തിരുവനന്തപുരം: റാപ്പര് വേടനെ അധിക്ഷേപിച്ച ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയ്ക്കെതിരെ വലതു രാഷ്ട്രീയ നിരീക്ഷകന് രാഹുല് ഈശ്വര്. വേടനെ അധിക്ഷേപിക്കാന് ശശികല ഉപയോഗിച്ച വാക്ക് വളരെ മോശമാണെന്നും അത് പിന്വലിക്കണമെന്നും രാഹുല് ഈശ്വര് ആവശ്യപ്പെട്ടു. ഫേസ്ബുക്കില് പങ്കുവെച്ച വീഡിയോയിലൂടെയാണ് വേടനെതിരെ പ്രയോഗിച്ച വാക്ക് പിന്വലിക്കണമെന്ന് രാഹുല് ആവശ്യപ്പെട്ടത്. ഇത്തരം അസഭ്യവും ആഭാസവും പറയുന്നത് നമുക്ക് ചേരുന്നതാണോ എന്ന് ശശികല ചിന്തിക്കണമെന്നും അമ്മയുടെ പ്രായത്തിലുളള ഒരു സ്ത്രീ ഇത്തരം പരാമര്ശങ്ങള് നടത്തുന്നത് സമൂഹത്തില് നെഗറ്റീവ് ഇംപാക്ട് ഉണ്ടാക്കുമെന്നും രാഹുല് ഈശ്വര് പറഞ്ഞു.
'ആളുകള് പരസ്പരം ചീത്ത വിളിച്ചും ആയുധമെടുത്തും തുടങ്ങിയാല് ഈ ലോകത്ത് ആരും ബാക്കി കാണില്ല. വാക്കുകള് കൊണ്ടുളള വയലന്സിന്റെ കാലമല്ല ഇതെന്ന് കെപി ശശികല തിരിച്ചറിയണം. കഞ്ചാവോളി എന്ന വാക്ക് എന്തുകൊണ്ടാണ് മോശമെന്ന് ആര്ക്കും ആരും പറഞ്ഞുകൊടുക്കേണ്ടതില്ലല്ലോ. വേടന്റെ ആശയങ്ങളോട് എനിക്കും വിയോജിപ്പുണ്ട്. ഗാസയിലെ കുഞ്ഞുങ്ങള്ക്കുവേണ്ടി ശബ്ദമുയര്ത്തുന്നതുപോലെ മണിപ്പൂരിലെ ക്രിസ്ത്യന് ജനതയ്ക്കുവേണ്ടിയും കശ്മീരിലെ പണ്ഡിറ്റുകള്ക്കു വേണ്ടിയും ശബ്ദമുയര്ത്താന് വേടന് കഴിയണം. വേടനെ വിമര്ശിക്കാം, നിര്ദേശങ്ങള് നല്കാം. എന്നാല് ഇത്തരം അസഭ്യവും ആഭാസവും പറയുന്നത് നമുക്ക് ചേരുന്നതാണോ? അതും അമ്മയുടെ പ്രായത്തിലുളള ഒരു സ്ത്രീ പറയുന്നത് ഒരുപാട് നെഗറ്റീവ് ഇംപാക്ട് ഉണ്ടാക്കും. അത് സാമൂഹിക സംസ്കാരത്തിന്റെ നിലവാരം കുറയ്ക്കുകയേ ഉളളു. വേടന്റെ രാഷ്ട്രീയത്തോട് യോജിക്കാത്ത ഒരു രാഷ്ട്രീയത്തിന്റെ വക്താവാണ് ഞാന്. എന്നാല് അവരെ അധിക്ഷേപിക്കുകല്ല വേണ്ടത്. ആ പരാമര്ശം പിന്വലിക്കാന് ശശികല തയ്യാറാകണം. പരസ്പര ബഹുമാനത്തോടെയുളള വിയോജിപ്പാണ് ജനാധിപത്യം'- രാഹുല് ഈശ്വര് പറഞ്ഞു.
കഴിഞ്ഞ ദിവസം പാലക്കാട് നടന്ന ഹിന്ദു ഐക്യവേദി പരിപാടിക്കിടെയാണ് വേടന്റെ തുണിയില്ലാ ചാട്ടങ്ങൾക്ക് മുമ്പിൽ സമാജം അപമാനിക്കപ്പെടുന്നുവെന്നും വേടന് മുമ്പിൽ 'ആടികളിക്കട കുഞ്ഞുരാമ' എന്ന് പറഞ്ഞു നടക്കുന്ന സംവിധാനങ്ങൾ അവസാനിപ്പിക്കാൻ സമയമായെന്നും കെപി ശശികല പറഞ്ഞത്. ഇവിടുത്തെ പട്ടികജാതി, വർഗക്കാരന്റെ തനതായ കലാരൂപം റാപ്പ് സംഗീതമാണോെന്നും അവർ ചോദിച്ചു. 'തനതായ എത്ര കലാരൂപങ്ങളുണ്ട്. സർക്കാർ ഫണ്ട് ചിലവഴിച്ച് പാലക്കാട് ഒരു പരിപാടി നടത്തുമ്പോൾ പട്ടികജാതിക്കാരുമായി പുലബന്ധം പോലുമില്ലാത്ത റാപ്പ് സംഗീതമാണോ വേണ്ടത്. വിഘടനവാദത്തിലേക്ക് ഒരു സമൂഹത്തെ തള്ളിവിടണമെങ്കിൽ അവരിൽ അവശതയുണ്ടാക്കണം, അവസരങ്ങൾ ഇല്ലാതെയാക്കണം. വേടന്റെ തുണിയില്ലാ ചാട്ടങ്ങൾക്ക് മുമ്പിൽ സമാജം അപമാനിക്കപ്പെടുകയാണ്. വേടന് മുമ്പിൽ ആടികളിക്കട കുഞ്ഞുരാമ എന്ന് പറഞ്ഞു നടക്കുന്ന സംവിധാനങ്ങൾ അവസാനിപ്പിക്കാൻ സമയമായി' എന്നാണ് ശശികല പറഞ്ഞത്.
Content Highlights: KP Sasikala should withdraw her remark against rapper vedan says Rahul Easwar