ശിവഗിരി: പുണ്യാഹം നടത്തുന്നതിന് പകരം ദേവസ്വംവക ക്ഷേത്രങ്ങളില് അഹിന്ദുക്കളെ പ്രവേശിപ്പിക്കാനുള്ള നടപടികള് ഗൗരവമായി ചിന്തിക്കുകയാണ് ദേവസ്വം ബോര്ഡും സര്ക്കാരും ചെയ്യേണ്ടതെന്ന് ശിവഗിരി മഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി അഭിപ്രായപ്പെട്ടു. അഹിന്ദുവായ സഹോദരി ഗുരുവായൂര് ക്ഷേത്രക്കുളത്തിലിറങ്ങി കാല് കഴുകിയതിനെ വലിയ അപരാധമായി ചിത്രീകരിക്കുന്നത് നല്ലതല്ലെന്നും ഒരാഴ്ച്ചക്കാലത്തെ പുണ്യാഹം നടത്തുന്നത് പരിഷ്കൃത സമൂഹത്തിന് ചേരുന്നതല്ലെന്നും സച്ചിദാനന്ദ സ്വാമി വ്യക്തമാക്കി.
ഒരു കാലത്ത് ഈഴവ, പിന്നാക്ക ജാതിക്കാര് ക്ഷേത്രത്തില് പ്രവേശിച്ചാല് ക്ഷേത്രചൈതന്യം കുറയുമെന്ന അന്ധവിശ്വാസമുണ്ടായിരുന്നു എന്നും ക്ഷേത്രപ്രവേശന വിളംബരത്തിലൂടെ ആ ദുരാചാരം ഇല്ലാതായപ്പോള് ഹിന്ദുമതത്തിനും ഹൈന്ദവ ആചാരങ്ങള്ക്കും വളര്ച്ചയാണ് ഉണ്ടായതെന്നും സച്ചിദാനന്ദ സ്വാമി പറഞ്ഞു. അഹിന്ദുക്കള്ക്ക് ക്ഷേത്രത്തില് പ്രവേശനം നല്കുന്നതിനെക്കുറിച്ച് ബന്ധപ്പെട്ടവര് ആലോചിക്കണമെന്നാണ് ശിവഗിരി മഠത്തിന്റെ അഭ്യര്ത്ഥനയെന്നും അദ്ദേഹം വ്യക്തമാക്കി.
സോഷ്യല് മീഡിയ കണ്ടന്റ് ക്രിയേറ്ററും ഫാഷന് ഇന്ഫ്ളുവന്സറുമായ ജാസ്മിന് ജാഫര് ക്ഷേത്രക്കുളത്തില് റീല്സ് ചിത്രീകരിക്കുന്നതിന്റെ ഭാഗമായി കാല് കഴുകിയതിനെ തുടര്ന്നാണ് ഗുരുവായൂര് ക്ഷേത്രത്തില് പുണ്യാഹവും ശുദ്ധികര്മവും നടത്തിയത്. ആചാരലംഘനം ശ്രദ്ധയില്പ്പെട്ടതിനെ തുടര്ന്ന് ആറു ദിവസം കണക്കാക്കിയുള്ള ശുദ്ധികര്മങ്ങളാണ് നടന്നത്. ഇതിന്റെ ഭാഗമായി 19 ശീവേലികളും 19 പൂജകളും നിവേദ്യങ്ങളും ആവര്ത്തിച്ചിരുന്നു.
ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ റീൽസ് ചിത്രീകരിച്ചതിന് ജാസ്മിനെതിരെ ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺ കുമാറാണ് പൊലീസിൽ പരാതി നൽകിയിരുന്നു. വിലക്ക് മറികടന്ന് ഗുരുവായൂർ തീർത്ഥക്കുളത്തിൽ കാൽ കഴുകി റീൽസ് ചിത്രീകരിച്ചെന്നാണ് പരാതിയിൽ പറയുന്നത്. മുൻകൂർ അനുമതിയില്ലാതെ വീഡിയോ ചിത്രീകരിക്കുന്നതിന് ഹൈക്കോടതി നിരോധനമേർപ്പെടുത്തിയ നടപ്പുരയിലും റീൽസ് ചിത്രീകരിച്ചെന്ന് പരാതിയിൽ പറയുന്നുണ്ട്.
Content Highlight; Sivagiri Mutt reacts to non-Hindus entering temple