പാലക്കാട്: ഉദ്ഘാടന ചടങ്ങിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ വിലക്കി പാലക്കാട് നഗരസഭ. നാളെ നടക്കുന്ന മുൻസിപ്പൽ ബസ് സ്റ്റാൻഡ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കരുതെന്നാവശ്യപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിലിന് പാലക്കാട് നഗരസഭ കത്തയച്ചു. ഉദ്ഘാടന ചടങ്ങിൽ രാഹുൽ പങ്കെടുത്താൽ പ്രതിഷേധം ഉണ്ടാവാൻ സാധ്യതയുണ്ടെന്നും ഇത് പരിപാടിയുടെ ശോഭ കെടുത്തുമെന്നും എംഎൽഎയ്ക്ക് നൽകിയ കത്തിൽ പാലക്കാട് നഗരസഭ വ്യക്തമാക്കി. പാലക്കാട് നഗരസഭ വൈസ് ചെയർമാൻ അഡ്വ. ഇ കൃഷ്ണദാസാണ് കത്ത് കൈമാറിയത്.
രാഹുൽ മാങ്കൂട്ടത്തിലിന് നഗരസഭ നൽകിയ കത്തിൽ പറയുന്നത്
'2025 ആഗസ്റ്റ് 22-ന് വൈകുന്നേരം 4 മണിക്ക് പാലക്കാട് മുനിസിപ്പൽ ബസ് സ്റ്റാന്റ് ഉദ്ഘാടന ചടങ്ങിലേക്ക് താങ്കളെ വിശിഷ്ഠാതിഥിയായി ക്ഷണിച്ചിരുന്നുവല്ലോ. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ താങ്കൾക്കെതിരെ ഉയർന്നുവന്നിട്ടുള്ള ഗുരുതരമായ ആരോപണങ്ങൾ കണക്കിലെടുത്തും, പാലക്കാട് നഗരസഭ സംഘടിപ്പിക്കുന്ന ബസ് സ്റ്റാൻ്റ് ഉദ്ഘാടന ചടങ്ങിലേക്ക് ചില സംഘടനകൾ താങ്കൾക്കെതിരെ സമരപരിപാടിയുമായി വരുവാൻ സാധ്യതയുണ്ടെന്ന് മനസ്സിലായതിനാലും, പരിപാടിയുടെ ശോഭകെടുമെന്ന് ശങ്കയുള്ളതിനാലും ചടങ്ങിൽ അനിഷ്ഠസംഭവങ്ങൾ ഒഴിവാക്കുന്നതിന് മേൽപറഞ്ഞ പരിപാടിയിൽ നിന്ന് താങ്കൾ വിട്ട് നിൽക്കണമെന്ന് അഭ്യർത്ഥിക്കുന്നു'
ഹൂ കെയേഴ്സ് ആറ്റിറ്റ്യൂഡുള്ള യുവനേതാവ് അശ്ലീലസംഭാഷണം അയച്ചെന്നും മോശമായി പെരുമാറിയെന്നും നേരത്തെ ഒരു മാധ്യമ പ്രവർത്തക നടത്തിയ വെളിപ്പെടുത്തലോടെയാണ് അത് രാഹുൽ മാങ്കൂട്ടത്തിലാണ് എന്ന ആരോപണം ശക്തമായത്. പിന്നാലെ രാഹുല് മാങ്കൂട്ടത്തില് എംഎൽഎ മറ്റൊരു യുവതിയെ ഗര്ഭഛിദ്രത്തിന് നിര്ബന്ധിച്ചതിന്റെ ഓഡിയോ സംഭാഷണം റിപ്പോർട്ടർ ടി വി പുറത്ത് വിട്ടിരുന്നു. യുവതിയുമായി രാഹുല് നടത്തിയ വാട്ട്സ്ആപ്പ്, ടെലഗ്രാം ചാറ്റുകളും പുറത്തുവന്നിരുന്നു. ഗർഭഛിദ്രം നടത്താൻ ഡോക്ടറെ കാണേണ്ടതില്ലെന്നും അതിനൊക്കെയുളള മരുന്നുണ്ടെന്നും ഉൾപ്പെടെ യുവതിയോട് രാഹുൽ പറയുന്നുണ്ട്. അമിത രക്തസ്രാവവും മറ്റ് പ്രശ്നങ്ങളും ഉണ്ടാകുമെന്ന് യുവതി പറഞ്ഞപ്പോൾ ഡോക്ടറുടെ നിരീക്ഷണത്തിൽ തന്നെയാണ് എന്നാണ് രാഹുൽ പറഞ്ഞത്. എന്റെ തലയിൽ ഇട്ടിട്ട് ഒഴിഞ്ഞുമാറുകയാണോ എന്നും കേറിചെന്ന ഉടൻ ഡോക്ടർമാർ മരുന്ന് നൽകില്ലെന്നും എത്രനാൾ ഇത് മൂടിവെച്ച് താൻ നടക്കുമെന്നും യുവതി രാഹുലിനോട് വാട്ട്സാപ്പിലൂടെ ചോദിക്കുന്നുണ്ട്. എങ്ങനെ മുന്നോട്ടുപോകുമെന്ന പേടിയും വയറ്റിലുളള കുഞ്ഞിനോടുളള ഇഷ്ടവും, അതിനിടയിൽ വീർപ്പുമുട്ടുകയാണെന്നും താൻ ഒരു സ്ത്രീയാണെന്നും യുവതി പറഞ്ഞപ്പോൾ എങ്കിൽ നീ തന്നെ പ്രശ്നം തീർക്കൂ എന്നായിരുന്നു രാഹുലിന്റെ മറുപടി.
അശ്ലീല സന്ദേശങ്ങള് അയച്ചെന്നും മോശം സമീപനം ഉണ്ടായെന്നുമായിരുന്നു നേരത്തെ അഭിനേത്രിയും മാധ്യമ പ്രവർത്തകയുമായ റിനിയുടെ വെളിപ്പെടുത്തല്. അതിനുപിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ ഒരു യുവതിയെ ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കുന്ന ഫോണ് സംഭാഷണവും ചാറ്റും പുറത്തുവരികയായിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സോഷ്യൽ മീഡിയയിലൂടെ നടത്തിയ അശ്ലീല ചാറ്റുകളും പുറത്തുവന്നു. തുടർന്ന് രാഹുലിന്റെ രാജിക്കായി സമ്മർദം ഏറുകയും രാഹുൽ ഒടുവിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെക്കുകയുമായിരുന്നു.
Content Highlights: Palakkad Municipality bans Rahul Manmkootatil from the inauguration ceremony