ഹാരിയും മേഗനും യുകെയില്‍ തിരിച്ചെത്തി; ഔദ്യോഗിക ആനുകൂല്യങ്ങളില്ല, സുരക്ഷ സ്വകാര്യ കാര്യമെന്ന് സർക്കാർ

കാലിഫോര്‍ണിയയില്‍ നിന്ന് സ്വകാര്യ വിമാനത്തില്‍ എത്തിയ കുടുംബം ബര്‍മിങ്ഹാമില്‍ എത്തിയതായാണ് വിവരം

ലണ്ടന്‍: പ്രിന്‍സ് ഹാരിയും മേഗനും മക്കളായ ആര്‍ച്ചിയും ലിലിബെറ്റും യുകെയില്‍ തിരിച്ചെത്തിയതായി ബിബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. കാലിഫോര്‍ണിയയില്‍ നിന്ന് സ്വകാര്യ വിമാനത്തില്‍ എത്തിയ കുടുംബം ബര്‍മിങ്ഹാമില്‍ എത്തിയതായാണ് വിവരം. ഇവര്‍ക്കായി സുരക്ഷാസേന എത്തിയിട്ടില്ലെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ആഴ്ചയാണ് ദമ്പതികള്‍ യുകെയിലേക്ക് താമസം മാറുന്നതായുള്ള റിപ്പോര്‍ട്ടകള്‍ പുറത്ത് വന്നത്. ഔദ്യോഗിക രാജകീയ ചുമതലകളിലേക്ക് മടങ്ങില്ലെങ്കിലും, രാജകുടുംബാംഗങ്ങളായി ബ്രിട്ടനില്‍ താമസിക്കാനാണ് ഹാരിയും മേഗനും ഒരുങ്ങുന്നത്. ലണ്ടന് പുറത്തുള്ള കോട്‌സ് വോള്‍ഡ്‌സിലെ സ്വകാര്യ വസതിയിലായിരിക്കും കുടുംബം താമസിക്കുകയെന്നാണ് സൂചന. ആര്‍ച്ചിയെയും ലിലിബെറ്റിനെയും യുകെയിലെ സ്‌കൂളില്‍ ചേര്‍ത്തിട്ടുമുണ്ട്. അടുത്ത ആഴ്ചയാണ് യുകെയില്‍ പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നത്.

2020ന്റെ തുടക്കത്തിലാണ് ഹാരിയും മേഗനും രാജകീയ ചുമതലകളില്‍ നിന്ന് പിന്മാറിയത്. അതേ വര്‍ഷം മാര്‍ച്ചില്‍ കുടുംബം കാലിഫോര്‍ണിയയില്‍ താമസം ആരംഭിച്ചു. ഹാരിയുടെ യുകെയിലെ സുരക്ഷ സംബന്ധിച്ച വിഷയം ഏറെക്കാലമായി ചര്‍ച്ചയിലുണ്ട്. തങ്ങളുടെ സുരക്ഷാ പരിരക്ഷ കുറച്ചെന്നാരോപിച്ച് ഹാരി കഴിഞ്ഞ വര്‍ഷം നിയമപോരാട്ടം നടത്തിയിരുന്നു. എന്നാല്‍ വിഷയത്തില്‍ അനുകൂലമായ നടപടിയല്ല കുടുംബത്തിന് ലഭിച്ചത്. സ്വകാര്യത സംബന്ധിച്ച കേസിലും ഹാരിയും മറ്റ് ആറ് പ്രമുഖരും ഹൈക്കോടതിയില്‍ പരാജയപ്പെട്ടിരുന്നു. കേസിന്റെ നിയമച്ചെലവായി 34.5 മില്യണ്‍ പൗണ്ട് വരെ നല്‍കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. യുകെയിലേക്ക് തിരിച്ചെത്തിയ കുടുംബത്തിന് ഏര്‍പ്പെടുത്തുന്ന സുരക്ഷാ സംവിധാനവും അതിന്റെ ചെലവ് ആരാണ് വഹിക്കുകയെന്നതും ഇതുവരെ വ്യക്തമല്ല.

2020 മാര്‍ച്ചിലാണ് ഹാരിയും മേഗനും രാജകുടുംബ പദവികളില്‍ നിന്ന് പടിയിറങ്ങുന്നതായി പ്രഖ്യാപിച്ചത്. ആദ്യം കാനഡയിലേക്ക് മാറിയ ഇവര്‍ പിന്നീട് അമേരിക്കയിലെ കാലിഫോര്‍ണിയയിലെ മോണ്ടിസിറ്റോയില്‍ വീട് വാങ്ങി സ്ഥിരതാമസമാക്കി. മാധ്യമങ്ങളുടെ തുടര്‍ച്ചയായ നിരീക്ഷണവും സുരക്ഷാ ആശങ്കകളും ബക്കിങ്ഹാം കൊട്ടാരത്തിലെ ആഭ്യന്തര പ്രശ്നങ്ങളുമാണ് ഇവര്‍ ബ്രിട്ടന്‍ വിടാന്‍ കാരണമായത്. തുടര്‍ന്ന് 2021ല്‍ ഒപ്ര വിന്‍ഫ്രിയുമായുള്ള മോര്‍ഗന്റെ അഭിമുഖം, നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി, ഹാരിയുടെ ആത്മകഥയായ 'സ്പെയര്‍' എന്നിവയിലൂടെ രാജകുടുംബവുമായുള്ള ഇരുവരുടെയും അകല്‍ച്ച പരസ്യമായിരുന്നു. കുടുംബത്തിലെ പ്രശ്നങ്ങള്‍ പരസ്യമായി ചര്‍ച്ച ചെയ്തതിനെ വില്യം വളരെ ഗൗരവമായി കണക്കാക്കിയിരുന്നു. അതിനാല്‍ ഹാരിയുടേയും മേഗന്റേയും യുകെയിലേക്കുള്ള മടക്കം വില്ല്യം സ്വാഗതം ചെയ്യാന്‍ സാധ്യത കുറവാണെന്നാണ് റിപ്പോര്‍ട്ട്.

Content Highlights: Prince Harry and Meghan have returned to the UK with their children Archie and Lilibet, with the Sussex family expected to settle in the Cotswolds as non-working royals

To advertise here,contact us