വാഷിങ്ടൺ: വെനസ്വേലൻ മുൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയ്ക്കും ഭാര്യ സീലിയ ഫ്ലോറസിനുമെതിരെ അമേരിക്കൻ പൗരന്മാരെ പീഡിപ്പിച്ചെന്ന ആരോപണത്തിൽ പുതിയ കുറ്റങ്ങൾ ചുമത്താൻ ന്യൂയോർക്കിലെ പ്രോസിക്യൂട്ടർമാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. അന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയാവുന്ന ഒന്നിലധികം വ്യക്തികളെ ഉദ്ധരിച്ച് സിഎൻഎൻ ആണ് റിപ്പോർട്ട് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പുതിയ കുറ്റങ്ങൾ സംബന്ധിച്ച പ്രഖ്യാപനം വ്യാഴാഴ്ച തന്നെ ഉണ്ടായേക്കാമെന്നാണ് സൂചന. മഡുറോയുടെ ഭരണകാലത്ത് വെനസ്വേലൻ സർക്കാർ തടവിലാക്കിയിരുന്ന ഒരു ഡസനിലധികം അമേരിക്കൻ പൗരന്മാരെ അന്യായമായി തടങ്കലിൽ പാർപ്പിക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്ന അമേരിക്കൻ സർക്കാരിന്റെ ആരോപണങ്ങളുമായി ബന്ധപ്പെട്ടായിരിക്കും പുതിയ കുറ്റങ്ങൾ എന്നാണ് റിപ്പോർട്ട്.
അമേരിക്കൻ പൗരന്മാരെ പീഡിപ്പിച്ചതിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന മറ്റ് ചിലർക്കെതിരെയും കുറ്റം ചുമത്തുന്നതിനെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥർ ആലോചിച്ചിട്ടുണ്ടെന്നും വിഷയവുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. മഡുറോയുടെ ഭരണകാലത്ത് വെനസ്വേലയിൽ തടവിലാക്കപ്പെട്ട അമേരിക്കൻ പൗരന്മാരുടെ അവസ്ഥയെക്കുറിച്ചാണ് അന്വേഷണം പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത്. മഡുറോയുടെ ഭരണകൂടം അമേരിക്കൻ പൗരന്മാരെ അന്യായമായി തടങ്കലിൽ പാർപ്പിച്ചിരുന്നതായി അമേരിക്കൻ സർക്കാർ നേരത്തെ ആരോപിച്ചിരുന്നു. നിലവിൽ മഡുറോയ്ക്കും ഭാര്യയ്ക്കുമെതിരെ അമേരിക്കയിൽ മറ്റൊരു ക്രിമിനൽ കേസ് നിലവിലുണ്ട്. ജനുവരിയിൽ കാരക്കാസിൽ നടന്ന യുഎസ് സൈനിക നടപടിക്കിടെയാണ് ഇരുവരെയും പിടികൂടിയത്. തുടർന്ന് ന്യൂയോർക്കിലേക്ക് കൊണ്ടുവന്ന് നാർക്കോ ടെററിസം ഗൂഢാലോചനയും മയക്കുമരുന്ന് കടത്തലുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ചുമത്തി. നിലവിലുള്ള കുറ്റങ്ങൾ മഡുറോയും ഫ്ലോറസും നിഷേധിച്ചിട്ടുണ്ട്. വിചാരണ നേരിടുന്നതിനായി ഇരുവരും ഇപ്പോൾ ബ്രൂക്ലിനിലെ ഫെഡറൽ ജയിലിലാണ് കഴിയുന്നത്.
മഡുറോ അധികാരത്തിലിരുന്ന കാലയളവിൽ വെനസ്വേലയിൽ തടവിലാക്കപ്പെട്ടിരുന്ന ഒരു ഡസനിലധികം അമേരിക്കൻ പൗരന്മാരുടെ കാര്യത്തിലാണ് പുതിയ അന്വേഷണം നടക്കുന്നതെന്നാണ് അന്വേഷണവുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുള്ള സിഎൻഎൻ റിപ്പോർട്ട്. ഇവരെ തടങ്കലിൽ പാർപ്പിച്ച സമയത്ത് പീഡിപ്പിച്ചോ എന്നതും അതിന് മഡുറോ, ഫ്ലോറസ്, മറ്റ് ഉദ്യോഗസ്ഥർ എന്നിവർക്ക് ക്രിമിനൽ ഉത്തരവാദിത്തമുണ്ടോ എന്നതുമാണ് അന്വേഷണത്തിലെ പ്രധാന വിഷയങ്ങൾ. മഡുറോയും ഫ്ലോറസും നിലവിലുള്ള കേസിനെതിരെ നിയമപോരാട്ടം തുടരുന്നതിനിടെയാണ് പുതിയ ആരോപണങ്ങൾ ഉയരുന്നത്. പ്രധാന ക്രിമിനൽ കേസിന്റെ വിചാരണ 2027 ജൂൺ ഒന്നിന് ആരംഭിക്കാനാണ് ഫെഡറൽ കോടതി തീരുമാനിച്ചിരിക്കുന്നത്. അതേസമയം മഡുറോയ്ക്കും ഭാര്യയ്ക്കുമെതിരായ ആരോപണങ്ങളിൽ പ്രോസിക്യൂട്ടർമാർ അന്വേഷണം തുടരുകയാണെന്നാണ് റിപ്പോർട്ട്.
ഫ്ലോറസിനെ വ്യാഴാഴ്ച മാൻഹട്ടനിലെ ഫെഡറൽ കോടതിയിൽ ഹാജരാക്കും. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി വിചാരണയ്ക്ക് മുമ്പ് ജാമ്യത്തിൽ വിട്ടയക്കണമെന്നാണ് അവർ കോടതിയോട് ആവശ്യപ്പെടുമെന്നാണ് റിപ്പോർട്ട്. എന്നാൽ പ്രോസിക്യൂഷൻ ഇതിനെ എതിർക്കുകയാണ്. മഡുറോയുടെ ഭരണകാലത്ത് അമേരിക്കൻ പൗരന്മാരെ വെനസ്വേലയിൽ തടങ്കലിൽ പാർപ്പിച്ചതുമായി ബന്ധപ്പെട്ട ആരോപണങ്ങൾ നേരത്തെയും അമേരിക്കൻ ഭരണകൂടം ഉന്നയിച്ചിരുന്നു. മഡുറോ സർക്കാരിനെതിരെ സാമ്പത്തിക ഉപരോധങ്ങളിൽ ഇളവ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതിനായി അമേരിക്കൻ തടവുകാരെ സമ്മർദ്ദത്തിനുള്ള ഉപാധിയായി ഉപയോഗിച്ചുവെന്നും അമേരിക്ക ആരോപിച്ചിരുന്നു.
Content Highlights: New charges may be brought against Venezuelan President Nicolas Maduro and his wife Cilia Flores over allegations, US citizens, adding to the legal pressure surrounding the Venezuelan leadership.