ഇടുക്കി: തൊടുപുഴ പുറപ്പുഴയിൽ ഭർത്താവ് ബലം പ്രയോഗിച്ച് വിഷം കുടിപ്പിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പുറപ്പുഴ ആനിമൂട്ടിൽ സ്വദേശി ജോർലിയാണ് മരിച്ചത്. ഭർത്താവ് ടോണി മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
മരണത്തിന് മുമ്പ് മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ ഭർത്താവ് ബലംപ്രയോഗിച്ച് വിഷം നൽകിയെന്ന് ജോർലി തന്നെയാണ് വെളിപ്പടുത്തിയത്. ജൂൺ 26നാണ് ജോർലിയെ വിഷം ഉള്ളിൽച്ചെന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജൂലായ് മൂന്നിനാണ് യുവതി മരിച്ചത്.
ഇരുവരും തമ്മിൽ നിരന്തരം തർക്കങ്ങൾ ഉണ്ടാകാറുണ്ടായിരുന്നു. തടിപ്പണിക്കാരനായ ടോണി സ്ഥിരം മദ്യപാനിയാണ്. സ്ത്രീധനത്തുകയടക്കം ഇയാൾ മദ്യപാനത്തിനായി ഉപയോഗിച്ചിരുന്നുവെന്നാണ് വിവരം. ഒരു ദിവസം ഇരുവരും തമ്മിലുണ്ടായ തർക്കത്തിനിടയിൽ ടോണി ജോർലിയോട് വിഷം കുടിക്കാൻ ആവശ്യപ്പെട്ടിരുന്നു. അല്ലെങ്കിൽ നിർബന്ധിച്ച് കുടിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. തുടർന്ന് ബലം പ്രയോഗിച്ച് ഭർത്താവ് വിഷം നൽകിയെന്നാണ് ജോർലി മൊഴി നൽകിയത്. ഇരുവരുടെയും പതിമൂന്ന് വയസുകാരിയായ മകൾ കണ്ടുകൊണ്ടിരിക്കെയായിരുന്നു ടോണി ജോർലിക്ക് വിഷം നൽകിയത്.
Content Highlights: husband gave poison to wife over disputes