മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം: ദുരിതാശ്വാസ നിധിയിലേക്ക് പത്തുകോടി രൂപ സംഭാവന നല്‍കി എം എ യൂസഫലി

മുണ്ടക്കൈ, ചൂരല്‍മല ദുരിതബാധിതര്‍ക്കായി ഉയരുന്ന ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിന് ഉള്‍പ്പെടെ വേഗത പകരുന്നതാണ് ധനസഹായമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

തിരുവനന്തപുരം: ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല മേഖലയുടെ പുനരധിവാസത്തിനായി പത്തുകോടി രൂപ സംഭാവന നല്‍കി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് യൂസഫലി സംഭാവന നല്‍കിയത്. വയനാട് ദുരന്തബാധിതര്‍ക്കായി ആദ്യഘട്ടത്തില്‍ 5 കോടി രൂപ കഴിഞ്ഞ ആഗസ്റ്റില്‍ യൂസഫലി നല്‍കിയിരുന്നു.

ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരായ അമ്പതുപേര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചുനല്‍കുമെന്നും അദ്ദേഹം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ധനസഹായം കൈമാറിയത്. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് യൂസഫലി സഹായം കൈമാറിയത്. മുണ്ടക്കൈ, ചൂരല്‍മല ദുരിതബാധിതര്‍ക്കായി ഉയരുന്ന ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിന് ഉള്‍പ്പെടെ വേഗത പകരുന്നതാണ് ധനസഹായമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

 2024 ജൂലൈ 30-ന് പുലർച്ചെയാണ് വയനാട് മുണ്ടക്കൈയിലും ചൂരൽമലയിലും ഉരുൾപൊട്ടലുണ്ടായത്. രാജ്യം കണ്ട ഏറ്റവും തീവ്രമായ ഉരുൾപൊട്ടൽ ദുരന്തം അക്ഷരാർത്ഥത്തിൽ ഒരു ​​ഗ്രാമത്തെ തകർത്തെറിയുകയായിരുന്നു. 298 പേരുടെ ജീവനാണ് അന്ന് ഉരുളെടുത്തത്. അപകടത്തിൽ കാണാതായ 32പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.

ദുരന്തത്തിന് ഒരുവർഷം പൂർത്തിയാകുമ്പോൾ ദുരന്തബാധിതരുടെ പുനരധിവാസമാണ് ചർച്ചയാകുന്നത്. ഒരു വർഷം പൂർത്തിയാകുന്ന ദിവസം പുനരധിവാസവുമായി ബന്ധപ്പെട്ട് ഒരു വീട് പോലും നിർമ്മിക്കാൻ സാധിച്ചില്ലെന്ന വിമർശനം സർക്കാരിനെതിരെ ഉയർന്നിരുന്നു. പുനരധിവാസവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾക്കും വിമർശനങ്ങൾക്കും ഒടുവിൽ ടൗൺഷിപ്പിൻ്റെ നിർ‌മ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ സാധിച്ചിട്ടുണ്ടെന്നും വേ​ഗത്തിൽ ഇതിൻ്റെ നിർമ്മാണം പൂർത്തീകരിക്കുമെന്നുമാണ് സർക്കാർ വ്യക്തമാക്കുന്നത്.

Content Highlights: Mundakai Chooralmala rehabilitation: MA Yusuffali donates Rs. 10 crore to the relief fund

To advertise here,contact us