'രാഹുലിനെപ്പോലുള്ളവരുടെ വൈകൃതം മാനസിക രോഗം, ഇന്ന് തന്നെ പുറത്താക്കണം'; മുസ്‌ലിം ലീഗ് നേതാവ് മുഹമ്മദ് ഷാ

സിപിഐഎം ചെയ്യുന്നതു പോലെ കുറ്റകൃത്യത്തിന്റെ തീവ്രത അളക്കാൻ കോൺഗ്രസ് ശ്രമിക്കരുതെന്നും പറ്റുമെങ്കിൽ ഇന്ന് തന്നെ പുറത്താക്കുമെന്ന് കരുതുന്നുവെന്നും മുഹമ്മദ് ഷാ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തലിനെതിരെ രൂക്ഷ വിമർശനവുമായി മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ മുഹമ്മദ് ഷാ. സിപിഐഎം ചെയ്യുന്നതു പോലെ കുറ്റകൃത്യത്തിന്റെ തീവ്രത അളക്കാൻ കോൺഗ്രസ് ശ്രമിക്കരുതെന്നും പറ്റുമെങ്കിൽ ഇന്ന് തന്നെ പുറത്താക്കുമെന്ന് കരുതുന്നുവെന്നുമാണ് മുഹമ്മദ് ഷായുടെ പ്രതികരണം. രാഹുലിനെപ്പോലുള്ളവരുടെ വൈകൃതം മാനസിക രോഗമാണ്. ഇത്തരം മാനസിക രോഗികൾ ജനങ്ങളെ പ്രതിനിധീകരിക്കാൻ യോഗ്യരല്ല. അദ്ദേഹം എംഎൽഎ സ്ഥാനത്ത് നിന്ന് രാജിവെക്കണമെന്നും ഷാ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഇന്ന് രാഹുൽ മാങ്കൂട്ടവും നാളെ എം മുകേഷും മറ്റന്നാൾ ശശീന്ദ്രനും ഗണേഷ് കുമാറും പി ശശിയും ഒക്കെ രാജിവെക്കുമെന്ന് കരുതാമെന്നും കുറിപ്പില്‍ പറയുന്നുണ്ട്.

കുറിപ്പിന്റെ പൂർണരൂപം….

രാഹുൽ മാങ്കുട്ടത്തിനെതിരെ നിലവിൽ വരുന്ന വെളിപ്പെടുത്തലുകളുടെയും ഇലക്ട്രോണിക്ക് രേഖകളുടെയും അടിസ്ഥാനത്തിൽ, സി പി എം ചെയ്തത് പോലെ ചെയ്ത കൃത്യത്തിന്റെ തീവ്രതയൊന്നും അളക്കാൻ ശ്രമിക്കാതെ അയാളെ നിയമസഭാംഗത്വത്തിൽ നിന്ന് പറ്റുമെങ്കിൽ ഇന്ന് തന്നെ പുറത്താക്കുമെന്ന് കരുതുന്നു.അത് പോലെ സ്ത്രീകൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന് പോലീസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച് വിചാരണ നേരിടുന്ന എം മുകേഷ് എംഎൽഎ രാജിവെക്കണ്ട ആവശ്യമില്ല എന്ന സി പി എം പാർട്ടി തീരുമാനം ഇന്ന് തന്നെ പിൻവലിച്ച് നാളെ തന്നെ മുകേഷിനെ നിയമസഭാംഗത്വം രാജിവെപ്പിച്ചേക്കും എന്നും കരുതുന്നു.അത് പോലെ സ്വന്തം ഭാര്യക്കെതിരെ പോലും ആഭാസത്തരം കാണിക്കുകയും ചെയ്ത് ഇന്ന് മന്ത്രിസഭയിൽ തുടരുന്ന മന്ത്രിയും, ലജ്ജ തോന്നുന്ന തരത്തിൽ ലൈംഗിക പീഡനം നടത്തിയ മന്ത്രിയും, മുഖ്യമന്ത്രിയുടെ ഓഫീസിലിരിക്കുന്ന ചിലരും പുറത്താക്കപ്പെടും എന്ന് കരുതുന്നു.ഇന്നലെ ഡി വൈ എഫ് ഐ നേതാവ് വി കെ സനോജ് 24 ചാനലിലിരുന്ന് ഒരു വനിതാ അഭിഭാഷകയെ 'അവൾ ഇവൾ' എന്നൊക്കെ വിളിക്കുകയും, ആ സ്ത്രീയെ ശക്തമായി അധിക്ഷേപിക്കുകയും മാനം ഭയന്ന് അവർ ചർച്ചയിൽ നിന്നിറങ്ങി പോകുകയും ചെയ്തു.ഇവരൊക്കെ കാണിക്കുന്നത് മാനസിക വൈകൃതമാണ്. സനോജുൾപെടെ ഒരുത്തനും പദവികളിലിരിക്കാൻ യോഗ്യനല്ല. ഇവർക്കെല്ലാമെതിരെ ഇരകൾ പോലീസിനെ സമീപിച്ച് കേസെടുത്ത് അന്വേഷിപ്പിച്ച് കുറ്റപത്രം സമർപിച്ച് വിചാരണ നടത്തി ശിക്ഷിക്കണം.ഏതായാലും ഇന്ന് രാഹുൽ മാങ്കൂട്ടവും, നാളെ എം മുകേഷും, മറ്റന്നാൾ ശശീന്ദ്രനും, ഗണേഷ് കുമാറും, പി ശശിയും ഒക്കെ രാജിവെക്കുമെന്ന് കരുതാം. പൊതുമധ്യത്തിൽ ഒരു വനിതയെ അധിക്ഷേപിച്ചതിന് സി പി എം, സനോജിനെതിരെ നടപടിയെടുക്കും എന്നും കരുതാം.ഇതൊന്നും സംഭവിച്ചില്ലെങ്കിൽ അതിനായി വലിയ പ്രക്ഷോഭങ്ങൾ നടക്കട്ടെ. മാധ്യമങ്ങളൊക്കെ മറ്റെല്ലാ വാർത്തകളും മാറ്റി വെച്ച് ഇവരെല്ലാം രാജിവെക്കുന്നത് വരെ ചർച്ച തുടരട്ടെ.ഈ വൈകൃതം ഒരു മാനസിക രോഗമാണ്. ഇത്തരം മാനസിക രോഗികൾ ജനങ്ങളെ പ്രതിനിധീകരിക്കാൻ യോഗ്യരല്ല. അവർ മാറി നിൽകട്ടെ.

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ഉയര്‍ന്ന ഗുരുതര ആരോപണങ്ങളില്‍ മുസ്‌ലിം ലീഗിൽ കടുത്ത അതൃപ്തിയുണ്ട്. ഒരു വിഭാഗം നേതാക്കള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കണം എന്ന നിലപാടിലാണെന്നാണ് പുറത്തുവരുന്ന വിവരം. വിവാദം യുഡിഎഫിനെ ബാധിക്കുമെന്നാണ് നേതാക്കളുടെ ആശങ്ക. രാഹുലിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഗൗരവതരമെന്നാണ് മുസ്‌ലിം ലീഗ് വിലയിരുത്തൽ.

Content Highlights: Muslim League State Secretary Adv. Mohammed Shah strongly criticizes Rahul Mamkootathil

To advertise here,contact us