കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് പിരിച്ചുവിടാം; ഗവര്‍ണര്‍ക്ക് നിയമോപദേശം

വിഷയത്തില്‍ ഗവര്‍ണറുടെ തീരുമാനം നിര്‍ണായകമാണ്

തിരുവനന്തപുരം: കേരള സിന്‍ഡിക്കേറ്റ് പിരിച്ചുവിടാമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്ക് നിയമോപദേശം. രാജ്ഭവന്‍ അഭിഭാഷകന്‍ അഡ്വ. ശ്രീകുമാറും സ്വകാര്യ അഭിഭാഷകരുമാണ് നിയമോപദേശം നല്‍കിയത്. എന്നാല്‍ വിഷയത്തില്‍ ഗവര്‍ണറുടെ തീരുമാനം നിര്‍ണായകമാണ്. വൈസ് ചാന്‍സലര്‍ ചുമതലയുള്ള ഡോ. സിസ തോമസിന്റെ റിപ്പോര്‍ട്ടിന്മേല്‍ നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് ഗവര്‍ണര്‍.

അതേസമയം വീണ്ടും ചുമതലയേറ്റ രജിസ്ട്രാര്‍ കെ എസ് അനില്‍ കുമാറിനേയും ജോയിന്റ് രജിസ്ട്രാര്‍ ഡോ പി ഹരികുമാറിനെയും സസ്‌പെന്റ് ചെയ്യാന്‍ വൈസ് ചാന്‍സലര്‍ക്ക് നിര്‍ദേശവും ഗവര്‍ണര്‍ നല്‍കും. പി ഹരികുമാറിനെ ഇന്ന് ചുമതലകളില്‍ നിന്നും നീക്കിയിരുന്നു. സിസ തോമസിന്റേതായിരുന്നു നടപടി. പകരം ഡോ. മിനി കാപ്പനെ രജിസ്ട്രാറായും ഹേമാനന്ദിനെ ജോയിന്റ് രജിസ്ട്രാറായും നിയമിച്ചിരുന്നു. നിലവില്‍ അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ് പി ഹരികുമാര്‍. അനില്‍ കുമാറിന്റെ സസ്പെന്‍ഷന് ശേഷം രജിസ്ട്രാര്‍ ചുമതല ഹരികുമാറിനായിരുന്നു.

നാടകീയമായ സംഭവങ്ങളാണ് കഴിഞ്ഞ ദിവസം കേരള സര്‍വകലാശാലയിലെ സിന്‍ഡിക്കേറ്റ് യോഗത്തില്‍ അരങ്ങേറിയത്. രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറിന്റെ സസ്പെന്‍ഷന്‍ നടപടി റദ്ദാക്കുന്നത് സംബന്ധിച്ച് നടന്ന ചര്‍ച്ചയില്‍ നിന്ന് താത്കാലിക വി സി സിസ തോമസ് ഇറങ്ങിപ്പോയിരുന്നു. തുടര്‍ന്ന് മറ്റൊരു മുതിര്‍ന്ന സിന്‍ഡിക്കേറ്റ് അംഗത്തിന്റെ നേതൃത്വത്തില്‍ ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ കെ എസ് അനില്‍കുമാറിന്റെ സസ്പെന്‍ഷന്‍ പിന്‍വലിച്ചതായി അറിയിച്ചിരുന്നു. പിന്നാലെ രജിസ്ട്രാര്‍ ചുമതലയേറ്റിരുന്നു.

Content Highlights: Kerala University Syndicate may be dissolved; Legal advice to Governor

To advertise here,contact us