കോഴിക്കോട്:1989ൽ വെള്ളയിൽ കടപ്പുറത്തുവെച്ച് കൊലപാതകം നടത്തിയെന്ന മുഹമ്മദാലിയുടെ വെളിപ്പെടുത്തൽ സത്യമാകാമെന്ന് റിട്ട.എസ്പി സുഭാഷ് ബാബു. താൻ നടക്കാവ് സിഐ ആയിരുന്ന കാലത്താണ് കൊലപാതകം നടന്നത്. കേസുമായി ബന്ധപ്പെട്ട് രണ്ട് വർഷത്തോളമാണ് അന്വേഷണം നടത്തിയത്. എന്നാൽ മരിച്ചയാളുടയെയും കൊലപ്പെടുത്തിയയാളുടെയും വിവരങ്ങൾ ലഭിക്കാതെ വന്നപ്പോൾ കേസന്വേഷണം അവസാനിപ്പിക്കുകയായിരുന്നുവെന്നും സുഭാഷ് ബാബു റിപ്പോർട്ടറിനോട് പറഞ്ഞു.
മണ്ണിൽ തലപൂഴ്ത്തിയാണ് കൊലപാതകം നടത്തിയതെന്ന മുഹമ്മദാലിയുടെ വെളിപ്പെടുത്തൽ സുഭാഷ് ബാബു ശരിവെക്കുന്നുണ്ട്. വായ മൂടിയാണ് കൊലപാതകം നടത്തിയത് എന്നും മൂക്കിൽ മണ്ണുണ്ടായിരുന്നുവെന്നും അന്നത്തെ പോസ്റ്റ്മോര്ട്ടം റിപ്പോർട്ടിൽ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കഞ്ചാവ് ജോസ് എന്നൊരാൾ പണ്ട് കോഴിക്കോട് ഉണ്ടായിരുന്നു. അയാളുടെ ഒപ്പമുണ്ടായിരുന്നയാളായിരിക്കാം മുഹമ്മദാലിയെ സഹായിച്ച കഞ്ചാവ് ബാബു എന്നും സുഭാഷ് ബാബു സംശയം പ്രകടിപ്പിച്ചു. ബംഗ്ലാദേശ് കോളനിയിൽ ആയിരുന്നു ഇയാളുടെ താമസം. എന്നാൽ ഇന്ന് ഇയാൾ ജീവനോടെ ഉണ്ടോ എന്നറിയില്ല. ഒരുപക്ഷെ കോളനിയിൽ അന്നുണ്ടായിരുന്ന ലൈംഗിക തൊഴിലാളികളോട് അന്വേഷിച്ചാൽ ഇയാളെ കണ്ടെത്താൻ കഴിഞ്ഞേക്കുമെന്നും സുബാഷ് ബാബു കൂട്ടിച്ചേർത്തു.
1986ല് കൂടരഞ്ഞിയിലും 1989ൽ വെള്ളയിൽ ബീച്ചിലും വെച്ച് താൻ കൊലപാതകങ്ങൾ നടത്തി എന്നായിരുന്നു മുഹമ്മദാലിയുടെ വെളിപ്പെടുത്തൽ. നിലവിൽ വെള്ളയിൽ ബീച്ചിൽ വെച്ചുനടത്തിയ കൊലപാതകത്തിൻ്റെ ചുരുളഴിക്കാൻ പൊലീസ് ഏഴംഗ ക്രൈം സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. കൂടരഞ്ഞിയിൽ നടത്തിയ കൊലപാതകത്തിൽ ഇരിട്ടിയിലേക്കും പാലക്കാട്ടേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുമുണ്ട്. മുഹമ്മദാലിക്ക് മാനസിക പ്രശ്നമുണ്ടോ എന്ന് തുടക്കം മുതൽക്കെ പൊലീസ് സംശയിച്ചിരുന്നു. ഇതിനിടെ 2015ൽ പലയിടങ്ങളിലായി മാനസിക പ്രയാസങ്ങൾക്ക് മുഹമ്മദാലി ചികിത്സ തേടിയതായും പൊലീസിന് വിവരം ലഭിച്ചിരുന്നു.
ജൂൺ അഞ്ചിനാണ് മുഹമ്മദാലി വേങ്ങര പൊലീസിന് മുൻപാകെ കീഴടങ്ങി കൂടരഞ്ഞിയിലെ കൊലപാതകത്തെക്കുറിച്ച് വെളിപ്പെടുത്തുന്നത്. തുടർന്ന് വെള്ളയിൽ കൊലപാതകത്തെക്കുറിച്ചും തുറന്നുപറഞ്ഞു. ഇതോടെ മൂന്ന് വർഷങ്ങൾക്കിടെ രണ്ട് കൊലപാതകങ്ങൾ ഇയാൾ നടത്തിയെന്നാണ് പൊലീസ് നിഗമനം.
എന്നാൽ കൊലപാതകങ്ങൾ നടന്ന് വർഷങ്ങൾ പിന്നിട്ടതും ആരാണ് മരിച്ചതെന്ന് കണ്ടെത്താൻ സാധിക്കാത്തതും പൊലീസിന് മുൻപിൽ ഒരു വെല്ലുവിളിയായി നിൽക്കുകയാണ്. ഇരു സംഭവങ്ങളിലും ഇതുവരെയ്ക്കും പത്രവാർത്തകൾ മാത്രമാണ് പൊലീസിന് കണ്ടെത്താനായിട്ടുള്ളത്. വെള്ളയിൽ കൊലപാതകത്തിൽ അന്നത്തെ അന്വേഷണ റിപ്പോർട്ടും കണ്ടെത്തിയിട്ടുണ്ട്.
Content Highlights: Muhammadalis twin mudrder confession true, says Retired SP to reporter