'രാഹുലിൻ്റെ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് അന്വേഷണം വേണം, സിസിടിവി പരിശോധിക്കണം'; രാഹുലിനെതിരെ ബിജെപി

കേരളത്തെ ഞെട്ടിക്കുന്ന ശബ്ദ സന്ദേശമാണ് രാഹുലിന്റേതായി പുറത്തുവന്നതെന്ന് പ്രശാന്ത് ശിവൻ

പാലക്കാട്: യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ. തൃക്കണ്ണാപുരത്ത് രാഹുലിന്റെ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് അന്വേഷണം വേണമെന്നും ജനുവരി, മെയ് മാസങ്ങളിലെ ഫ്‌ളാറ്റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും പ്രശാന്ത് ശിവൻ ആവശ്യപ്പെട്ടു. ജനുവരി 27, 28 തിയതികളിൽ പാലക്കാട്ടെ രാഹുലിൻ്റെ ഫ്ലാറ്റുകളിൽ ആരേല്ലാം വന്നിട്ടുണ്ടെന്ന് പരിശോധിക്കണം.മെയ് 25ന് ഫ്ലാറ്റില്‍ ആര് വന്നുവെന്നും പരിശോധിക്കണമെന്നും പ്രശാന്ത് ശിവന്‍ മാധ്യമങ്ങളോട് പറഞ്ഞു.

രാഹുലിനെതിരെ ഉയർന്നത് കേരളത്തിലെ പൊതു സമൂഹത്തെ ലജ്ജിപ്പിക്കുന്ന സംഭവമാണ്. ഏതൊരു സ്ഥലത്തും ഉണ്ടാകാൻ പാടില്ലാത്ത കാര്യങ്ങളാണിത്. കേരളത്തെ ഞെട്ടിക്കുന്ന ശബ്ദ സന്ദേശമാണ് രാഹുലിന്റേതായി പുറത്തുവന്നതെന്നും പ്രശാന്ത് ശിവൻ പറഞ്ഞു. ശബ്ദസന്ദേശം തന്റേത് അല്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ഇതുവരേയും പറഞ്ഞിട്ടില്ല. ഇത് പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടി എടുക്കുമെന്ന് പറഞ്ഞ് കോൺഗ്രസിന്റെ ഒരു നേതാവ് പോലും രംഗത്ത് വന്നിട്ടില്ല. മൗനം സമ്മതം എന്ന തരത്തിലാണ് കോൺഗ്രസ് നേതാക്കളുടെ പ്രതികരണം. ശബ്ദ സന്ദേശം രാഹുലിന്റേത് അല്ലായിരുന്നുവെങ്കിൽ എന്തുകൊണ്ട് നിയമനടപടിയുമായി മുന്നോട്ടുപോയില്ല. രാഹുലിനെ പരസ്യമായി വെല്ലുവിളിക്കുകയാണ്. ഓഡിയോ സന്ദേശം രാഹുലിന്റേത് തന്നെയാണെന്നും പ്രശാന്ത് ശിവൻ പറഞ്ഞു.

ഗർഭിണിയായ യുവതിയോട് നിർബന്ധപൂർവ്വം ഗർഭം അലസിപ്പിക്കാൻ പറയുന്നത് ഗൗരവതരമായ കാര്യമാണ്. യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചതുകൊണ്ട് മാത്രം പ്രശ്‌നം അവസാനിക്കില്ല. ഇത് കോൺഗ്രസിനകത്തെ ആഭ്യന്തര പ്രശ്‌നമല്ല. കേരള സമൂഹത്തെ ബാധിക്കുന്ന വിഷയമാണ്. കേരളത്തിലെ ജനത്തെ ഇനിയും കോൺഗ്രസ് വിഢ്ഢികളാക്കരുത്. കോൺഗ്രസിനു വേണ്ടാത്ത ചവറുകളെ കൊണ്ടു തള്ളാനുള്ള ഇടമല്ല പാലക്കാട്. പാലക്കാട് നിങ്ങളുടെ വേസ്റ്റ് ബാസ്‌ക്കറ്റ് അല്ല. എംഎൽഎ സ്ഥാനം രാഹുൽ രാജിവെക്കുന്നതുവരെ ബിജെപി പ്രതിഷേധിക്കുമെന്നും പ്രശാന്ത് ശിവൻ പറഞ്ഞു.

രാഹുലിന്റെ രാജിയിൽ കോൺഗ്രസിന് ഇരട്ടത്താപ്പാണ്. ഒരു വശത്ത് വനിതാ നേതാക്കൾ ഉൾപ്പെടെ രാജി വെക്കണം എന്ന് പറയുന്നു മറു വശത്ത് നേതാക്കൾ പിന്തുണ കൊടുക്കുന്നു. വി ഡി സതീശനും ഷാഫി പറമ്പിലിനും ഉൾപ്പെടെ ഇരട്ടത്താപ്പാണെന്നും അദ്ദേഹം പറഞ്ഞു. പെൺകുട്ടിയെ മാനസിക വിഷാദത്തിലേക്ക് തള്ളി വിടുന്ന ഓഡിയോ പുറത്ത് വന്നതിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണം. നാല് മാസത്തോളം ഗർഭിണിയാണെന്ന് പെണ്‍കുട്ടി പറയുന്നുണ്ട്. അങ്ങനെയെങ്കില്‍ അത് രണ്ട് ജീവനാണ്. ഗർഭിണിയോട് ഞാനൊരു ചവിട്ട് വെച്ചുതരുമെന്നാണ് രാഹുൽ പറയുന്നത്. ഇതിലൊന്നും ഒരക്ഷരം രാഹുൽ മിണ്ടിയിട്ടില്ലെന്നും പ്രശാന്ത് ശിവൻ പറഞ്ഞു.

രാഹുൽ അയച്ച മെസേജിന്റെ വിവരവുമായി അവന്തിക തന്നെ സമീപിച്ചിരുന്നു. രാഹുലിന്റെ ചാറ്റ് പുറത്തുവിടാൻ ധൈര്യം നൽകിയത് ഞാനാണ്. അവന്തികയുടെ പഴയ ഓഡിയോ വെച്ചാണ് രാഹുൽ ഇപ്പോൾ ഇരവാദം ഉന്നയിക്കുന്നത്. ധൈര്യമുണ്ടെങ്കിൽ രാഹുൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് നൽകണമെന്നും പ്രശാന്ത് ശിവൻ പറഞ്ഞു.

കോൺ​ഗ്രസിൽ നിന്നും രാഹുലിനെതിരെ ശക്തമായ പ്രതികരണങ്ങൾ ഉയരുന്ന പശ്ചാത്തലത്തിലാണ് ബിജെപി വിമർശനം കടുപ്പിച്ചിരിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ മുഖ്യധാരാ രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കണമെന്ന് കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം ഷാനിമോള്‍ ഉസ്മാൻ നേരത്തെ പ്രതികരിച്ചിരുന്നു. ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ അടിയന്തരമായി എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നായിരുന്നു ഉമാ തോമസ് എംഎല്‍എയുടെ പ്രതികരണം. എംഎല്‍എ സ്ഥാനത്ത് തുടരാന്‍ രാഹുലിന് അര്‍ഹതയില്ലെന്നും ഉമാ തോമസ് എംഎല്‍എ റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. രാഹുല്‍ മാങ്കൂട്ടത്തലിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഗൗരവതരമാണെന്ന് ആർഎംപി നേതാവും എംഎൽഎയുമായ കെ കെ രമയും പ്രതികരിച്ചിരുന്നു.

അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് നേതൃത്വം കയ്യൊഴിഞ്ഞുവെന്നുള്ള സൂചനകളാണ് പുറത്തുവരുന്നത്. രാഹുല്‍ എംഎല്‍എ സ്ഥാനത്ത് നിന്ന് രാജിവെയ്ക്കണമെന്ന നിലപാടിലാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തലയുമടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍. സണ്ണി ജോസഫ് നിലപാട് ഹൈക്കമാന്‍ഡിനെ അറിയിച്ചതായാണ് വിവരം. രാഹുല്‍ വിഷയത്തില്‍ മുസ്ലിം ലീഗും കടുത്ത അതൃപ്തിയിലാണ്. വിവാദങ്ങള്‍ മുന്നണിയെ ബാധിക്കുമെന്നാണ് മുസ്ലിം ലീഗിന്റെ ആശങ്ക. ഇക്കാര്യം മുസ്ലിം ലീഗ് നേതൃത്വം ഹൈക്കമാന്‍ഡിനെ അറിയിക്കുകയും ചെയ്തു. അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ ഉടന്‍ രാജിവെയ്ക്കേണ്ടെന്നാണ് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി ഇന്നലെ വ്യക്തമാക്കിയത്. എന്നാല്‍ കേരളത്തില്‍ നിന്നുള്ള സമ്മര്‍ദ്ദം ശക്തമായാല്‍ ഹൈക്കമാന്‍ഡിനും വഴങ്ങേണ്ടിവരും. ഇന്ന വൈകിട്ടോടെ രാഹുലിന്റെ രാജിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlights: prasanth sivan BJP leader against Rahul Mamkootathil

To advertise here,contact us