കൊയ്റോ: വന്‍തോതിലുള്ള ലഹരിമരുന്ന് നിര്‍മ്മാണ കടത്ത് കേസില്‍ ഈജിപ്ഷ്യന്‍ ടെലിവിഷന്‍ അവതാരക സാറാ ഖലീഫ(39)യ്ക്ക് വധശിക്ഷ. കൊയ്റോ ക്രിമിനല്‍ കോടതിയാണ് സാറാ ഖലീഫ ഉള്‍പ്പെടെ 12 പേര്‍ക്ക് വധശിക്ഷ വിധിച്ചത്. ടെലിവിഷന്‍ സ്ക്രീനില്‍ ക്രൈം ഷോകളിലൂടെ ജനങ്ങളെ ഉപദേശിക്കുകയും കുറ്റവാളികളെ തുറന്നുകാട്ടുകയും ചെയ്തിരുന്ന അവതാരകയാണ് സാറ. 'മിഷന് ഇംപോസിബിള്‍' എന്ന പരിപാടിയിലൂടെയാണ് അവര്‍ ശ്രദ്ധേയയായത്.
വിദേശത്തുനിന്ന് അസംസ്കൃത വസ്തുക്കള്‍ ഇറക്കുമതി ചെയ്ത് കൃത്രിമ ലഹരിമരുന്നുകള്‍ നിര്‍മ്മിച്ച് വിതരണം ചെയ്ത സംഘത്തിലെ പ്രധാനിയായിരുന്നു സാറയെന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അല്‍ അഹ്രാം പത്രം റിപ്പോര്‍ട്ട് ചെയ്തു. കെയ്റോയിലെ രണ്ട് ആഡംബര അപ്പാര്‍ട്ടുമെന്റുകളില്‍ പ്രവര്‍ത്തിച്ചിരുന്ന രഹസ്യ ലഹരിമരുന്ന് നിര്‍മ്മാണ കേന്ദ്രങ്ങളില്‍ നിന്നായി 750 കിലോഗ്രാമിലധികം മയക്കുമരുന്നും നിര്‍മ്മിണ സാമഗ്രികളും ലൈസന്‍സില്ലാത്ത തോക്കുകളും വെടിയുണ്ടകളുമാണ് പൊലീസ് പിടിച്ചെടുത്തത്.
കേസില്‍ 20 സാക്ഷികളുടെ മൊഴികള്‍ക്കൊപ്പം സന്ദേശങ്ങള്‍, ചിത്രങ്ങള്‍, വീഡിയോകള്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകളും പ്രോസിക്യൂഷന് കോടതിയില്‍ ഹാജരാക്കിയിരുന്നു. സാറാ ഖലീഫയെ 2025 ഏപ്രിലിലാണ് കെയ്റോയില്‍ അറസ്റ്റ് ചെയ്തത്. കോടതിയില്‍ വാദം നടക്കുമ്പോള്‍ താന്‍ തികച്ചും നിരപരാധിയാണെന്നും ജീവിതത്തില്‍ ഇന്നുവരെ ഒരു സിഗരറ്റ് പോലും വലിച്ചിട്ടില്ലെന്നും സാറ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞിരുന്നു. മുന്‍പ് ലഹരിമരുന്ന് കണ്ടിട്ടുപോലുമില്ലെന്നും ആന്റി-നാര്‍ക്കോട്ടിക് ഓഫീസില്‍ വെച്ചാണ് ഇവയുമൊത്ത് തന്റെ ചിത്രം പകര്‍ത്തിയതെന്നും അവര്‍ ആരോപിച്ചു.
എന്നാല്‍ ഈ നാടകീയ രംഗങ്ങളിലൊന്നും കോടതി വീണില്ല. 20 ഓളം സാക്ഷികളുടെ മൊഴികളും സന്ദേശങ്ങളും ദൃശ്യങ്ങളും അടക്കമുള്ള ഡിജിറ്റല്‍ തെളിവുകളും നിരത്തി പ്രോസിക്യൂഷന് സാറയുടെ കള്ളക്കളി പൊളിച്ചടുക്കുകയായിരുന്നു. വധശിക്ഷ വിധിക്കുന്നതിന് മുമ്പ് ഈജിപ്തിലെ ഗ്രാന്‍ഡ് മുഫ്തിയുടെ അഭിപ്രായം കോടതി തേടിയിരുന്നു. വധശിക്ഷാ കേസുകളില്‍ ഈ നടപടിക്രമം ഈജിപ്തില്‍ നിയമപരമായി ആവശ്യമാണ്. എന്നാല്‍ മുഫ്തിയുടെ അഭിപ്രായം കോടതിയെ നിയമപരമായി ബാധിക്കുന്നതല്ല.
Content Highlight : A television anchor is among 12 people sentenced to death in a drug-related case. The court imposed the death penalty on all 12 individuals in connection with the case.