കോഴിക്കോട്: രാഹുല് മാങ്കൂട്ടത്തില് എംഎല്എയ്ക്കെതിരെ ഉയര്ന്ന ആരോപണങ്ങളെ പ്രതിരോധിച്ച് ഷാഫി പറമ്പില് എംപി. രാഹുലിനെതിരെ രേഖാമൂലമുള്ള പരാതിയോ കേസോ ഇല്ലെന്നും ആരോപണം ഉയര്ന്നപ്പോള് തന്നെ അദ്ദേഹം രാജിവെച്ചെന്നും ഷാഫി പറമ്പില് പറഞ്ഞു. സിപിഐഎം നേതാക്കള്ക്കെതിരെയായിരുന്നെങ്കില് ധാർമ്മികതയെന്ന് പറഞ്ഞ് വിഷയത്തെ നിസാരവത്ക്കരിക്കുമായിരുന്നു. പാര്ട്ടി സ്ഥാനം രാഹുല് ഒഴിഞ്ഞിട്ടും കോണ്ഗ്രസിനെ കുറ്റപ്പെടുത്തുകയാണെന്നും ധാര്മ്മികത പഠിപ്പിക്കുകയാണെന്നും ഷാഫി പറമ്പില് വടകരയില് മാധ്യമങ്ങളോട് പറഞ്ഞു.
ഇവിടെ ഒരു എംഎല്എയ്ക്കെതിരെ കേസ് എടുക്കുകയും ചാര്ജ്ഷീറ്റ് സമര്പ്പിക്കുകയും ചെയ്തിരുന്നു. എന്നാല് ആരോപണവിധേയന് ആ സ്ഥാനത്ത് തുടരട്ടെ എന്നായിരുന്നു ആ പാര്ട്ടിയുടെ നിലപാട്. അങ്ങനെ തീരുമാനമെടുത്തവര്ക്ക് എങ്ങനെ കോണ്ഗ്രസ് എംഎല്എയുടെ രാജി ആവശ്യപ്പെടാന് സാധിക്കുമെന്നും ഷാഫി പറമ്പില് ചോദിച്ചു. കോണ്ഗ്രസിനെ നിശബ്ദമാക്കാം എന്നാണ് ചിലര് ചിന്തിക്കുന്നതെന്നും ഷാഫി പറമ്പില് പറഞ്ഞു. മാധ്യമങ്ങള് ആ അജണ്ടയുടെ ഭാഗമാകുകയാണ്. പ്രതിഷേധങ്ങളുടെയോ സമരങ്ങളുടെയോ പേരില് കോണ്ഗ്രസ് പ്രവര്ത്തകര് നിര്വീര്യമാകില്ല. സര്ക്കാരിന്റെ വീഴ്ചകളെ തുറന്നുകാട്ടുന്ന സമീപനം തുടരുമെന്നും ഷാഫി പറമ്പില് പറഞ്ഞു.
രാഹുലിനെതിരെ ആരോപണങ്ങള് ഉയര്ന്നപ്പോള് താന് ബിഹാറിലേയ്ക്ക് ഒളിച്ചോടിയെന്നും മുങ്ങിയെന്നുമായിരുന്നു ചില മാധ്യമവാര്ത്തകള്. രാഹുല് ഗാന്ധി നടത്തുന്ന യാത്രയുടെ ഭാഗമാകുക എന്നത് പാര്ട്ടിയുടെ പ്രവര്ത്തകന് എന്ന നിലയില് തന്റെ ഉത്തരവാദിത്തമാണ്. ബിഹാറിലേക്ക് പോയി എന്നതിന് പകരം മുങ്ങി എന്ന് വാര്ത്തകൊടുത്തത് ശരിയാണോ എന്ന് മാധ്യമങ്ങള് പരിശോധിക്കണം. എല്ലാ കോണ്ഗ്രസ് നേതാക്കളും വരിനിന്ന് വാര്ത്താസമ്മേളനം നടത്തണെന്ന് നിര്ബന്ധമുണ്ടോ? ആരെ പേടിച്ചിട്ടാണ് താന് ഒളിച്ചോടേണ്ടതെന്നും ഷാഫി പറമ്പില് ചോദിച്ചു.
യുവ നേതാവിനെതിരെ മാധ്യമപ്രവര്ത്തകയും അഭിനേതാവുമായി റിനി ആന് ജോര്ജ് രംഗത്തെത്തിയതോടെയാണ് വിവാദങ്ങള്ക്ക് തുടക്കമായത്. യുവ നേതാവ് അശ്ലീല സന്ദേശം അയച്ചെന്നും ഫൈവ് സ്റ്റാര് ഹോട്ടലിലേക്ക് ക്ഷണിച്ചെന്നുമായിരുന്നു മാധ്യമപ്രവര്ത്തക പറഞ്ഞത്. സോഷ്യല് മീഡിയയിലൂടെയായിരുന്നു നേതാവിനെ പരിചയപ്പെട്ടത്. സൗഹൃദത്തിലായി കുറച്ചുനാളായപ്പോള് തന്നെ അയാള് തന്നോട് മോശമായി പെരുമാറി. അപ്പോള് തന്നെ അയാളോട് രൂക്ഷമായി പ്രതികരിച്ചിരുന്നു. ഒരു രാഷ്ട്രീയ നേതാവ് ഇങ്ങനെയാകരുതെന്ന് ഉപദേശിച്ചു. 'ഹു കെയര്' എന്നതായിരുന്നു ആറ്റിറ്റിയൂഡ്. ഇതേപ്പറ്റി പല നേതാക്കളോടും പരാതിപ്പെട്ടിരുന്നു. അവര്ക്കും ഹു കെയര് എന്ന ആറ്റിറ്റിയൂഡായിരുന്നുവെന്നും റിനി പറഞ്ഞിരുന്നു. രാഹുല് മാങ്കൂട്ടത്തിലാണോ ആ നേതാവ് എന്ന ചോദ്യത്തിന് റിനി മറുപടി നല്കിയിരുന്നില്ല. ആ നേതാവ് ഉള്പ്പെട്ട രാഷ്ട്രീയ പ്രസ്ഥാനത്തിലെ മറ്റ് നേതാക്കളുമായി നല്ല ബന്ധമാണുള്ളതെന്നും അതുകൊണ്ട് പേര് പറയുന്നില്ലെന്നുമായിരുന്നു റിനി പറഞ്ഞത്.
ഇതിന് പിന്നാലെ മാധ്യമപ്രവര്ത്തക തുറന്നുകാട്ടിയ വ്യക്തി രാഹുല് മാങ്കൂട്ടത്തിലാണെന്നുള്ള ആരോപണം ഉയര്ന്നിരുന്നു. തൊട്ടുപിന്നാലെ രാഹുലിനെതിരെ വിമര്ശനവുമായി എഴുത്തുകാരി ഹണി ഭാസ്കരനും രംഗത്തെത്തി. രാഹുല് മാങ്കൂട്ടത്തില് തികഞ്ഞ രാഷ്ട്രീയ മാലിന്യമാണെന്നും ഇത് തുറന്നുകാട്ടിത്തന്നത് യൂത്ത് കോണ്ഗ്രസ് നേതാക്കള് തന്നെയാണെന്നുമായിരുന്നു ഹണി ഭാസ്കര് പറഞ്ഞത്. സംഭവം വലിയ വിവാദമായി മാറി. രാഹുല് മാങ്കൂട്ടത്തിലിനെതിരെ പ്രതികരണവുമായി നേതാക്കള് രംഗത്തെത്തി. രാഹുല് മാങ്കൂട്ടത്തില് ഗര്ഭഛിദ്രത്തിന് നിര്ബന്ധിക്കുന്ന ഫോണ് സംഭാഷണം അടക്കം പുറത്തുവന്നിരുന്നു. ഹൈക്കമാന്ഡും കൈയൊഴിഞ്ഞതോടെ രാഹുല് മാങ്കൂട്ടത്തില് യൂത്ത് കോണ്ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെയ്ക്കുകയായിരുന്നു. രാഹുലിനെതിരായ ആരോപണത്തിൽ ഷാഫി പറമ്പിലിനും പ്രതിപക്ഷ നേതാവ് വി ഡി സതീശനുമെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. രാഹുലിനെ സംരക്ഷിക്കുന്നു എന്നതായിരുന്നു ഉയർന്ന വിമർശനം
Content Highlights- Shafi parambil mp resist sexual allegations against rahul mamkootathil mla