'അഞ്ച് നേരം നിസ്‌കരിക്കുന്നത് പരമത വിദ്വേഷം'; വിദ്വേഷ പരാമർശവുമായി എന്‍ ആര്‍ മധു

നവോത്ഥാന നായകരായ ശ്രീനാരായണ ഗുരുവിനെയും അയ്യങ്കാളിയെയും മതേതരരാക്കാന്‍ ശ്രമിക്കുകയാണെന്നും എന്‍ ആര്‍ മധു

കോഴിക്കോട്: പലസ്തീന്‍ പതാക പുതച്ച് കൊണ്ട് പ്രകടനങ്ങള്‍ ആരംഭിച്ചപ്പോഴാണ് റാപ്പര്‍ വേടന് സ്വീകാര്യത ലഭിച്ചതെന്ന് കേസരി പത്രാധിപരും ആര്‍എസ്എസ് നേതാവുമായ എന്‍ ആര്‍ മധു. സിറിയ, കൊറിയ, ശ്രീലങ്ക, സൊമാലിയ, ചൈന തുടങ്ങിയ രാജ്യങ്ങളിലെ പ്രശ്‌നങ്ങള്‍ വേടന്‍ കാണുന്നുവെന്നും എന്തുകൊണ്ട് വയനാട്ടിലെ ബാല്യങ്ങളെ കാണുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. റിപ്പോര്‍ട്ടര്‍ ചാനല്‍ സീനിയര്‍ ന്യൂസ് എഡിറ്റര്‍ വി എസ് രഞ്ജിത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മധുവിന്റെ പരാമര്‍ശം.

നേരത്തെ വിവാദത്തിലായ തന്റെ പ്രസംഗം ഹിന്ദു സമൂഹത്തെ എഡുക്കേറ്റ് ചെയ്യാനുള്ളതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നവോത്ഥാന നായകരായ ശ്രീനാരായണ ഗുരുവിനെയും അയ്യങ്കാളിയെയും മതേതരരാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 'നാരായണ ഗുരു ദേവനെ മതേതരനാക്കാന്‍ പറ്റില്ല. അത് പുതിയ പ്രവണതയാണ്. അയ്യങ്കാളിയെ മതേതരനാക്കാന്‍ ശ്രമിക്കുകയാണ്. ശ്രീനാരായണ ഗുരു ഒരു ജാതി ഒരു മതമെന്ന് പറഞ്ഞപ്പോഴും നെയ്യാറ്റിന്‍കരയില്‍ മതം മാറിപ്പോയ ഈഴവരെ തിരിച്ചു കൊണ്ടുവരാന്‍ നേരിട്ട് നേതൃത്വം കൊടുത്തു. വെള്ളിക്കര മത്തായിയെന്ന പുലയനെ വെള്ളിക്കര ചോതിയാക്കി മതം മാറ്റിയയാളാണ് അയ്യങ്കാളി. ക്ഷേത്ര പ്രതിഷ്ഠയിലൂടെയാണ് കേരളത്തില്‍ നവോത്ഥാനമുണ്ടായത്', അദ്ദേഹം പറഞ്ഞു.

ഇസ്ലാം സമൂഹത്തിലെയും ക്രിസ്ത്യന്‍ സമൂഹത്തിലെയും പത്ത് നവോത്ഥാന നായകന്മാരുടെ പേര് പറയാനും മധു ആവശ്യപ്പെട്ടു. എല്ലാ മതത്തെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ലോകത്തുള്ള ഒരേ ഒരു മതമാണ് ഹിന്ദുവെന്നും എന്‍ ആര്‍ മധു പറഞ്ഞു. ഇസ്‌ലാം മതത്തില്‍ അഞ്ചുനേരം മൈക്ക് കെട്ടി നിസ്‌കരിക്കുന്നത് പരമത വിദ്വേഷമാണെന്ന പരാമര്‍ശവും എന്‍ ആര്‍ മധു നടത്തി.

'അല്ലാഹു അല്ലാതെ ദൈവമില്ലെന്നാണ് അഞ്ച് നേരം നിസ്‌കരിക്കുമ്പോള്‍ പറയുന്നത്. അല്ലാഹുവില്‍ വിശ്വസിക്കാത്തവനെ കാഫിര്‍ എന്നാണ് വിളിക്കുന്നത്. കാഫിറിനെ കണ്ടുമുട്ടുന്നിടത്ത് വെച്ച് കൊന്നു കളഞ്ഞാല്‍ സ്വര്‍ഗം ലഭിക്കുമെന്ന് ഖുര്‍ആനില്‍ ഞാന്‍ വായിച്ചിട്ടുണ്ട്. മുസ്‌ലിം മതത്തെയല്ല, മതമൗലിക വാദത്തെയാണ് എതിര്‍ക്കുന്നത്', എന്‍ ആര്‍ മധു പറഞ്ഞു.

Content Highlights: N R Madhu against Islam

To advertise here,contact us