ന്യൂഡൽഹി: ബ്രിക്സ് ബിസിനസ് ഫോറത്തില്‍ ഇന്ത്യയ്ക്ക് നന്ദി പറഞ്ഞ് ഇറാന്. പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ ഇറാന് വലിയ സാമ്പത്തിക ഉപരോധം നേരിട്ടെന്നും ആ സമയങ്ങളില്‍ ഇന്ത്യ നല്കിയ പിന്തുണയ്ക്ക് രാജ്യത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി പറഞ്ഞാണ് ഇറാന് പ്രസിഡന്റ് മസൂദ് പെസഷ്കിയാന് പ്രതികരിച്ചത്. ഉച്ചകോടിയെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു ഇറാൻ പ്രസിഡൻ്റിൻ്റെ പ്രതികരണം. ബ്രിക്സിന്റെ യഥാര്‍ത്ഥ ശക്തി അതിന്റെ അംഗങ്ങളുടെ സാമ്പത്തിക ശാസ്ത്രത്തിന്റെ വലിപ്പത്തില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും മറിച്ച് ഒന്നിച്ചുള്ള വ്യാപാരം, നിക്ഷേപം, സംയുക്ത ധനസഹായം എന്നിവയുടെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോകം ഇന്ന് ഏറ്റവും സങ്കീര്‍ണ്ണമായ ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ചരക്ക് വ്യവസായത്തെ സാരമായി ബാധിച്ചെന്നും പെസഷ്കിയാന് പറഞ്ഞു. വിതരണ ശൃംഖലകളിലെ തടസ്സങ്ങളും രാഷ്ട്രീയ സമ്മര്‍ദ്ദം സാമ്പത്തിക സ്ഥിതികളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയെന്നും അദ്ദേഹം പറഞ്ഞു. 'ഭൗമരാഷ്ട്രീയത്തിലെ അനിശ്ചിതത്വം, വിതരണ ശൃംഖലകളിലെ തടസ്സങ്ങള്‍, രാഷ്ട്രീയ സമ്മര്‍ദ്ദം, തുടങ്ങിയവ സ്ഥിതിഗതികള്‍ സങ്കീര്‍ണ്ണമാക്കിയിരിക്കുന്നു. ഈ വെല്ലുവിളികളോടുള്ള ബ്രിക്സിന്റെ പ്രതികരണം എന്താണ്', എന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, ഇന്ത്യ ആഗോള പ്രശ്നങ്ങളുടെ പരിഹാര കേന്ദ്രമായി മാറിയെന്ന് ബ്രിക്സ് ബിസിനസ് ഫോറത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.എല്ലാ അന്താരാഷ്ട്ര മേഖലകളിലും ബ്രിക്സ് ഇടപെടുന്നുണ്ടെന്നും ലോക ജിഡിപിയുടെ 40% ബ്രിക്സ് രാജ്യങ്ങളിലാണെന്നും വ്ളാഡിമിര്‍ പുടിന് പറഞ്ഞു. ജി 7 രാജ്യങ്ങളില്‍ ജിഡിപി 29% മാത്രമാണെന്നും പുടിന് ചൂണ്ടിക്കാട്ടി.
സെപ്റ്റംബര്‍ 12, 13 തീയതികളില്‍ ഡല്‍ഹിയിലെ ഭാരത് മണ്ഡപത്തിലാണ് ബ്രിക്സ് ഉച്ചകോടി നടക്കുന്നത്. ഇറാനിലെയും യുക്രെയ്നിലെയും യുദ്ധങ്ങളും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭരണത്തിന് കീഴിലെ ആഗോള രാഷ്ട്രീയ സാഹചര്യങ്ങളും നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഉച്ചകോടി നടക്കുന്നത്.
Content Highlights: Iran thanked India at the BRICS Business Forum, highlighting the growing cooperation between the two countries.