പാലക്കാട്: രാഹുല് മാങ്കൂട്ടത്തിലിന്റെ ബ്ലാക്മെയിലിംഗ് കാരണമാണ് രാജി വെക്കണമെന്ന നിലപാടില് നിന്ന് കെപിസിസി നേതാക്കള് പിന്വാങ്ങിയതെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡൻറ് സി കൃഷ്ണകുമാര്. മുതിര്ന്ന നേതാക്കളുടെ പല കഥകളും രാഹുലിന്റെ കയ്യിലുണ്ടെന്നും രാഹുല് രാജി വെച്ചേ തീരൂ, രാജിവെക്കും വരെ പ്രക്ഷോഭമുണ്ടാകുമെന്നും സി കൃഷ്ണകുമാര് പറഞ്ഞു.
'രാഹുലിനെ എംഎല്എ എന്ന നിലയില് ഒരൊറ്റ പരിപാടിയിലും പങ്കെടുക്കാന് അനുവദിക്കില്ല. കോണ്ഗ്രസിന് ഉപതെരഞ്ഞെടുപ്പ് പേടിയാണ്. വീണ്ടും മത്സരിച്ചാല് കോണ്ഗ്രസ് തോല്ക്കുമെന്നാണ് ഭയം. ജനങ്ങളെ നേരിടാന് ഷാഫി പറമ്പിലിന് കഴിയില്ല. കോണ്ഗ്രസ് പാലക്കാടിന് തന്നത് ഒരു ചവറിനെയാണ്.'- സി കൃഷ്ണകുമാര് പറഞ്ഞു. സിപിഐഎം രാഹുല് മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുകയാണെന്നും പറഞ്ഞ കൃഷ്ണകുമാര്, എന്തുകൊണ്ട് രാഹുലിനെതിരെ അന്വേഷണം നടത്താന് ആഭ്യന്തര വകുപ്പ് തയ്യാറാകുന്നില്ലെന്നും ചോദിച്ചു.
ഇന്ന് രാവിലെയാണ് ലൈംഗികാരോപണങ്ങള് നേരിടുന്ന യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തത്. എന്നാൽ രാഹുൽ എംഎൽഎയായി തുടരും. എത്ര കാലത്തേക്കാണ് സസ്പെന്ഷന് എന്നത് വ്യക്തമല്ല. രാഹുല് മാങ്കൂട്ടത്തിലിന് എംഎല്എയായി തുടരാനാവുന്ന തരത്തിൽ തീരുമാനമെടുക്കാനാണ് കെപിസിസിയുടെ നീക്കം. മുഖം രക്ഷിക്കാന് പേരിന് സസ്പെന്ഷന് നീക്കത്തിനാണ് കെപിസിസി തീരുമാനമെടുത്തിരിക്കുന്നത്. രാഹുല് രാജിവെച്ചാല് പാലക്കാട് വീണ്ടും ഉപതെരഞ്ഞെടുപ്പ് വരും എന്ന കാര്യത്തെ മറയാക്കി രക്ഷപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോള് നടക്കുന്നത്. അതേ സമയം ഇപ്പോഴത്തെ കെപിസിസി നിലപാടില് അമര്ഷം പുകയുകയാണ്.
രാഹുലിനെതിരെ നടപടി വേണമെന്ന ആവശ്യത്തില് ഉറച്ച് നില്ക്കുകയാണ് മുതിര്ന്ന നേതാക്കള്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്, രമേശ് ചെന്നിത്തല, കെ മുരളീധരന് അടക്കമുള്ള മുതിര്ന്ന നേതാക്കളെല്ലാം രാഹുല് രാജിവെക്കണമെന്ന നിലപാടിലാണ്. രാഹുൽ മാങ്കൂട്ടത്തില് എംഎല്എ പദത്തില് തുടര്ന്നാല് തിരിച്ചടി ഉറപ്പാണ് എന്നാണ് നേതാക്കള് മുന്നറിയിപ്പ് നല്കുന്നത്. രാഹുലിനെതിരെ വനിതാ നേതാക്കളും രംഗത്തെത്തിയിരുന്നു. കെസ്യു, യൂത്ത് കോണ്ഗ്രസ് സംഘടനകളിലെ വനിതാ നേതാക്കളും ഷാനി മോള് ഉസ്മാന്, ഉമാ തോമസ് എംഎല്എ അടക്കമുള്ള മുതിര്ന്ന വനിതാ നേതാക്കളും രാഹുല് രാജിവെക്കണമെന്ന നിലപാട് തുറന്നു പറഞ്ഞിരുന്നു. യുഡിഎഫ് പക്ഷത്തോടൊപ്പം നില്ക്കുന്ന കെ കെ രമ എംഎല്എയും രാഹുല് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
Content Highlights: Rahul has many stories of senior leaders, BJP will continue to protest until he resigns: C Krishnakumar