കൊച്ചി: എസ്എഫ്ഐഒ റിപ്പോർട്ടിന്മേൽ തുടർ നടപടികൾ സ്വീകരിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് ഹൈക്കോടതി നാല് മാസത്തേയ്ക്ക് കൂടി നീട്ടി. സിഎംആർഎൽ നൽകിയ ഹർജിയിലാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിൻ്റെ നടപടി. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിലെ തുടർ നടപടികൾക്കുള്ള വിലക്കാണ് ഹൈക്കോടതി നാല് മാസത്തേക്ക് കൂടി തടഞ്ഞത്. സിഎംആർഎൽ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റെ നടപടി.
എസ്എഫ്ഐഒയുടെ അന്വേഷണ റിപ്പോർട്ട് ഫയലിൽ സ്വീകരിച്ച വിചാരണക്കോടതി നടപടി ചോദ്യം ചെയ്തായിരുന്നു സിഎംആർഎലിന്റെ ഹർജി. സിഎംആർഎലിന്റെ ഹർജിയിൽ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം വിശദമായ സത്യവാങ്മൂലം നൽകണം. കമ്പനി നിയമമനുസരിച്ച് നടപടി സ്വീകരിക്കാനാകുമോയെന്നാണ് അവധിക്കാല ബെഞ്ച് സംശയം പ്രകടിപ്പിച്ചത്.
എസ്എഫ്ഐഒ റിപ്പോർട്ട് ഫയലിൽ സ്വീകരിക്കാൻ കോടതിക്ക് കഴിയുമെന്നും കമ്പനി നിയമത്തിലെ നടപടിക്രമം അനുസരിച്ചാണ് കേസെടുത്തതെന്നുമായിരുന്നു കേന്ദ്ര സർക്കാരിന്റെ വാദം. ക്രിമിനൽ നടപടിക്രമം അനുസരിച്ചല്ല കോടതിയിലെ നടപടികൾ എന്നുമാണ് കേന്ദ്ര സർക്കാർ നേരത്തെ നൽകിയ മറുപടി. പ്രതിചേർക്കപ്പെട്ടവരുടെ വാദം കേൾക്കാതെയാണ് എറണാകുളം അഡീഷണൽ സെഷൻസ് കോടതി തീരുമാനമെടുത്തതെന്നാണ് സിഎംആർഎലിന്റെ വാദം.
സിഎംആര്എല്-എക്സാലോജിക് സാമ്പത്തിക ഇടപാടിൽ സിഎംആർഎല്ലിനും ടി വീണയ്ക്കും എതിരെ എസ്എഫ്ഐഒ കുറ്റപത്രം നൽകിയിരുന്നു. കുറ്റപത്രത്തിൽ ഗുരുതര കണ്ടെത്തലുകൾ ഉണ്ടായിരുന്നു. തട്ടിപ്പില് ടി വീണ പ്രധാന പങ്കുവഹിച്ചുവെന്ന് കുറ്റപത്രത്തില് പറഞ്ഞിരുന്നു. സിഎംആര്എല് എംഡി ശശിധരന് കര്ത്തയുടെ അറിവോടെയാണ് തട്ടിപ്പുനടന്നത്. പ്രവര്ത്തിക്കാത്ത കണ്സള്ട്ടിംഗ് സ്ഥാപനത്തിനാണ് സിഎംആര്എല് പണം നല്കിയതെന്നും പ്രതിമാസം മൂന്നുലക്ഷം രൂപയ്ക്ക് പുറമേ 5 ലക്ഷം രൂപ കൂടി എക്സാലോജിക്കിനു നല്കിയെന്നും കുറ്റപത്രത്തിലുണ്ട്. എക്സാലോജികിന് സിഎംആര്എല് പ്രതിമാസം 3 ലക്ഷം രൂപ നല്കിയിരുന്നു. ഇതിന് പുറമേ ടി വീണയ്ക്കും കമ്പനി പ്രതിമാസം 5 ലക്ഷം രൂപ വീതം നല്കിയിട്ടുണ്ട് എന്നുമായിരുന്നു എസ്എഫ്ഐഒയുടെ കണ്ടെത്തല്. ഇതിന് പിന്നാലെയാണ് എസ്എഫ്ഐഒ റിപ്പോർട്ടിന്മേൽ തുടർനടപടികൾ തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ കോടതിയെ സമീപിച്ചതും തുടർ നടപടികൾ സ്വീകരിക്കുന്നതിൽ വിലക്ക് ഏർപ്പെടുത്തിയതും.
Content Highlights: High Court extends stay on further action based on SFIO report for four more months