ബെയ്ജിങ്: നേപ്പാളില്‍ വീണ്ടും പ്രളയത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്കി ചൈന. ടിബറ്റിലെ മഞ്ഞുതാടാകം പൊട്ടാന്‍ സാധ്യതയുണ്ടെന്നാണ് ചൈന നൽകിയിരിക്കുന്ന മുന്നറിയിപ്പ്. ലെന്‍ഡെ ഖോല നദിയിലെ മഞ്ഞുമല തടാകം പൊട്ടാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്നും പ്രത്യേക നിര്‍ദേശമുണ്ട്. ഇതിനിടെ നേപ്പാളിലുണ്ടായ മിന്നൽ പ്രളയം സംബന്ധിച്ച് യഥാസമയം മുന്നറിയിപ്പ് നൽകിയില്ലെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
ബുധനാഴ്ച പുലര്‍ച്ചെയായായിരുന്നു നേപ്പാളിലെ ടിബറ്റന്‍ അതിര്‍ത്തിക്കടുത്ത് മിന്നല്‍പ്രളയമുണ്ടായത്. മഞ്ഞുമല ഇടിഞ്ഞുവീണതാണ് പ്രളയത്തിന് കാരണമായതെന്ന് നേപ്പാള്‍ ദുരന്തനിവാരണ അതോറിറ്റിയുടെ പ്രാഥമിക കണ്ടെത്തല്‍. ഗ്രാമങ്ങളും നൂറുകണക്കിന് ട്രക്കുകളും ഒലിച്ചുപോയ പ്രളയത്തില്‍ നേപ്പാളിലെ ഒരു ഡസനോളം ജലവൈദ്യുത പദ്ധതികള്‍ തകരാറിലായിട്ടുണ്ട്.
രക്ഷാപ്രവര്‍ത്തനത്തിനായി 14 ഹെലികോപ്റ്ററുകള്‍ വിന്യസിച്ചിട്ടുണ്ട്. നേപ്പാള്‍ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ അടിയന്തര യോഗം വിളിച്ചിരുന്നു. കാണാതായ പൊലീസ് ഉദ്യോഗസ്ഥരെ കണ്ടെത്താന്‍ അടിയന്തര നടപടിയെടുക്കുമെന്ന് ബാലേന്ദ്ര ഷാ അറിയിച്ചിരുന്നു. തെരച്ചിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
അതേസമയം, നേപ്പാളിന് ആവശ്യമായ സഹായം ഇന്ത്യ ഉറപ്പ് നല്കി. നേപ്പാള്‍ പ്രധാനമന്ത്രിയെ ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ സഹായവും വാഗ്ദാനം ചെയ്തു. നേപ്പാള്‍ ജനതയ്ക്കൊപ്പം ഇന്ത്യ നിലകൊള്ളുമെന്നും സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും നല്കാന് തയ്യാറാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രക്ഷാപ്രവര്‍ത്തനങ്ങളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും ഇന്ത്യന്‍ സംഘങ്ങള്‍ ഒപ്പമുണ്ടെന്നും മോദി വ്യക്തമാക്കി.
Content Highlights: China has issued a warning over the possibility of renewed flash floods in Nepal, urging people to remain alert amid the weather threat.