'സ്ത്രീപക്ഷ നിലപാടെടുത്തവര്‍ ഒറ്റുകാര്‍'; യൂത്ത് കോണ്‍ഗ്രസില്‍ രാഹുലിനെതിരെ ശബ്ദിച്ചവര്‍ക്കെതിരെ ആക്ഷേപം

യൂത്ത് കോണ്‍ഗ്രസില്‍ രാഹുലിന്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയ ആര്‍ വി സ്‌നേഹയെ രാഹുല്‍പക്ഷം ലക്ഷ്യംവെക്കുകയാണ്

തിരുവനന്തപുരം: സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ രാജി വെച്ചതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം. രാഹുലിനെതിരെ ശബ്ദിച്ചവര്‍ക്ക് നേരെ യൂത്ത് കോണ്‍ഗ്രസില്‍ നിന്ന് തന്നെ അധിക്ഷേപം നടക്കുന്നുവെന്നാണ് വിവരം. യൂത്ത് കോണ്‍ഗ്രസില്‍ രാഹുലിന്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയ ആര്‍ വി സ്‌നേഹയെ രാഹുല്‍പക്ഷം ലക്ഷ്യംവെക്കുകയാണ്. യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കിക്കും അധിക്ഷേപമുണ്ട്. സ്ത്രീപക്ഷ നിലപാടെടുത്തവര്‍ ഒറ്റുകാരെന്നാണ് രാഹുല്‍ പക്ഷത്തിന്റെ ആക്ഷേപം.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിലെ ചേരി തിരിഞ്ഞുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വിവാദങ്ങള്‍ക്ക് പിന്നില്‍ യൂത്ത് കോൺഗ്രസ് ഉപാധ്യക്ഷൻ അബിന്‍ വര്‍ക്കിയാണെന്ന ആക്ഷേപവുമായി ഒരു വിഭാഗം രംഗത്തെത്തുകയായിരുന്നു. ഇതോടെ ചര്‍ച്ചകള്‍ വിലക്കി ജനറല്‍ സെക്രട്ടറി പുഷ്പലത ഗ്രൂപ്പ് അഡ്മിന്‍ ഓണ്‍ലിയാക്കി മാറ്റി. അബിന്‍ വര്‍ക്കിക്കും സ്‌നേഹയ്ക്കും പിന്നാലെ വി പി ദുല്‍ഖിഫിലിനെതിരെയും ആക്രമണം നടക്കുന്നുണ്ട്.

തോളില്‍ കയ്യിട്ട് നടന്നവന്റെ കുത്തിന് ആഴമേറുമെന്ന അടിക്കുറിപ്പോടെ മുന്നില്‍ നടക്കുന്ന ബാഹുബലിയെ പിന്നില്‍ നിന്നും കുത്തുന്ന കട്ടപ്പയുടെ ചിത്രം പങ്കുവെച്ചായിരുന്നു ഗ്രൂപ്പില്‍ ആരോപണങ്ങള്‍ ഉയര്‍ന്നത്. രാഹുല്‍ പദവിയില്‍ തുടരരുതെന്ന് പരസ്യമായി ആവശ്യപ്പെട്ട സ്ത്രീപക്ഷ നിലപാട് സ്വീകരിച്ച യുവനേതാക്കള്‍ക്ക് നേരെ രൂക്ഷമായ അധിക്ഷേപവും ആക്രമണവുമാണ് ഉണ്ടായത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അനുകൂലികളാകാം ഇതിന് പിന്നിലെന്നാണ് ഒരു വിഭാഗം പറയുന്നത്. ചതിയുടെ മുഖ്യ ആയുധം അവന്റെ കള്ളച്ചിരിയാണ്, തിരിച്ചറിയാന്‍ കഴിയാത്ത ചിരി, ആട്ടിന്‍തോലിന് പകരം പച്ചതത്തയുടെ കുപ്പായമണിഞ്ഞ ചെന്നായ എന്നൊക്കെയാണ് ചില ഭാരവാഹികള്‍ സഹഭാരവാഹികളെ വിശേഷിപ്പിച്ചിരിക്കുന്നത്. കൊളുത്തി വിട്ടവര്‍ കൂടെ നിന്നവര്‍ തന്നെയെന്നും ഗ്രൂപ്പില്‍ ആക്ഷേപം ഉയര്‍ന്നിരുന്നു.

അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് പിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും വടകര എംപി ഷാഫി പറമ്പില്‍ എംപിക്കുമെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം തുടങ്ങിയിട്ടുണ്ട്. രാഹുലിനെതിരെ പരാതി ലഭിച്ചിട്ടും വി ഡി സതീശന്‍ സംരക്ഷണം നല്‍കിയെന്നാണ് പ്രധാന ആരോപണം. പ്രശ്നങ്ങള്‍ വഷളാകാന്‍ ഇത് കാരണമായെന്നും ഒരു വിഭാഗം നേതാക്കള്‍ കുറ്റപ്പെടുത്തുന്നുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത സാഹചര്യം ഒരുങ്ങി എന്നാണ് നേതാക്കള്‍ പറയുന്നത്. ആരോപണങ്ങള്‍ ഉയര്‍ന്ന് ദിവസങ്ങളായിട്ടും രാഹുല്‍ അധ്യക്ഷ സ്ഥാനം രാജിവെച്ച് മൂന്ന് ദിവസമായിട്ടും ഷാഫി പറമ്പില്‍ പ്രതികരിക്കാത്തതിലും പാര്‍ട്ടിക്ക് പുറത്ത് നിന്ന് വിമര്‍ശനം ഉയരുന്നുണ്ട്. എന്നാല്‍ ഇന്ന് മാധ്യമങ്ങളെ കാണുമെന്ന് ഷാഫി പറമ്പില്‍ അറിയിച്ചിട്ടുണ്ട്.

യുവ നേതാവിനെതിരെ മാധ്യമപ്രവര്‍ത്തകയും അഭിനേതാവുമായി റിനി ആന്‍ ജോര്‍ജ് രംഗത്തെത്തിയതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. യുവ നേതാവ് അശ്ലീല സന്ദേശം അയച്ചെന്നും ഫൈവ് സ്റ്റാര്‍ ഹോട്ടലിലേക്ക് ക്ഷണിച്ചെന്നുമായിരുന്നു മാധ്യമപ്രവര്‍ത്തക പറഞ്ഞത്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു നേതാവിനെ പരിചയപ്പെട്ടത്. സൗഹൃദത്തിലായി കുറച്ചുനാളായപ്പോള്‍ തന്നെ അയാള്‍ തന്നോട് മോശമായി പെരുമാറി. അപ്പോള്‍ തന്നെ അയാളോട് രൂക്ഷമായി പ്രതികരിച്ചിരുന്നു. ഒരു രാഷ്ട്രീയ നേതാവ് ഇങ്ങനെയാകരുതെന്ന് ഉപദേശിച്ചു. 'ഹു കെയര്‍' എന്നതായിരുന്നു ആറ്റിറ്റിയൂഡ്. ഇതേപ്പറ്റി പല നേതാക്കളോടും പരാതിപ്പെട്ടിരുന്നു. അവര്‍ക്കും ഹു കെയര്‍ എന്ന ആറ്റിറ്റിയൂഡായിരുന്നുവെന്നും റിനി പറഞ്ഞിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലാണോ ആ നേതാവ് എന്ന ചോദ്യത്തിന് റിനി മറുപടി നല്‍കിയിരുന്നില്ല. ആ നേതാവ് ഉള്‍പ്പെട്ട രാഷ്ട്രീയ പ്രസ്ഥാനത്തിലെ മറ്റ് നേതാക്കളുമായി നല്ല ബന്ധമാണുള്ളതെന്നും അതുകൊണ്ട് പേര് പറയുന്നില്ലെന്നുമായിരുന്നു റിനി പറഞ്ഞത്.

ഇതിന് പിന്നാലെ മാധ്യമപ്രവര്‍ത്തക തുറന്നുകാട്ടിയ വ്യക്തി രാഹുല്‍ മാങ്കൂട്ടത്തിലാണെന്നുള്ള ആരോപണം ഉയര്‍ന്നിരുന്നു. തൊട്ടുപിന്നാലെ രാഹുലിനെതിരെ വിമര്‍ശനവുമായി എഴുത്തുകാരി ഹണി ഭാസ്‌കരനും രംഗത്തെത്തി. രാഹുല്‍ മാങ്കൂട്ടത്തില്‍ തികഞ്ഞ രാഷ്ട്രീയ മാലിന്യമാണെന്നും ഇത് തുറന്നുകാട്ടിത്തന്നത് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണെന്നുമായിരുന്നു ഹണി ഭാസ്‌കര്‍ പറഞ്ഞത്. സംഭവം വലിയ വിവാദമായി മാറി. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പ്രതികരണവുമായി നേതാക്കള്‍ രംഗത്തെത്തി. രാഹുല്‍ മാങ്കൂട്ടത്തില്‍ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ഫോണ്‍ സംഭാഷണം അടക്കം പുറത്തുവന്നിരുന്നു. ഹൈക്കമാന്‍ഡും കൈയൊഴിഞ്ഞതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെയ്ക്കുകയായിരുന്നു.

Content Highlights: Allegations against those who spoke against Rahul Mamkoottathil in Youth Congress

To advertise here,contact us