തൃശ്ശൂര്: സ്കൂളില് ഓണം ആഘോഷിക്കേണ്ടതില്ലെന്ന് രക്ഷിതാക്കള്ക്ക് ശബ്ദ സന്ദേശം അയച്ച സംഭവത്തിൽ അധ്യാപികമാർക്ക് സസ്പെൻഷൻ. തൃശ്ശൂര് കടവല്ലൂര് സിറാജുല് ഉലൂം സ്കൂളിലെ രണ്ട് അധ്യാപികമാരെയാണ് സസ്പെൻഡ് ചെയ്തത്. സ്കൂളിൽ ഓണാഘോഷം നാളെ നടത്തുമെന്ന് സ്കൂൾ മാനേജ്മെന്റ് അറിയിച്ചു. സംഭവത്തിൽ കുന്നംകുളം പൊലീസ് കേസെടുത്തിരുന്നു. ഡിവൈഎഫ്ഐയുടെ പരാതിയിലായിരുന്നു നടപടി.
ഓണം ഇതരമതസ്ഥരുടെ ആഘോഷമാണെന്നും മുസ്ലിങ്ങള് ഇതില് പങ്കാളികളാകരുതെന്നും ആവശ്യപ്പെട്ടാണ് അധ്യാപിക രക്ഷിതാക്കള്ക്ക് ശബ്ദസന്ദേശം അയച്ചത്. കഴിഞ്ഞ വര്ഷത്തെപ്പോലെ ഇത്തവണ ഓണം ആഘോഷിക്കേണ്ടതില്ല. ഓണം ഇതരമതസ്ഥരുടെ ആഘോഷമായതിനാല് ഇസ്ലാം മതവിശ്വാസികള് അതിനോട് സഹകരിക്കരുത്. നമ്മള് മുസ്ലിങ്ങള് ഇസ്ലാം മതത്തെ മുറുകെപ്പിടിച്ച് ജീവിക്കേണ്ടവരാണ് തുടങ്ങിയ കാര്യങ്ങളും ശബ്ദ സന്ദേശത്തില് പറയുന്നുണ്ട്.
ചെറിയ പ്രായത്തിലുള്ള വിദ്യാര്ത്ഥികളെ മതപരമായി വേര്തിരിക്കുന്ന പരാമര്ശങ്ങളാണ് അധ്യാപിക രക്ഷിതാക്കള്ക്ക് അയച്ച ശബ്ദ സന്ദേശത്തിലെന്നാരോപിച്ചാണ് ഡിവൈഎഫ്ഐ കുന്നംകുളം പൊലീസില് പരാതി നല്കിയത്.
വിവിധ മതവിഭാഗത്തില് ഉള്പ്പെട്ട വിദ്യാര്ത്ഥികള് പഠിക്കുന്ന സ്കൂളാണിത്. ആഘോഷത്തില് കൂടിയാല് ഉണ്ടാകുന്ന ഗൗരവം കുട്ടികള്ക്ക് അറിയില്ല. അതുകൊണ്ടുതന്നെ കുട്ടികളെ രക്ഷിതാക്കള് കാര്യങ്ങള് പറഞ്ഞു മനസ്സിലാക്കിയിട്ടുണ്ട്. മറ്റൊരധ്യാപികയുടെ ഇത്തരം ഒരു ശബ്ദ സന്ദേശം രക്ഷിതാക്കള്ക്ക് അയച്ചിട്ടുണ്ട്.
അതില് കഴിഞ്ഞവര്ഷം ഓണം വിപുലമായി ആഘോഷിച്ചു എന്നും എന്നാല് ഈ വര്ഷം ഏറ്റവും ചുരുങ്ങിയ രീതിയില് ഓണം ആഘോഷിച്ചാല് മതിയെന്നാണ് മാനേജ്മെന്റ് തീരുമാനമെന്നാണ് പറയുന്നത്. കുട്ടികള് ഓണാഘോഷത്തിന്റെ ഭാഗമാകുന്നത് തടയാന് കെ ജി വിഭാഗം കുട്ടികള്ക്ക് ആ ദിവസം അവധി കൊടുത്തിട്ടുണ്ട്. ഓണാഘോഷത്തില് ആരാധന വരുന്നുണ്ട്. അത് ഹിന്ദുമതത്തിന്റെ അടിസ്ഥാനത്തിലാണെന്ന് സന്ദേശത്തില് പറയുന്നുവെന്നും ഡിവൈഎഫ്ഐ ആരോപിച്ചു.
എന്നാല് ടീച്ചര്മാര് വ്യക്തിപരമായ അഭിപ്രായമാണ് പറഞ്ഞത് എന്നും സ്കൂളിന്റെ നിലപാടല്ല എന്നും പ്രിന്സിപ്പാള് വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
Content Highlights: Teachers suspended for sending voice messages to parents asking them not to celebrate Onam at school