BRICS ലെ സംയുക്ത പ്രസ്താവന: ഇന്ത്യയുടെ നയതന്ത്ര നേട്ടം എന്ന് വിലയിരുത്തല്‍, ഫോര്‍മുല മുന്നോട്ട് വെച്ചത് ഇന്ത്യ

ബ്രിക്സിന്റെ അവസാന ദിവസമായ ഇന്ന് സൗദി വിദേശകാര്യ മന്ത്രിയും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്

ന്യൂഡല്‍ഹി: രണ്ട് ദിവസം നീണ്ട് നിന്ന പതിനെട്ടാമത് ബ്രിക്‌സ് ഉച്ചകോടിക്ക് ഇന്ന് സമാപനം. അവസാന ദിവസമായ ഇന്ന് സൗദി വിദേശകാര്യ മന്ത്രിയും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. വ്യാപാരം, ഊര്‍ജ്ജ സുരക്ഷ, സാമ്പത്തിക സഹകരണം എന്നിവ ചര്‍ച്ചയാകും. ആദ്യ ദിവസമായ ഇന്നലെ ബ്രിക്‌സ് രാജ്യങ്ങളുടെ ആഭ്യന്തര ചര്‍ച്ചകളും ഉഭയകക്ഷി ചര്‍ച്ചകളുമായിരുന്നു നടന്നത്. ഇന്ത്യ ചൈന അതിര്‍ത്തി തര്‍ക്കം രമ്യതയില്‍ പരിഹരിക്കാന്‍ മോദി - ഷി ജിന്‍പിങ് കൂടിക്കാഴ്ചയില്‍ തീരുമാനമായിട്ടുണ്ട് എന്നതും പ്രധാനമാണ്. 'എല്ലാവരേയും ഉള്‍ക്കൊള്ളുന്ന ആഗോള വളര്‍ച്ച' എന്നതാണ് ഇന്ന് ഉച്ചകോടിയിലെ പ്രധാന വിഷയം.

ആദ്യ ദിവസം തന്നെ സംയുക്ത പ്രസ്താവന അംഗീകരിക്കാന്‍ കഴിഞ്ഞത് ഇന്ത്യയുടെ നയതന്ത്ര വിജയമായാണ് വിലയിരുത്തപ്പെടുന്നത്. അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിച്ച് സംയുക്ത പ്രസ്താവനയില്‍ സമവായത്തിലെത്താന്‍ രാജ്യങ്ങളുമായി നടത്തിയ തീവ്രമായ ചര്‍ച്ചകള്‍ക്കൊടുവിലാണ് ധാരണയുണ്ടായത്. ഇന്ന് പുലര്‍ച്ചെ വരെ ചര്‍ച്ച നീണ്ട് പോയിരുന്നു. ഇറാനും സൗദിയും യുഎഇയും തമ്മില്‍ നിലനില്‍ക്കുന്ന പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിലെ ഭിന്നതയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. യുഎസ്-ഇസ്രായേല്‍ ആക്രമണം പ്രഖ്യാപനത്തില്‍ വ്യക്തമായി രേഖപ്പെടുത്തണമെന്ന ഇറാന്റെ നിലപാട് പിന്നീട് മയപ്പെടുത്തിയതായാണ് വിവരം.

അമേരിക്കയ്ക്കും പാശ്ചാത്യ രാജ്യങ്ങള്‍ക്കുമെതിരെ കടുത്ത നിലപാട് സ്വീകരിക്കണമെന്ന ആവശ്യവും ബ്രിക്‌സ് പ്രഖ്യാപനത്തില്‍ നിന്ന് ഒഴിവാക്കി. ആഗോളതലത്തില്‍ പുതിയ രണ്ട് ചേരികള്‍ സൃഷ്ടിക്കുകയല്ല, നിലവിലെ ആഗോളക്രമത്തില്‍ ആവശ്യമായ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരികയാണ് വേണ്ടതെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. ഒരു രാജ്യങ്ങളുടേയും പേര് പറയാതെയുള്ള സംയുക്ത പ്രസ്താവനയിലേക്ക് ഇന്ത്യ എത്തുകയും അത് മറ്റ് പങ്കാളിത്ത രാജ്യങ്ങള്‍ അംഗീകരിക്കുകയുമായിരുന്നു. ഇന്ത്യ, ഇറാന്‍ പ്രസിഡന്റുമായും റഷ്യന്‍ പ്രസിഡന്റുമായും മറ്റ് ഭരണാധികാരികളുമായും നടത്തിയ കൂടിക്കാഴ്ചകളും ഇതില്‍ നിര്‍ണായകമായി എന്നാണ് വിലയിരുത്തപ്പെടുന്നത്.

ചൈനീസ് പ്രസിഡന്റുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ച വിജയമെന്ന് വിദേശകാര്യ മന്ത്രാലയം വിലിയരത്തിയിരുന്നു. ഇന്ത്യ-ചൈന ബന്ധത്തിലും നിര്‍ണായകമായ നിലപാടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചതെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയും ചൈനയും പരസ്പരം എതിരാളികളല്ലെന്നും പങ്കാളികളാണെന്നും മോദി നിലപാട് വ്യക്തമാക്കിയതായി ചൈനീസ് മാധ്യമങ്ങള്‍ പറയുന്നു. ഇന്ത്യന്‍ മണ്ണ് ചൈനയ്‌ക്കെതിരായ നീക്കങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് മോദി ഉറപ്പുനല്‍കിയതായും ചൈന അവകാശപ്പെട്ടു. അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന നിലപാട് ചൈനീസ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലും വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്. ചൈനയുമായുള്ള ബന്ധത്തെ മറ്റേതെങ്കിലും രാജ്യവുമായുള്ള ഇന്ത്യയുടെ ബന്ധം ബാധിക്കില്ലെന്ന് ഇന്ത്യ ഉറപ്പുനല്‍കിയതായും ചൈനീസ് വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ എതിര്‍ ചേരിയിലുള്ള ഇറാനും യുഎഇയും തമ്മിലുള്ള ചര്‍ച്ചയ്ക്ക് ഡല്‍ഹി വേദിയായി എന്നതും പ്രത്യേകതയാണ്. ഇറാന്‍ പ്രസിഡന്റും യുഎഇ ഭരണാധികരികളും തമ്മിലുള്ള കൂടിക്കാഴ്ച ഇന്നലെ ഡല്‍ഹിയില്‍ സാധ്യമായിരുന്നു. ഇന്ന് പത്ത് മണിയോടെ തന്നെ രണ്ടാം ദിവസത്തെ അജണ്ടകള്‍ ആരംഭിക്കുമെന്നാണ് കരുതുന്നത്. പത്ത് പങ്കാളിത്ത രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള 21 രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുക്കുന്ന ചര്‍ച്ചയാകും ഇന്ന് നടക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ രാഷ്ട്ര തലവന്‍മാരുമായി ഇന്നും കൂടിക്കാഴ്ചകള്‍ നിശ്ചയിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയോടെ ബ്രിക്‌സ് ഉച്ചകോടിക്ക് ഊദ്യോഗികമായി സമാപനമാകും. വൈകുന്നേരം വരെ ഉഭയകക്ഷി കൂടിക്കാഴ്ചകള്‍ തുടരും.

Content Highlights: The two-day 18th BRICS Summit concludes today, with trade, energy security and economic cooperation among the key areas of discussion. The theme for the final day is ‘inclusive global growth’. India’s agreement with BRICS partners on a joint statement on the first day is being viewed as a diplomatic achievement, following prolonged discussions over differences linked to West Asian tensions. The Modi-Xi Jinping meeting and India’s bilateral engagements with Iran, Russia and other leaders were also seen as significant.

To advertise here,contact us