SB കോളേജ് യൂണിയൻ KSUന് നഷ്ടമായി; പിന്നാലെ കോൺഗ്രസ് പാർട്ടി ഓഫീസിൽ ഏറ്റുമുട്ടി KSU-യൂത്ത് കോൺഗ്രസ് പ്രവർത്തകർ

യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐയായിരുന്നു വിജയിച്ചത്

കോട്ടയം: ചങ്ങനാശ്ശേരി എസ്ബി കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിന് പിന്നാലെ ഏറ്റുമുട്ടി കെഎസ്‌യുവും യൂത്ത് കോണ്‍ഗ്രസും. കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിലായിരുന്നു ഏറ്റുമുട്ടല്‍. യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐയായിരുന്നു വിജയിച്ചത്. ഇതിന് പിന്നാലെയായിരുന്നു സംഭവം.

കെഎസ്‌യു ജില്ലാ അധ്യക്ഷന്‍ നൈസാമിന്റെയും യൂത്ത് കോണ്‍ഗ്രസ് ചങ്ങനാശ്ശേരി ബ്‌ളോക്ക് പ്രസിഡന്റ് ഡെന്നിസ് ജോസഫിന്റെയും നേതൃത്വത്തിലുള്ള സംഘം കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിലേക്ക് എത്തുകയും തങ്ങളെ മര്‍ദ്ദിച്ചുവെന്നുമുള്ള പരാതിയുമായി എസ്ബി കോളേജിലെ കെഎസ്‌യു നേതാക്കള്‍ രംഗത്തെത്തി.

ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം നടന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കെഎസ്‌യുവിനായിരുന്നു വിജയം. ഇത്തവണ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വിഭാഗവും കെ സി ജോസഫ് വിഭാഗവും തമ്മില്‍ പരസ്പരം കാല് വാരുകയും തെരഞ്ഞെടുപ്പില്‍ ദയനീയ പരാജയം ഏറ്റുവാങ്ങുകയുമായിരുന്നു. ഇതിന് പിന്നാലയാണ് ചങ്ങനാശ്ശേരിയിലെ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസില്‍ യൂത്ത് കോണ്‍ഗ്രസും കെഎസ്‌യുവും തമ്മില്‍ ഏറ്റുമുട്ടിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

Content Highlights- Clash between ksu and youth congress after union election in Changanassery SB College

To advertise here,contact us