സൗദി അറേബ്യയിലെ അരാംകോയിലും വിമാനത്താവളങ്ങളിലും ആക്രമണം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഹൂതികൾ

അരാംകോയ്ക്ക് പുറമേ വിമാനത്താവളങ്ങളും ആക്രമിച്ചിട്ടുണ്ടെന്ന് ഹൂതികള്‍ അവകാശപ്പെടുന്നുണ്ട്

റിയാദ്: സൗദി അറേബ്യയിലെ ജനവാസ- വാണിജ്യ മേഖലകളില്‍ ഹൂതികളുടെ ആക്രമണമെന്ന് റിപ്പോർട്ട്. ദക്ഷിണ പ്രവിശ്യയിലെ ഊര്‍ജ്ജ കേന്ദ്രങ്ങളും മറ്റ് യന്ത്രസാമഗ്രഹികളും ഹൂതികള്‍ ലക്ഷ്യമിട്ടതായി ഊര്‍ജ്ജ മന്ത്രി സ്ഥിരീകരിച്ചു. 73പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹൂതി വിമതര്‍ സൗദിയില്‍ നടത്തിയ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. സൗദിയിലെ പ്രമുഖ എണ്ണ കമ്പനിയായ അരാംകോയ്ക്ക് പുറമേ വിമാനത്താവളങ്ങളും ആക്രമിച്ചിട്ടുണ്ടെന്ന് ഹൂതികള്‍ അവകാശപ്പെടുന്നുണ്ട്.

അഭാ അന്താരാഷ്ട്ര വിമാനത്താവളം, കിങ് ഖാലിദ് എയര്‍ബേസ്, അഭായിലേയും ജിസാനിലെയും അരാംകോ സൈറ്റുകളും ആക്രമിച്ചിട്ടുണ്ടെന്നാണ് വിവരം. ജിസാന്‍ അരാംകോ സൗദി - യെമന്‍ അതിര്‍ത്തിയോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. നിരവധി തവണ ഹൂതികളുടെ ആക്രമണം നേരിട്ട സൗദിയുടെ വ്യവസായ കേന്ദ്രമാണ് ജിസാന്‍. ദിവസം 400,000 ബാരല്‍ എണ്ണ ഉത്പാദിപ്പിക്കുന്ന റിഫൈനറിയാണ് ഇവിടെയുള്ളത്. എണ്ണയ്ക്ക് പുറമേ ഗാസോലിന്‍, അള്‍ട്രാ ലോ സള്‍ഫര്‍ ഡീസല്‍, മറ്റ് റിഫൈന്‍ഡ് ഉത്പന്നങ്ങള്‍ എന്നിവ ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്.

ഫെബ്രുവരിയില്‍ ഇറാന്‍ യുദ്ധം ആരംഭിച്ചതിന് പിന്നാലെ സൗദി അറേബ്യയുടെ എണ്ണ കയറ്റുമതിയും ഊര്‍ജ്ജ കേന്ദ്രങ്ങളും വലിയ സമ്മര്‍ദമാണ് നേരിടുന്നത്. യുഎസ് - ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഹോര്‍മൂസ് കടലിടുക്കിലെ ഗതാഗതം സ്തംഭിച്ചതോടെ ചെങ്കടലിലും പ്രശ്‌നങ്ങള്‍ ഉടലെടുത്തു. 2022 മുതല്‍ വലിയ തോതിലുള്ള പോരാട്ടങ്ങളെ നിയന്ത്രിച്ചിരുന്ന വെടിനിര്‍ത്തല്‍ കരാര്‍ തകര്‍ന്നതോടെ ഇക്കഴിഞ്ഞ ജൂലായിലാണ് ഹൂതികള്‍ സൗദിക്കെതിരെ ആക്രമണം ആരംഭിച്ചത്.

Content Highlights: Houthis have claimed responsibility for targeting Aramco facilities and airports in Saudi Arabia

To advertise here,contact us