തൃശൂർ: തൃശൂരിലെ വോട്ടർ പട്ടിക വിവാദത്തിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഡ്രൈവറും വ്യാജ വോട്ട് ചേർത്തെന്ന് ആരോപണം. വ്യാജ വോട്ട് ആരോപണം ഉയർന്ന പൂങ്കുന്നത്തെ ക്യാപിറ്റൽ സി4 ലെ വോട്ടർ എസ് അജയകുമാർ സുരേഷ് ഗോപിയുടെ ഡ്രൈവറാണ്. എന്നാൽ ഇദ്ദേഹം ഇവിടത്തെ താമസക്കാരനല്ല. തിരുവനന്തപുരം ശാസ്തമംഗലത്താണ് അജയകുമാറിന്റെ വീട്. കഴിഞ്ഞ നിയമസഭാ, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ശാസ്തമംഗലത്ത് ആയിരുന്നു അജയകുമാറിന്റെ വോട്ട്. വോട്ടർ ഐഡി നമ്പർ ഉപയോഗിച്ചാണ് അജയകുമാറിനെ തിരിച്ചറിഞ്ഞത്. സി 4 ഫ്ലാറ്റിന്റെ ഉടമയുടെ അറിവില്ലാതെയാണ് അജയകുമാർ തൃശ്ശൂരിൽ മേൽവിലാസം നൽകിയത്.
അതേസമയം സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ഗോപിക്കും ഇരട്ടവോട്ട് ഉണ്ടായിരുന്നതായി പരാതി ഉയർന്നിട്ടുണ്ട്. തൃശൂരിലും കൊല്ലത്തുമാണ് വോട്ടുണ്ടായിരുന്നത്. കുടുംബ വീടായ ലക്ഷ്മി നിവാസ് മേൽവിലാസത്തിലാണ് കൊല്ലത്തെ വോട്ട്. ഇരവിപുരം മണ്ഡലത്തിലെ 84-ാം നമ്പർ ബൂത്തിലാണ് വോട്ടുള്ളത്. ക്രമനമ്പർ 1116-ൽ സുഭാഷ് ഗോപിക്കും 1114 ക്രമനമ്പറിൽ ഭാര്യ റാണി സുഭാഷിനും വോട്ടുണ്ട്. എന്നാൽ കൊല്ലത്ത് വോട്ട് ചെയ്തോ എന്ന കാര്യത്തിൽ സ്ഥിരീകരണം ഇല്ല.
തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിൽ സ്ഥിരതാമസക്കാരല്ലാത്തവരെ വോട്ടർ പട്ടികയിൽ ചേർത്തുവെന്നും കോൺഗ്രസും എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന വി എസ് സുനിൽ കുമാറും ആരോപിച്ചിരുന്നു. സുരേഷ് ഗോപിയുടെ സഹോദരൻ ഉൾപ്പെടെ 11 പേരെ ബൂത്ത് നമ്പർ 116ൽ 1016 മുതൽ 1026 വരെ ക്രമനമ്പറിൽ ചേർത്തുതായി ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് ആരോപിച്ചിരുന്നു.തൃശൂരിൽ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് കള്ളവോട്ടുകൾ ചേർത്തത് സുരേഷ് ഗോപിയുടെ നേതൃത്വത്തിലാണെന്നും കോൺഗ്രസും സിപിഐഎമ്മും ആരോപിച്ചിരുന്നു. പൂങ്കുന്നത്തെ ഫ്ലാറ്റിൽ വാടകക്കാർ അറിയാതെ ഒൻപതു കള്ളവോട്ടുകളാണ് ചേർത്തത്. സുരേഷ് ഗോപിയുടെ അനുയായിയായ കോട്ടയം സ്വദേശിക്കും തൃശൂരിൽ വോട്ടുണ്ടെന്ന് തെളിഞ്ഞിരുന്നു.
തൃശൂരിൽ ആർഎസ്എസ് നേതാവിനും ഭാര്യയ്ക്കും ഇരട്ട വോട്ടെന്നും ആരോപണമുയർന്നിരുന്നു. തൃശൂരിലെ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടുണ്ടെന്ന ആരോപണം ശക്തമായിരിക്കെയാണ് ഈ വിവരവും പുറത്തുവന്നത്. ബിജെപി പ്രാദേശിക നേതാവ്, ഭാരതീയ വിചാര കേന്ദ്രം സെക്രട്ടറി, യോഗാ അധ്യാപകൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന കെ ആർ ഷാജി, ഭാര്യ സി ദീപ്തി എന്നിവർക്ക് ഇരട്ട വോട്ടെന്നാണ് ആരോപണം. ഇരുവർക്കും ആലത്തൂർ മണ്ഡലത്തിലായിരുന്നു വോട്ട്. ഇരുവരുടേയും വോട്ട് തൃശൂർ മണ്ഡലത്തിലും ചേർത്തു എന്നായിരുന്നു ആരോപണം.
Content Highlights :Vote rigging in Thrissur; Suresh Gopi's driver among those who cast fake votes