും. തമിഴ്നാട്ടിൽ നിന്ന് 500 പേരും വിദേശത്തുനിന്ന് 500 പേർ പങ്കെടുക്കും. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 200 പേർ പങ്കെടുക്കുമെന്നും പി എസ് പ്രശാന്ത് പറഞ്ഞിരുന്നു.

Content Highlights- CPIM State secretary m v govindan on agola ayyappa sangamam

To advertise here,contact us