നേപ്പാളിലെ മിന്നൽ പ്രളയം: മരണസംഖ്യ 157 ആയി; ദുരന്തത്തിൻ്റെ വ്യാപ്തി കൂടിയേക്കാമെന്ന് ആശങ്ക

കാണാതായിരിക്കുന്ന 340 പേർ വിദേശികളിൽ 133 പേർ ഇന്ത്യയിൽ നിന്നുള്ള തീർഥാടകരാണ്

കാഠ്മണ്ഡു: നേപ്പാളിൽ ചൈനയുടെ ടിബറ്റ് മേഖലയ്ക്ക് ഇടയിലുള്ള ഹിമാലയൻ അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ ഇതുവരെ 157 മരണം. ബുധനാഴ്ച രാത്രി വരെ 157 മൃതദേഹങ്ങൾ കണ്ടെത്തിയതായാണ് നേപ്പാൾ പൊലീസ് അറിയിച്ചത്. നേപ്പാൾ ടൂറിസം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് 400ലധികം വിനോദസഞ്ചാരികളെ കാണാതായിട്ടുണ്ട്. ഇതിൽ ഏകദേശം 340 പേർ വിദേശികളാണ്. കാണാതായവരിൽ 133 പേർ ഇന്ത്യയിൽ നിന്നുള്ള തീർഥാടകരാണെന്നാണ് നേപ്പാൾ ടൂറിസം ബോർഡ് വക്താവ് സുനിൽ ശർമ്മയെ അറിയിച്ചത്. കാണാതായവരിൽ 47 പേർ അമേരിക്കക്കാരും 34 പേർ ഓസ്‌ട്രേലിയക്കാരും 33 പേർ ബ്രിട്ടീഷുകാരും 24 പേർ കാനഡക്കാരുമാണെന്നും അദ്ദേഹം അറിയിച്ചു. ജലവൈദ്യുത നിലയത്തിൽ ജോലി ചെയ്തിരുന്ന എട്ട് ദക്ഷിണ കൊറിയൻ പൗരന്മാരെ കാണാതായതായി ദക്ഷിണ കൊറിയയും അറിയിച്ചിട്ടുണ്ട്.

ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും നിന്നുള്ള നൂറുകണക്കിന് ഹിന്ദു തീർഥാടകർ വർഷംതോറും സന്ദർശിക്കുന്ന ടിബറ്റിലെ കൈലാസ് മാനസസരോവർ തീർഥാടന പാതയിലാണ് ദുരന്തബാധിത പ്രദേശം. നിരവധി പേർ തീർത്ഥാടനത്തിനായി എത്തിച്ചേരാറുള്ള സമയത്താണ് ഇപ്പോൾ അപകടം സംഭവിച്ചിരിക്കുന്നത്. ദുരന്തത്തിന്റെ വ്യാപ്തി ഇപ്പോഴും വ്യക്തമായിട്ടില്ല. അതിർത്തി പ്രദേശത്ത് നിരവധി ആളുകൾ മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും വൻ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടാകാമെന്നുമുള്ള ആശങ്കയാണ് അധികൃതർ പങ്കുവെയ്ക്കുന്നത്.

കാണാതായ ബന്ധുക്കളെക്കുറിച്ചുള്ള വിവരങ്ങൾ തേടി നുവാകോട്ട്, ധാദിങ് മേഖലകളിൽ നിന്നുള്ള നാട്ടുകാർ ഹെലികോപ്റ്റർ രക്ഷാപ്രവർത്തനങ്ങളുടെ കേന്ദ്രമായ നേപ്പാൾ സൈനിക പരിശീലന കേന്ദ്രത്തിന് മുന്നിൽ തടിച്ചുകൂടി. വൈദ്യുതിയില്ലാത്തതിനാൽ മൊബൈൽ ഫോണുകളുടെ വെളിച്ചം മാത്രം ഉപയോഗിച്ചാണ് പൊലീസ് കാണാതായവരുടെ പേരുകൾ രേഖപ്പെടുത്തിയത്. ജലവൈദ്യുത സംവിധാനങ്ങൾ തകർന്നതിനെ തുടർന്നാണ് പ്രദേശത്ത് വൈദ്യുതി മുടങ്ങിയത്. ദുരന്തബാധിത മേഖലകളിൽ വീടുകളും മരങ്ങളും വാഹനങ്ങളും മണ്ണിലും വെള്ളത്തിലും മുങ്ങുകയോ മണ്ണിനടിയിൽപ്പെടുകയോ ചെയ്തിട്ടുണ്ട്. ദിവസം മുഴുവൻ ഹെലികോപ്റ്ററുകൾ പ്രദേശത്തിന് മുകളിലൂടെ പറന്ന് രക്ഷപ്പെട്ടവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.

അപകടത്തെ തുടർന്ന് നിരവധി ആളുകൾ രക്ഷപ്പെടാൻ ഓടുന്ന നേപ്പാൾ–ടിബറ്റ് അതിർത്തിയിലെ ചൈനീസ് ഭാഗത്ത് സ്ഥാപിച്ചിരുന്ന സുരക്ഷാ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. പിന്നാലെ പാറകളും മണ്ണും വെള്ളവും ചേർന്ന കുത്തൊഴുക്കിൽ കെട്ടിടങ്ങളും വാഹനങ്ങളും തകരുന്നതും നിരവധി പേരെ ഒഴുക്കിക്കൊണ്ടുപോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സുരക്ഷാ ക്യാമറ ദൃശ്യത്തിലുള്ള സമയത്തിന് ഏകദേശം ഏഴ് മിനിറ്റ് മുമ്പ് 4.4 തീവ്രതയുള്ള ഭൂചലനം രേഖപ്പെടുത്തിയിരുന്നു എന്നാണ് ജർമൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നത്.

നേപ്പാളിലെ മിന്നൽ പ്രളയത്തെ തുടർന്ന് ഇന്ത്യയിലും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബിഹാർ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലാണ് മുന്നറിയിപ്പുള്ളത്. ബിഹാറിലെ ആറ് ജില്ലകളിൽ നിന്ന് ഏകദേശം 5,000 പേരെ ഒഴിപ്പിച്ചതായി അധികൃതർ അറിയിച്ചു. ആകെ 10,000 മുതൽ 12,000 വരെ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനാണ് പദ്ധതിയെന്നും അധികൃതർ വ്യക്തമാക്കി.

ബുധനാഴ്ച പുലർച്ചെയായായിരുന്നു നേപ്പാളിലെ ടിബറ്റൻ അതിർത്തിക്കടുത്ത് മിന്നൽപ്രളയമുണ്ടായത്. മഞ്ഞുമല ഇടിഞ്ഞുവീണതാണ് പ്രളയത്തിന് കാരണമായതെന്ന് നേപ്പാൾ ദുരന്തനിവാരണ അതോറിറ്റിയുടെ പ്രാഥമിക വിലയിരുത്തൽ. ഗ്രാമങ്ങളും നൂറുകണക്കിന് ട്രക്കുകളും ഒലിച്ചുപോയ പ്രളയത്തിൽ നേപ്പാളിലെ ഒരു ഡസനോളം ജലവൈദ്യുത പദ്ധതികൾ തകരാറിലായിട്ടുണ്ട്.

Content Highlights: Nepal flash floods have claimed at least 157 lives, with authorities warning that the death toll could rise as rescue and relief operations continue. The devastating floods have caused widespread destruction, washed away homes, roads and infrastructure, and left concerns over the full extent of the disaster.

To advertise here,contact us