നേപ്പാള്‍ പ്രളയത്തില്‍ കുടുങ്ങി മലയാളികളും; സഹായവാഗ്ദാനവുമായി മോദി

കുടുങ്ങിയ മലയാളികള്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു

കാഠ്മണ്ഡു: നേപ്പാള്‍ പ്രളയത്തില്‍ മലയാളികള്‍ കുടുങ്ങി കിടക്കുന്നതായി വിവരം. 36 അംഗ മലയാളി വിനോദ സഞ്ചാരികളാണ് വഴിയില്‍ കുടുങ്ങിക്കിടക്കുന്നത്. കാഞ്ഞങ്ങാട് മുന്‍ എസ് ഐ പ്രദീപ് അടക്കമുള്ളവര്‍ സംഘത്തില്‍ ഉള്‍പ്പെടുന്നു. എറണാകുളത്തെ ട്രാവല്‍ ഏജന്‍സി വഴി വിനോദയാത്രയ്ക്ക് പോയവരാണ് സംഘത്തിലുള്ളത്. കുടുങ്ങിയ മലയാളികള്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. യാത്രാസംഘം മറ്റൊരു പാതയിലൂടെ യാത്ര തുടങ്ങിയതായും വിവരം ലഭിച്ചു. 133 ഇന്ത്യക്കാരെ കാണാതായെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ബുധനാഴ്ച പുലര്‍ച്ചെയായായിരുന്നു നേപ്പാളിലെ ടിബറ്റന്‍ അതിര്‍ത്തിക്കടുത്ത് മിന്നല്‍പ്രളയമുണ്ടായത്. മഞ്ഞുമല ഇടിഞ്ഞുവീണതാണ് പ്രളയത്തിന് കാരണമായതെന്ന് നേപ്പാള്‍ ദുരന്തനിവാരണ അതോറിറ്റിയുടെ പ്രാഥമിക കണ്ടെത്തല്‍. ഗ്രാമങ്ങളും നൂറുകണക്കിന് ട്രക്കുകളും ഒലിച്ചുപോയ പ്രളയത്തില്‍ നേപ്പാളിലെ ഒരു ഡസനോളം ജലവൈദ്യുത പദ്ധതികള്‍ തകരാറിലായിട്ടുണ്ട്.

അതേസമയം, നേപ്പാളിന് ആവശ്യമായ സഹായം ഇന്ത്യ ഉറപ്പ് നല്‍കി. നേപ്പാള്‍ പ്രധാനമന്ത്രിയെ ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ സഹായവും വാഗ്ദാനം ചെയ്തു. നേപ്പാള്‍ ജനതയ്ക്കൊപ്പം ഇന്ത്യ നിലകൊള്ളുമെന്നും സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും നല്‍കാന്‍ തയ്യാറാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രക്ഷാപ്രവര്‍ത്തനങ്ങളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും ഇന്ത്യന്‍ സംഘങ്ങള്‍ ഒപ്പമുണ്ടെന്നും മോദി വ്യക്തമാക്കി.

ഇപ്പോഴത്തേത് പ്രാഥമിക പട്ടിക മാത്രമാണെന്നും ട്രാവല്‍ ഏജന്‍സികള്‍, ഗൈഡുമാര്‍, പ്രാദേശിക അധികൃതര്‍, സുരക്ഷാ ഏജന്‍സികള്‍ തുടങ്ങിയവരുമായി ബന്ധപ്പെട്ടു കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും ടൂറിസം ബോര്‍ഡ് അറിയിച്ചു. കാണാതായവരില്‍ അധികം പേരും ടിബറ്റിലേക്ക് കൈലാസ മാനസസരോവര്‍ തീര്‍ത്ഥാടത്തിന് പോയവരാണെന്നാണ് നിഗമനം.

Content Highlights: A 36-member group of Malayali tourists is stranded in Nepal amid devastating flash floods, with authorities confirming that all members are safe as rescue and relief operations continue

To advertise here,contact us