മേപ്പാടി: മുണ്ടക്കൈ-ചൂരല്മല ഉരുള്പൊട്ടല് നടന്ന് ഒരു വര്ഷം പിന്നിടുമ്പോഴും മുസ്ലീം ലീഗ് പ്രഖ്യാപിച്ച വയനാട് പുനരധിവാസ പദ്ധതി എങ്ങുമെത്തിയിട്ടില്ല. ദുരന്തബാധിതര്ക്കായി 105 വീടുകള് നിര്മിച്ചുനല്കുമെന്നായിരുന്നു ലീഗിന്റെ അവകാശവാദം. സര്ക്കാര് പട്ടികയില് നിന്ന് അര്ഹരെ കണ്ടെത്തി വീട് നിര്മിച്ച് നല്കുമെന്നായിരുന്നു ലീഗ് പ്രഖ്യാപിച്ചത്. എന്നാല് സര്ക്കാര് ലക്ഷ്യസ്ഥാനത്തേയ്ക്ക് അടുക്കുമ്പോഴും ലീഗിന്റെ പ്രഖ്യാപനം, പ്രഖ്യാപിച്ച സ്ഥലത്തുതന്നെ നില്ക്കുകയാണ്. അതേസമയം, സര്ക്കാര് മനഃപൂര്വ്വം പദ്ധതിക്ക് തടയിടുകയാണെന്നാണ് ലീഗ് പറയുന്നത്. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ലീഗ് വൃത്തങ്ങള് പറയുന്നു.
മേപ്പാടി വെള്ളിത്തോടായിരുന്നു മുണ്ടക്കൈ-ചൂരല്മല ദുരന്തബാധിതര്ക്ക് പുനരധിവാസത്തിനായി ലീഗ് പത്തര ഏക്കര് ഭൂമി ഏറ്റെടുത്തത്. സര്ക്കാര് മാതൃകയില് ആയിരം സ്ക്വയര് ഫീറ്റ് വിസ്തൃതിയില് വീട് നിര്മിക്കുമെന്നായിരുന്നു പ്രഖ്യാപനം. വീടുകള്ക്കൊപ്പം ഒരു കമ്മ്യൂണിറ്റി സെന്റര് പാര്ക്ക് ഉണ്ടാകുമെന്നും പ്രഖ്യാപിച്ചിരുന്നു. പ്രധാന റോഡിനോട് ചേര്ന്നായിരുന്നു ഭവന സമുച്ചയം. വീടുകളിലേക്ക് റോഡ്, കുടിവെള്ളം അടക്കമുള്ള സൗകര്യങ്ങളുണ്ടാകുമെന്നും ലീഗ് പറഞ്ഞിരുന്നു. ഇതിനായി അപേക്ഷ ക്ഷണിച്ച് 105 ഗുണഭോക്താക്കളെ കണ്ടെത്തുകയും ചെയ്തു. എന്നാല് ഭവനനിര്മാണം ഒരടി മുന്നോട്ടുനീങ്ങിയിട്ടില്ല. ഇതിനിടെ പുനരധിവാസ പദ്ധതിക്ക് എതിരായി റവന്യു വകുപ്പിന്റെ നോട്ടീസും വന്നു. ഇതോടെ സര്ക്കാരിനെതിരെ വിമര്ശനവുമായി മുസ്ലിം ലീഗ് സംസ്ഥാന ജനറല് സെക്രട്ടറി പി എം എ സലാം അടക്കമുള്ളവര് രംഗത്തെത്തി.
സര്ക്കാരിന് പദ്ധതി നടപ്പിലാക്കാന് കഴിയാത്തതുകൊണ്ട് ലീഗിന്റെ പദ്ധതി നീട്ടികൊണ്ടുപോകുകയാണെന്നായിരുന്നു പി എം എ സലാം ആരോപിച്ചത്. സര്ക്കാരിന് മുന്നേ പദ്ധതി പൂര്ത്തിയാക്കിയാല് അത് സര്ക്കാരിന് തിരിച്ചടിയാകും. അത് മുന്നില് കണ്ടാണ് സര്ക്കാര് നീക്കം. ലീഗിന്റെ പദ്ധതിക്ക് തടസ്സമുണ്ടാക്കിയിട്ട് സര്ക്കാരിന് എന്ത് നേട്ടമാണ് ഉണ്ടാക്കാന് സാധിക്കുക എന്നും പി എം എ സലാം ചോദിച്ചിരുന്നു. നിയമക്കുരുക്ക് ഒഴിവാക്കാന് നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് ലീഗിന്റെ തീരുമാനം. ഇതിനായി കോടതിയെ സമീപിക്കാനാണ് തീരുമാനം. വരും ദിവസങ്ങളില് ഇതില് തുടര് നടപടിയുണ്ടാകുമെന്നും ലീഗ് വൃത്തങ്ങള് വ്യക്തമാക്കുന്നു.
വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഗുരുതര ആരോപണങ്ങളുമായി മുന് മന്ത്രിയും എംഎല്എയുമായ കെ ടി ജലീല് രംഗത്തെത്തിയിരുന്നു. ഇതോടെയാണ് ലീഗിന്റെ വയനാട് പുനരധിവാസം വീണ്ടും ചര്ച്ചയാകുന്നത്. വയനാട് പുനരധിവാസത്തിന്റെ പേരില് ലീഗ് നേതാക്കള് വ്യാപക സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാണ് ജലീല് ആരോപിച്ചത്. പൊതുജനങ്ങളില് നിന്ന് ഇത്തരത്തില് നാല്പത് കോടിയോളം സ്വരൂപിച്ചു. എന്നാല് പുനരധിവാസം എങ്ങുമെത്തിയില്ല. സര്ക്കാരിന് കിട്ടേണ്ട പണം അവനവന്റെ പോക്കറ്റിലാക്കാനുള്ള ലീഗ് നേതാക്കളുടെ ശ്രമം നടക്കില്ലെന്നും ജലീല് പറഞ്ഞിരുന്നു. ജലീലിന്റെ ആരോപണങ്ങളോട് കാര്യമായി പ്രതികരിക്കാന് മുസ്ലിം ലീഗ് നേതൃത്വം തയ്യാറായിട്ടില്ല. മുടങ്ങി കിടക്കുന്ന പദ്ധതി എത്രയും വേഗം എങ്ങനെ പുനരാരംഭിക്കാം എന്നാണ് ലീഗ് ആലോചിക്കുന്നത്. തടസ്സങ്ങള് എത്രയും വേഗം മറികടക്കും എന്നും പറയുന്നു. എന്നാല് അത് എങ്ങനെയെന്ന് ലീഗ് തന്നെ വ്യക്തമാക്കണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
Content Highlights- There is no further progress in muslim leagues wayanad rehabilitation over mundakai-chooralmala landslide