ഹൂതികളുടെ ശക്തികേന്ദ്രമായ സനായിലേക്ക് വന്‍ വ്യോമാക്രമണം; 700ലധികം ഹൂതി വിമതരെ വധിച്ചെന്ന് യെമന്‍ സൈന്യം

യുദ്ധ വിമാനങ്ങളും, ഡ്രോണുകളും, ആര്‍ട്ടിലറികളും റോക്കറ്റ് ലോഞ്ചറുകളും മിസൈലുകളും ഉപയോഗിച്ചായിരുന്നു ആക്രമണം എന്നാണ് വിവരം

സനാ: ഹൂതികളുടെ ശക്തികേന്ദ്രമായ സനായിലേക്ക് വന്‍ വ്യോമാക്രമണവുമായി യെമന്‍ സൈന്യം. സനായിലേക്ക് 257 ആക്രമണങ്ങള്‍ നടത്തിയെന്നും 700ലധികം ഹൂതി വിമതരെ വധിച്ചെന്നും സൈന്യം അവകാശപ്പെടുന്നു. യുദ്ധ വിമാനങ്ങളും, ഡ്രോണുകളും, ആര്‍ട്ടിലറികളും റോക്കറ്റ് ലോഞ്ചറുകളും മിസൈലുകളും ഉപയോഗിച്ചായിരുന്നു ആക്രമണം എന്നാണ് വിവരം. നേരത്തെ തായിസ് നഗരത്തിന്റെ പടിഞ്ഞാറന്‍ മേഖല ലക്ഷ്യമിട്ട് ഹൂതികള്‍ നടത്തിയ ആക്രമണങ്ങളെ സര്‍ക്കാര്‍ സേന തകര്‍ക്കുകയും, ഹൂതികള്‍ പിന്തിരിയാന്‍ നിര്‍ബന്ധിതരാകുകയും ചെയ്തിരുന്നു.

ഗവര്‍ണറേറ്റിലെ വിവിധ മേഖലകളില്‍ ഹൂതികളുടെ താവളങ്ങള്‍, ശക്തികേന്ദ്രങ്ങള്‍, വിതരണ പാതകള്‍ എന്നിവ ലക്ഷ്യമാക്കി വ്യോമാക്രമണങ്ങള്‍ ശക്തമാക്കിയ സാഹചര്യത്തിലായിരുന്നു ആക്രമണമുണ്ടായത്. ഹൂതികള്‍ തായിസ് നഗരത്തിന്റെ ഗ്രാമീണ മേഖലകള്‍ പിടിച്ചെടുത്ത് തെക്കുഭാഗത്ത് നിന്ന് നഗരത്തെ പിടിച്ചെടുക്കാന്‍ ശ്രമിക്കുകയാണ്. ലാഹിജ്, ഏദന്‍ എന്നിവിടങ്ങളിലേക്കുള്ള സ്വതന്ത്ര യെമന്‍ പ്രദേശങ്ങളില്‍ നിന്ന് അതിനെ ഒറ്റപ്പെടുത്താനും കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി ശ്രമം തുടരുന്നു.

ഉയര്‍ന്ന പ്രദേശങ്ങളുടെ നിയന്ത്രണം ഏറ്റെടുത്ത് പടിഞ്ഞാറന്‍ തീരപ്രദേശങ്ങളിലും ബാബ് അല്‍-മന്ദബ് മേഖലയിലും തങ്ങളുടെ സ്വാധീനം ഉറപ്പിക്കാനും അവര്‍ ശ്രമിക്കുന്നുണ്ട്. അല്‍-അക്രുദ്, സാമിയ, അല്‍-അഹ്കൂം, അല്‍-അക്ബൂഷ്, ജബല്‍ റാസെന്‍, ജബല്‍ ജര്‍ദാദ്, ബാനി ഒമര്‍, ബാനി ബകാരി, അല്‍-കാവീഷ്, അല്‍-അതാവിര്‍ എന്നീ പ്രദേശങ്ങളില്‍ ഹൂതികളുടെ കേന്ദ്രങ്ങള്‍ക്കെതിരെ യെമന്‍ സൈന്യം 71 ആക്രമണങ്ങള്‍ നടത്തിയതായി സായുധ സേനാ വക്താവ് കേണല്‍ മജിദ് അല്‍-നുസൈലി പറഞ്ഞു. ഈ ആക്രമണങ്ങളില്‍ ഹൂതികള്‍ക്ക് വന്‍ നാശ നഷ്ടമുണ്ടായെന്നാണ് യെമന്‍ അവകാശപ്പെടുന്നത്.

ഇറാന്‍ പിന്തുണയുള്ള ഹൂതികളും സൗദി പിന്തുണയുള്ള സര്‍ക്കാരിനൊപ്പം നിലയുറപ്പിച്ച സേനകളും തമ്മിലുള്ള സംഘര്‍ഷം 2022-ലെ വെടിനിര്‍ത്തല്‍ കരാറിനെത്തുടര്‍ന്ന് ഏറെക്കുറെ നിലച്ചിരുന്നു. എന്നാല്‍, ഇറാനും അമേരിക്കയും തമ്മിലുള്ള വിശാലമായ സംഘര്‍ഷത്തിന്റെ ഭാഗമായാണ് ഇപ്പോള്‍ വീണ്ടും പോരാട്ടം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. ജൂലൈയില്‍ സൗദി അറേബ്യയ്ക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിക്കുകയും സൗദി പ്രദേശങ്ങളിലും കപ്പലുകള്‍ക്ക് നേരെയും ആക്രമണം ആരംഭിക്കുകയും ചെയ്തതോടെയാണ് ഈ വര്‍ഷം നീക്കങ്ങള്‍ പുനരാരംഭിച്ചത്. ഇതോടൊപ്പം യെമന്റെ ചെങ്കടല്‍ തീരത്ത് ഹൂതി സേന തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ വിപുലീകരിക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന്, യെമനില്‍ വ്യോമാക്രമണങ്ങള്‍ നടത്തിയും ഹൂതികളെ തുരത്താന്‍ പോരാടുന്ന സര്‍ക്കാര്‍ സേനയെ പിന്തുണച്ചും സൗദി അറേബ്യ തിരിച്ചടിക്കുകയും ചെയ്തിരുന്നു. അതേസമയം ഒമാന്‍ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണമുണ്ടായി. ടാങ്കര്‍ കപ്പലിന് നേരെയായിരുന്നു ആക്രമണം. രണ്ട് ദിവസത്തിനിടെ ആക്രമിക്കപ്പെടുന്ന മൂന്നാമത്തെ കപ്പലാണ് ഇത്. ഇറാനുമേല്‍ തീരുമാനം ഉടനെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്.

Content Highlights: Yemen's government forces have claimed to have carried out 257 attacks on Sanaa, a key Houthi stronghold, and said more than 700 Houthi fighters were killed. The operations reportedly involved fighter jets, drones, artillery, rocket launchers and missiles. The government forces had earlier pushed back Houthi fighters from areas west of Taiz following clashes in the region.

To advertise here,contact us