അമേരിക്കയിൽ ദേശീയ സൈബർ ഡയറക്ടർ സീൻ കെയിൻക്രോസ് രാജിവെച്ചു; ട്രംപ് ഭരണകൂടത്തിൽ അഴിച്ചുപണി

പ്രതിരോധ വകുപ്പിന്റെ ചീഫ് ഇൻഫർമേഷൻ ഓഫീസറായ കിർസ്റ്റൺ ഡേവീസ് താൽക്കാലിക ദേശീയ സൈബർ ഡയറക്ടറായി ചുമതലയേൽക്കും

വാഷിങ്ടൺ: അമേരിക്കയിൽ ട്രംപ് ഭരണകൂടത്തിൽ വീണ്ടും സ്ഥാനചലനം. ദേശീയ സൈബർ ഡയറക്ടർ സീൻ കെയിൻക്രോസ് രാജിവെച്ചു. വ്യാഴാഴ്ചയാണ് വൈറ്റ് ഹൗസ് വൃത്തങ്ങൾ ഇക്കാര്യം സ്ഥിരീകരിച്ചത്. അമേരിക്കയിലെ വിമാനഗതാഗതം, ബാങ്കിങ് മേഖല, ദേശീയ സുരക്ഷാ സംവിധാനങ്ങൾ എന്നിവയെ ബാധിച്ച തുടർച്ചയായ സാങ്കേതിക തകരാറുകൾക്കിടയിലാണ് സീൻ കെയിൻക്രോസിൻ്റെ രാജി എന്നതാണ് ശ്രദ്ധേയം. കെയിൻക്രോസിനെ സ്ഥാനത്തുനിന്ന് നീക്കാനുള്ള തീരുമാനത്തെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പൂർണമായി പിന്തുണച്ചതായാണ് വൈറ്റ് ഹൗസുമായി അടുത്ത ബന്ധമുള്ള ഉദ്യോ​ഗസ്ഥനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സൈബർ സുരക്ഷാ രംഗത്ത് ആവശ്യമായ സാങ്കേതിക പരിജ്ഞാനവും യോഗ്യതയും കെയിൻക്രോസിന് ഇല്ലെന്ന വിലയിരുത്തലാണ് നടപടിക്ക് പിന്നിലെന്നുമാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്.

പ്രതിരോധ വകുപ്പിന്റെ ചീഫ് ഇൻഫർമേഷൻ ഓഫീസറായ കിർസ്റ്റൺ ഡേവീസ് താൽക്കാലിക ദേശീയ സൈബർ ഡയറക്ടറായി ചുമതലയേൽക്കും. സൈബർ സുരക്ഷാ രംഗത്ത് ആവശ്യമായ പരിചയസമ്പത്തും യോഗ്യതയും അവർക്കുണ്ടെന്നാണ് വൈറ്റ് ഹൗസിന്റെ വിലയിരുത്തൽ. ട്രംപ് ഭരണകൂടത്തിൻ്റെ വിവിധ വകുപ്പുകളിലെയും ഏജൻസികളിലെയും സൈബർ സുരക്ഷാ നയങ്ങളും തന്ത്രങ്ങളും ഏകോപിപ്പിക്കുന്നതിനുള്ള ചുമതലയാണ് നാഷണൽ സൈബർ ഡയറക്ടറുടെ ഓഫീസിനുള്ളത്. നിർമിതബുദ്ധിയുമായി (എഐ) ബന്ധപ്പെട്ട സുരക്ഷാ നയങ്ങൾ രൂപീകരിക്കുന്നതിലും കെയിൻക്രോസ് പ്രധാന പങ്കുവഹിച്ചിരുന്നു.

അതേസമയം ഭരണകൂടത്തിലെ മറ്റ് വിഭാഗങ്ങളുമായി കെയിൻക്രോസിന് അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ട്. എഐയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ട്രഷറി വകുപ്പ് അമിതമായി ഇടപെടുന്നതായി അദ്ദേഹത്തിന് പരാതിയുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. എന്നാൽ എഐയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിൽ കെയിൻക്രോസ് വേണ്ടത്ര വേഗം കാണിച്ചില്ലെന്നായിരുന്നു ട്രഷറി സെക്രട്ടറിയായ സ്കോട്ട് ബെസന്റിന്റെയും അനുയായികളുടെയും ആരോപണം. കെയിൻക്രോസിന്റെ നയവിഭാഗം മേധാവിയായിരുന്ന തോമസ് ലിൻഡ് കഴിഞ്ഞ ജൂണിൽ പദവി ഒഴിഞ്ഞിരുന്നു. പിന്നീട് ഒക്ടോബറിൽ ഓപ്പൺഎഐയുടെ ദേശീയ സുരക്ഷാ നയ വിഭാഗത്തിൽ സൈബർ, തന്ത്രപ്രധാന അപകടസാധ്യതകളുടെ മേധാവിയായി അദ്ദേഹം ചുമതലയേറ്റു.

കഴിഞ്ഞ ഏതാനും ആഴ്ചകളായി അമേരിക്കയിലെ വിവിധ മേഖലകളിൽ സൈബ‍ർ സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്തിരുന്നു. മൈക്രോസോഫ്റ്റ് ഉൾപ്പെടെയുള്ള കമ്പനികളുടെ സേവനങ്ങൾ തടസ്സപ്പെട്ടതും വിമാനഗതാഗതം മണിക്കൂറുകളോളം നിർത്തിവെക്കേണ്ടി വന്നതും ബാങ്കിങ് മേഖലയിലുണ്ടായ തടസ്സങ്ങളും ഇതിൽ ഉൾപ്പെടുന്നു. ദേശീയ സുരക്ഷാ ഏജൻസിയായ എൻഎസ്എയുടെ ആഭ്യന്തര ശൃംഖലയിലും താൽക്കാലിക തടസ്സമുണ്ടായി. ഈ സംഭവങ്ങൾക്കു പിന്നിൽ സൈബർ ആക്രമണമാണോ എന്ന ആശങ്കയും ഉയർന്നിരുന്നു. എന്നാൽ, അറ്റകുറ്റപ്പണികളും സാങ്കേതിക മാറ്റങ്ങളുമായി ബന്ധപ്പെട്ട വ്യത്യസ്ത തകരാറുകളാണ് ഇവയെന്നും ഏകോപിതമായ സൈബർ ആക്രമണത്തിന്റെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം മേധാവി ജെയ് ക്ലേറ്റൺ വ്യക്തമാക്കിയിരുന്നു.

സൈബർ സുരക്ഷാ രംഗത്തെ നിർണായക പദവികളിൽ കൂടുതൽ നിയമനങ്ങൾ നടത്താനുള്ള ശ്രമത്തിലാണ് ട്രംപ് ഭരണകൂടമെന്നാണ് റിപ്പോ‍ർട്ട്. സൈബർ സുരക്ഷാ, അടിസ്ഥാനസൗകര്യ സുരക്ഷാ ഏജൻസിയുടെ (CISA) മേധാവിയായി ട്രംപ് നാമനിർദേശം ചെയ്ത മൈക്കൽ ലോസാപിയോയുടെ നിയമനവും സെനറ്റിന്റെ പരിഗണനയിലാണ്.

Content Highlights: US National Cyber Director Sean Cairncross has resigned from his position, marking another major departure amid ongoing changes and a reshuffle within the Trump administration

To advertise here,contact us