കോഴിക്കോട്: കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. ഓമശേരി സ്വദേശിയായ മൂന്ന് മാസം പ്രായമായ കുഞ്ഞിനും അന്നശ്ശേരി സ്വദേശിയായ നാല്പതുകാരനുമാണ് രോഗം സ്ഥിരീകരിച്ചത്. മൂന്നാഴ്ച മുന്പാണ് ഇവർ രോഗബാധിതരായത്. രണ്ട് പേരുടേയും ആരോഗ്യനില നിലവില് തൃപ്തികരമാണ്. കഴിഞ്ഞ ദിവസം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒന്പത് വയസുകാരിയുമായി ഇവര്ക്ക് ബന്ധമില്ല.
മെഡിക്കല് കോളേജ് ആശുപത്രിയില് നടത്തിയ സ്രവ പരിശോധനയിലാണ് മൂന്ന് മാസം പ്രായമായ കുഞ്ഞിനും യുവാവിനും രോഗം സ്ഥിരീകരിച്ചത്. ഇരുവരുടേയും വീടുകളില് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര് എത്തി ജലത്തിന്റെ സാമ്പിളുകള് ശേഖരിച്ചു.
കഴിഞ്ഞ ദിവസാണ് താമരശ്ശേരിയില് ഒന്പത് വയസുകാരി അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്. കോരങ്ങാട് ആനപ്പാറ പൊയില് സനൂപിന്റെ മകള് അനയയായിരുന്നു മരിച്ചത്. പനി മൂര്ച്ഛിച്ചതിനെ തുടര്ന്ന് കുട്ടിയെ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല് കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. പിന്നീട് കുട്ടിയുടെ നില വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു. കുട്ടിക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. എന്നാല് കുട്ടിക്ക് ചികിത്സ ലഭ്യമാക്കിയെന്നാണ് താമരശ്ശേരി താലൂക്ക് ആശുപത്രി അധികൃതര് പ്രതികരിച്ചത്.
ഇതിന് പിന്നാലെ പുറത്തുവന്ന പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ടില് കുട്ടിയുടെ മരണകാരണം മസ്തിഷ്ക ജ്വരമെന്നായിരുന്നു വ്യക്തമായത്. തുടര്ന്ന് കുട്ടിയുടെ സ്രവ സാമ്പിളുകള് പരിശോധനയ്ക്ക് അയച്ചു. ഈ പരിശോധനാഫലം പുറത്തുവന്നപ്പോഴാണ് കുട്ടിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ പ്രദേശത്ത് ആരോഗ്യവകുപ്പ് ജാഗ്രതാ നിര്ദേശം പുറപ്പെടുവിച്ചിരുന്നു.
Content Highlights- Two more test positive for amoebic meningoencephalitis