തിരുവനന്തപുരം: അതിക്രമങ്ങള് നേരിടുന്ന സ്ത്രീകള്ക്ക് ഹെല്പ്പ്ലൈന് നമ്പറുമായി കേരളാ സ്റ്റേറ്റ് വനിതാ വികസന കോര്പ്പറേഷന്. അതിക്രമങ്ങള് നേരിടുന്നവര് ഒരിക്കലും ഒറ്റയ്ക്കാകില്ലെന്നും ഏത് പ്രതിസന്ധിയിലും ഏത് സമയത്തും ടോള്ഫ്രീ നമ്പറായ 181 ലേക്ക് വിളിക്കാമെന്നുമാണ് വനിതാ വികസന കോര്പ്പറേഷന് അറിയിച്ചിരിക്കുന്നത്. സ്വകാര്യതയെ മാനിച്ചുകൊണ്ടുതന്നെ നീതിപൂര്വമായ ഇടപെടല് ഉണ്ടാകുമെന്ന് ഉറപ്പാണെന്നും അതിക്രമം കാണിക്കുകയും 'Who Cares' എന്ന നിലപാട് പുലർത്തുകയും ചെയ്യുന്നവരെ നിയമത്തിൻ്റെ മുന്നിലെത്തിക്കാമെന്നും വനിതാവികസന കോര്പ്പറേഷന് പറയുന്നു.
'അതിക്രമങ്ങൾ നേരിടുന്ന പെൺകുട്ടികളെ, നിങ്ങൾ ഒറ്റയ്ക്കല്ല. ഏത് പ്രതിസന്ധിയിലും, ഏത് സമയത്തും ഞങ്ങളുണ്ട് കൂടെ. നിങ്ങൾ നേരിടുന്ന ഏത് തരത്തിലുള്ള പ്രശ്നവും ഞങ്ങളോട് പറയാം. 181 ടോൾഫ്രീ ഹെൽപ്ലൈൻ 24 മണിക്കൂറും നിങ്ങൾക്കായി പ്രവർത്തിക്കുന്നുണ്ട്. നിങ്ങളുടെ സ്വകാര്യതയെ മാനിച്ചുകൊണ്ട് നീതിപൂർവ്വമായ ഇടപെടലുകളായിരിക്കും ഞങ്ങളുടെ ഭാഗത്തുനിന്നും ലഭിക്കുക. അതിക്രമം കാണിക്കുകയും 'Who Cares' എന്ന നിലപാട് പുലർത്തുകയും ചെയ്യുന്നവരെ നിയമത്തിൻ്റെ മുന്നിലെത്തിക്കാം. സ്വാഭിമാനത്തോടെ മുന്നോട്ട് പോകാം എന്നാണ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വനിതാ വികസന കോർപ്പറേഷൻ വ്യക്തമാക്കിയിരിക്കുന്നത്.
മറ്റൊരു പോസ്റ്റില് അടുപ്പമുണ്ടാക്കിയ ശേഷം ഭീഷണിപ്പെടുത്തുന്നവരെ ഒഴിവാക്കി തലയുയര്ത്തി മുന്നോട്ടുപോകാമെന്നും ബന്ധങ്ങളില് പക്വതയും വിശ്വാസ്യതയും സ്വാതന്ത്ര്യവും ഉറപ്പാക്കാമെന്നുമാണ് കെഎസ്ഡബ്ല്യുഡിസി പറയുന്നത്. 'സൗഹൃദങ്ങളും വ്യക്തിബന്ധങ്ങളും ആരോഗ്യപരമായിരിക്കണം, ബന്ധങ്ങള് ടോക്സിക് ആവുകയും നിയന്ത്രണങ്ങള് അതിരുവിടുകയും ചെയ്യുമ്പോള് അത്തരക്കാരെ ഒഴിവാക്കി അതിജീവിക്കാന് ഓരോ വ്യക്തിക്കും സാധിക്കണം. പ്രശസ്തിയും സ്വാധീനവും മറ്റ് ഘടകങ്ങളും ഉപയോഗിച്ച് അടുപ്പമുണ്ടാക്കുകയും പിന്നീട് ഇതുപയോഗിച്ച് ഭീഷണിപ്പെടുത്തുന്നവരെയും ഉപേക്ഷിച്ച് തലയുയര്ത്തി സ്വാഭിമാനത്തോടെ മുന്നോട്ടുപോകാം. ഏതൊരു ബന്ധവും ദൃഢപ്പെടുത്തുന്നത് സ്നേഹവും വിശ്വാസ്യതയും സ്വാതന്ത്ര്യവുമാണ്. പക്വതയോടെ ബന്ധങ്ങളെ നോക്കിക്കാണാനും ബഹുമാനമില്ലാത്തിടത്തുനിന്ന് ഇറങ്ങിപ്പോരാനും ഓരോരുത്തര്ക്കും സാധിക്കണം' വനിതാ വികസന കോര്പ്പറേഷന് ഫേസ്ബുക്ക് പോസ്റ്റില് പറയുന്നു.
Content Highlights: Who Cares': We Care, KSWDC launches helpline number for those facing violence