കേരളത്തിലെ ആദ്യ ഇറച്ചിവെട്ടുകാരി; ചുണ്ടേല്‍ റുഖിയ അന്തരിച്ചു

1989 ലാണ് ചുണ്ടേല്‍ അങ്ങാടിയിലുണ്ടായിരുന്ന സ്ഥലത്ത് ഷെഡ് കെട്ടി ബീഫ് സ്റ്റാള്‍ ആരംഭിച്ചത്

ബത്തേരി: ചുണ്ടേല്‍ മത്സ്യ-മാംസ മാര്‍ക്കറ്റില്‍ 30 വര്‍ഷത്തോളം ഇറച്ചിവെട്ടുകാരിയായിരുന്ന റൂഖിയ (66) അന്തരിച്ചു. കേരളത്തിലെ ആദ്യത്തെ ഇറച്ചിവെട്ടുകാരിയായാണ് റൂഖിയയെ കണക്കാക്കുന്നത്. ഒറ്റയില്‍ ഖാദര്‍-പാത്തുമ്മ ദമ്പതികളുടെ മകളാണ്. ഞായറാഴ്ച ചുണ്ടേല്‍ ശ്രീപുരത്തുള്ള ഒറ്റയില്‍ വീട്ടിലായിരുന്നു അന്ത്യം.

പിതാവ് മരിച്ചതോടെയാണ് പത്താം വയസ്സില്‍ റൂഖിയ കൂടുംബഭാരം ഏറ്റെടുക്കുന്നത്. ആദ്യം ചുണ്ടേല്‍ എസ്റ്റേറ്റിലായിരുന്നു ജോലി. കൂലി തികയാതെ വന്നതോടെ ഇറച്ചിവെട്ട് ജോലിയിലേക്ക് തിരിയുകയായിരുന്നു.

1989 ലാണ് ചുണ്ടേല്‍ അങ്ങാടിയിലുണ്ടായിരുന്ന സ്ഥലത്ത് ഷെഡ് കെട്ടി ബീഫ് സ്റ്റാള്‍ ആരംഭിച്ചത്. തുടക്കകാലത്ത് ഇറച്ചിവെട്ടും കാലിക്കച്ചവടവുമെല്ലാം ഒരു സ്ത്രീ ഏറ്റെടുത്ത് ചെയ്യുന്നതില്‍ ചുറ്റുമുള്ളവര്‍ താല്‍പര്യം കാണിച്ചിരുന്നില്ല. ഇകഴ്ത്താനും പിന്തിരിപ്പാക്കാനും ശ്രമിച്ചവരായിരുന്നു ഏറെയും എന്നാല്‍ റുഖി തന്റെ ദൃഢനിശ്ചയത്താല്‍ മുന്നോട്ട് പോവുകയായിരുന്നു.

അവിവാഹിതയാണ് റൂഖിയ. സഹോദരിമാരെ വിവാഹം കഴിപ്പിച്ചയച്ചതും റൂഖിയ തന്നെയാണ്. പ്രായാധിക്യ പ്രശ്‌നങ്ങള്‍ അലട്ടിയതോടെ 2014 ലാണ് അറവ് നിര്‍ത്തിയത്. പിന്നീട് പിന്നീട് റിയല്‍ എസ്‌റ്റേറ്റ് രംഗത്തും മറ്റ് കട്ടവടങ്ങളിലും സജീവമായി തുടര്‍ന്നു. 45 വര്‍ഷം സഹായിയായിരുന്ന കൂട്ടുകാരി ലക്ഷ്മിയായിരുന്നു ഒപ്പമുണ്ടായിരുന്നത്. സഹോദരിയുടെ മകന്‍ മനു അനസും മകനായി റുഖിയയോടൊപ്പം നിന്നു. ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തും സജീവമായിരുന്നു ഈ പെണ്‍ പോരാളി.

സഹായം ചോദിച്ച് ആരെത്തിയാലും സഹായിക്കാന്‍ മടിയുണ്ടായിരുന്നില്ല. വരുമാനത്തില്‍ വലിയ പങ്ക് തന്നെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിച്ചു. ഫുട്‌ബോളിനെ അത്ര മേല്‍ ഇഷ്ടപ്പെട്ടിരുന്നു. ചുണ്ടേലും പരിസരത്തും ഫുട്‌ബോള്‍ കളിയുണ്ടെങ്കില്‍ കാണാനെത്തും. കളിക്കാരെയും ക്ലബ്ബുകളെയും നന്നായി പ്രോത്സാഹിപ്പിച്ചിരുന്നു.

2022 ലെ വനിതാ ദിവത്തില്‍ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റ് ആദരിച്ച 13 വനിതകളില്‍ ഒരാളായിരുന്നു റുഖിയ. വ്യത്യസ്തവും വെല്ലുവിളി നിറഞ്ഞതുമായ തൊഴില്‍ ഉപജീവനമാക്കിയ വനിതയെന്ന നിലയിലായിരുന്നു ആദരം.

റുഖിയയുടെ നിര്യാണത്തില്‍ ചുണ്ടേല്‍ പൗരാവലി അനുശോചിച്ചു. തോട്ടം മേഖലയില്‍ സാധാരണ തൊഴിലാളിയായി ജീവിതം തുടങ്ങിയ റുഖിയ തൊഴിലാളികളുടെ അവകാശപോരാട്ടത്തില്‍ നേതൃത്വപരമായ പങ്കുവഹിച്ചു. വ്യാപാരരംഗത്ത് തിളങ്ങിയപ്പോഴും വരുമാനത്തില്‍ ഒരു വിഹിതം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിച്ചെന്നും യോഗം അനുസ്മരിച്ചു. വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം വി വിജേഷ് അദ്ധ്യക്ഷത വഹിച്ചു. എന്‍ ഒ ദേവസ്സി, കെ കെ തോമസ്സ്, കെഎംഎ സലീം, എം വി ഷൈജ, ഡെന്‍സി ജോണ്‍, ബെന്നി തോമസ്, കെ എം സലീം, പ്രദീപ് എന്നിവര്‍ സംസാരിച്ചു.

Content Highlights: Kerala's first female butcher Ruqiya passed away

To advertise here,contact us