ലക്ഷ്യം തൃശൂരും കൊല്ലവും അനന്തപുരിയും; തദ്ദേശ തിരഞ്ഞെടുപ്പിൽ പുത്തൻ പ്ലാനുമായി ബിജെപി

കോൺഗ്രസ് ശക്തികേന്ദ്രങ്ങളിൽ കടന്നുകയറുക എന്നതിനായിരിക്കും പാർട്ടിയുടെ പ്രഥമ പരിഗണന

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന് ഇനി കേവലം മാസങ്ങൾ മാത്രം ശേഷിക്കെ പുത്തൻ പ്ലാനുമായി ബിജെപി തയ്യാറെടുക്കുന്നു. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ ആദ്യത്തെ പ്രധാന ദൗത്യമായതിനാൽ അരയും തലയും മുറുക്കിയാണ് ബിജെപി രംഗത്തിറങ്ങുന്നത്.

സംസ്ഥാനത്തെ മൂന്ന് പ്രധാനപ്പെട്ട കോർപ്പറേഷനുകളായ തൃശൂർ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ വിജയിച്ചുകയറാനാണ് പാർട്ടി ലക്ഷ്യം വെയ്ക്കുന്നത്. കോൺഗ്രസ്, എൻ എസ് എസ്, ക്രൈസ്തവ മേഖലകളിൽ വലിയ മുന്നേറ്റമാണ് പാർട്ടി ലക്ഷ്യം വെയ്ക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് വെറും ഒരു വർഷം മാത്രം ബാക്കിനിൽക്കെ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ശക്തി തെളിയിക്കണം. ഇതിനായുള്ള പദ്ധതികൾ അണിയറയിൽ തയ്യാറാകുകയാണ്. കയ്യിലുള്ള സീറ്റുകൾ നിലനിർത്തുക എന്നതിന് പുറമെ, മികച്ച വിജയം അല്ലെങ്കിൽ സാന്നിധ്യം ശക്തമാക്കുക എന്നതാണ് പ്രാഥമികമായി പാർട്ടിയുടെ ലക്ഷ്യം.

നിലവിൽ സംസ്ഥാനത്ത് പാലക്കാട്, പന്തളം മുനിസിപ്പാലിറ്റികൾ ബിജെപിയാണ് ഭരിക്കുന്നത്. 19 ഗ്രാമ പഞ്ചായത്തുകളിലും പാർട്ടി ഭരണത്തിലുണ്ട്. 1600ഓളം വാർഡ് മെമ്പർമാരും പാർട്ടിക്കുണ്ട്. ഇത് ഗണ്യമായി വർധിപ്പിക്കുക എന്നതിനാണ് പ്രഥമ പരിഗണന.

മുൻ വർഷങ്ങളിലേതിന് വിപരീതമായി താഴേക്കിടയിലുളള പ്ലാനിങ്ങിൽ വരെ സംസ്ഥാന അധ്യക്ഷൻ ഇടപെടുന്ന രീതിയിലാണ് ബിജെപി മുന്നോട്ടുപോകാൻ പദ്ധതിയിടുന്നത്. അഞ്ച് അംഗങ്ങളുള്ള ഒരു ടീമിനെയും ഓരോ വാർഡിലും ബിജെപി സജ്ജമാക്കിയിട്ടുണ്ട്. ഓരോ പഞ്ചായത്തിലും വിജയിക്കേണ്ട സീറ്റുകളുടെ എണ്ണവും മറ്റ് ലക്ഷ്യങ്ങളും സംസ്ഥാന നേതൃത്വം തയ്യാറാക്കും. മെയ് മുതൽ നവംബർ വരെയുള്ള മാസങ്ങളിൽ കൺവെൻഷനുകളും നടത്തും. പഞ്ചായത്തിലെ ചുമതലകൾ ആർക്കെന്നത് പിന്നീട് തീരുമാനിക്കും.

കോൺഗ്രസ് ശക്തികേന്ദ്രങ്ങളിൽ കടന്നുകയറുക എന്നതിനായിരിക്കും പാർട്ടിയുടെ പ്രഥമ പരിഗണന. പിന്നീട് സിപിഐഎം കേന്ദ്രങ്ങളിലേക്ക് നീങ്ങാനാണ് പദ്ധതി. ഈഴവ, പിന്നാക്ക, പട്ടികജാതി വിഭാഗങ്ങളുള്ള വാർഡുകളിൽ കാലുറപ്പിക്കുക എന്നതും പാർട്ടിയുടെ പ്രധാനപ്പെട്ട ലക്ഷ്യമാണ്.

Content Highlights: BJP to make inroads into congress belt and many wards at local elections

To advertise here,contact us