കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയില്ല; വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെ നടപടിയെന്ന് കളക്ടർ

ജില്ലയിൽ ഇന്ന് യെല്ലോ അലേർട്ട്

കാസർകോട്: ജില്ലയിൽ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളതെന്നും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കുമെന്നും കളക്ടർ ഇൻബശേഖർ ഐഎഎസ്. മഴയുടെ ശക്തി കുറയുകയും ജലാശയങ്ങളിൽ ജലനിരപ്പ് താഴുകയും ചെയ്ത സാഹചര്യത്തിലാണിതെന്നും വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും കളക്ടർ വ്യക്തമാക്കി.

അതേസമയം, സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. എന്നാൽ തീവ്രത അൽപം കുറയുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടുക്കി മുതൽ കാസർകോടുവരെയുള്ള ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്. മറ്റു ജില്ലകളിൽ ഇടത്തരം മഴയ്ക്കാണ് സാധ്യത.

തമിഴ്നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി തീരം, മധ്യ കിഴക്കൻ അറബിക്കടൽ, മധ്യ പടിഞ്ഞാറൻ അറബിക്കടലിനോട് ചേർന്ന ഭാഗങ്ങൾ, തെക്കു കിഴക്കൻ അറബിക്കടലിന്റെ വടക്കൻ ഭാഗങ്ങൾ, അതിനോട് ചേർന്ന തെക്കു പടിഞ്ഞാറൻ അറബിക്കടൽ, തെക്കൻ ആന്ധ്രാപ്രദേശ് തീരം, മാലിദ്വീപ് പ്രദേശം, തെക്കൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന മധ്യ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

തെക്കു പടിഞ്ഞാറൻ & തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ, വടക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

Content Highlights: No holiday for educational institutions in Kasaragod district

To advertise here,contact us