തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന് ജയിലില് ജീവനൊടുക്കാന് ശ്രമിച്ചു. ശുചിമുറിയില് തൂങ്ങിമരിക്കാനാണ് ഇയാള് ശ്രമിച്ചത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം നടന്നത്. അഫാനെ മെഡിക്കല് കോളേജ് ആശുപത്രിയില് പ്രവേശിപ്പിച്ചു. മെഡിക്കല് കോളേജ് ആശുപത്രിയില് എംഐസിയുവിലാണ് അഫാനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇയാളുടെ നില ഗുരുതരമാണെന്നാണ് വിവരം.
തിരുവനന്തപുരം പൂജപ്പുര സെന്ട്രല് ജയിലില് യുടി ബ്ലോക്കിലായിരുന്നു അഫാന് കഴിഞ്ഞിരുന്നത്. രാവിലെ 11 മണിയോടെ ശുചിമുറിയില് പോകണമെന്ന് അഫാന് ജയില് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്ന്ന് ജയില് വാര്ഡന് അഫാനെ ശുചിമുറിയില് എത്തിച്ചു. ഇതിനിടെയാണ് അഫാന് ഉണക്കാനിട്ടിരുന്ന മുണ്ട് ഉപയോഗിച്ച് ജീവനൊടുക്കാന് ശ്രമിച്ചത്. വാതിൽ തുറക്കാൻ വൈകിയതിനെ തുടർന്ന് വാര്ഡന് ശുചിമുറിയുടെ വാതിൽ ചവിട്ടി പൊളിച്ചതിനെ തുടർന്നാണ് അഫാനെ തൂങ്ങി മരിക്കാൻ ശ്രമിച്ച നിലയിൽ കണ്ടെത്തിയത്. വാർഡൻ ഉടന് തന്നെ ജയില് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് 11.25 ഓടെ അഫാനെ തിരുവനന്തപുരം മെഡിക്കല് കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിതൃമാതാവ് സല്മാ ബീവിയെ കൊലപ്പെടുത്തിയ കേസില് അഫാനെതിരെ അന്വേഷണ സംഘം കഴിഞ്ഞ ദിവസം കുറ്റപത്രം സമര്പ്പിച്ചിരുന്നു.
തനിക്ക് തെറ്റ് പറ്റിയതാണെന്നും മാതാപിതാക്കളെ കാണണമെന്നും നേരത്തെ അഫാൻ ഉദ്യോഗസ്ഥരോട് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ചോദ്യം ചെയ്യുന്ന സമയത്ത് ഉൾപ്പെടെ ആത്മഹത്യ ചെയ്യുമെന്ന് അഫാൻ വെളിപ്പെടുത്തിയതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
ഫെബ്രുവരി 24നായിരുന്നു വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സൽമാ ബീവി, പിതൃസഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരൻ അഹ്സാൻ, പെൺസുഹൃത്ത് ഫർസാന എന്നിവരെയായിരുന്നു അഫാൻ കൊലപ്പെടുത്തിയത്. രാവിലെ പത്തിനും ആറിനുമിടയിലായിരുന്നു അഞ്ച് കൊലപാതകങ്ങളും നടന്നത്. മാതാവ് ഷെമിയെ ആക്രമിച്ചപ്പോൾ മരിച്ചെന്നായിരുന്നു അഫാൻ കരുതിയിരുന്നത്. അഞ്ച് കൊലപാതകങ്ങൾക്ക് ശേഷം അഫാൻ എലിവിഷം കഴിക്കുകയും പൊലീസിൽ കീഴടങ്ങുകയുമായിരുന്നു.
Content Highlights- Afan main accused of venjaramoodu murder case trying to kill himself in jail