ട്രംപിൻ്റെ നയങ്ങളിൽ സ്വകാര്യ ബിസിനസിൻ്റെ സ്വാധീനമുണ്ടെന്ന് അഭിപ്രായപ്പെട്ട് 69 ശതമാനം അമേരിക്കക്കാർ: സർവേ ഫലം

സർവേയിൽ പങ്കെടുത്തവരിൽ 63 ശതമാനം പേർ ട്രംപും കുടുംബവും ക്രിപ്റ്റോ വഴി ലാഭം നേടിയതിനെ അനുചിതമെന്ന് വിശേഷിപ്പിച്ചു

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും അധികാരത്തിലെത്തിയതിന് ശേഷം അദ്ദേഹവും കുടുംബവും ക്രിപ്റ്റോകറൻസി വഴി അനുചിതമായി സാമ്പത്തിക നേട്ടം ഉണ്ടാക്കിയെന്ന് ഭൂരിപക്ഷം അമേരിക്കക്കാരുടെയും വിലയിരുത്തൽ. ട്രംപിന്റെ നയതീരുമാനങ്ങളെ സ്വകാര്യ ബിസിനസ് താൽപര്യങ്ങൾ സ്വാധീനിക്കുന്നുണ്ടെന്നും ജനങ്ങളിൽ വലിയൊരു വിഭാഗം വിശ്വസിക്കുന്നതായാണ് റോയിട്ടേഴ്സും ഇപ്സോസും ചേ‍ർന്ന് നടത്തിയ പുതിയ സർവേയിൽ അമേരിക്കക്കാർ അഭിപ്രായപ്പെട്ടത്. നാല് ദിവസം നീണ്ട ഓൺലൈൻ സർവേ തിങ്കളാഴ്ചയാണ് പൂർത്തിയായത്.

സർവേയിൽ പങ്കെടുത്ത അമേരിക്കക്കാരിൽ 69 ശതമാനം പേരും ട്രംപിന്റെ സ്വകാര്യ ബിസിനസ് താൽപര്യങ്ങൾ പ്രസിഡന്റെന്ന നിലയിലെ തീരുമാനങ്ങളെ സ്വാധീനിക്കുന്നുണ്ടെന്ന് അഭിപ്രായപ്പെട്ടു. 27 ശതമാനം പേർ സ്വാധീനിക്കുന്നില്ലെന്നാണ് അഭിപ്രായപ്പെട്ടത്. റിപ്പബ്ലിക്കൻ വോട്ടർമാരിൽ 48 ശതമാനം പേരും ട്രംപിന്റെ സ്വകാര്യ ബിസിനസ് താൽപര്യങ്ങൾ പ്രസിഡന്റെന്ന നിലയിലെ തീരുമാനങ്ങളെ സ്വാധീനിക്കുന്നുണ്ടെന്ന് അഭിപ്രായപ്പെട്ടു. എന്നാൽ 51 ശതമാനം റിപ്പബ്ലിക്കൻ വോട്ടർമാർ സ്വാധീനിക്കുന്നില്ലെന്ന അഭിപ്രായമാണ് പങ്കുവെച്ചത്. സ്വതന്ത്ര വോട്ടർമാരിൽ മൂന്നിൽ രണ്ടുപേരും ഡെമോക്രാറ്റുകളിൽ പത്തിൽ ഒൻപത് പേരും ഇതേ അഭിപ്രായമാണ് പങ്കുവെച്ചതെന്നും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ട്രംപിനെ പിന്തുണയ്ക്കുന്ന റിപ്പബ്ലിക്കൻ വോട്ടർമാരിൽ പകുതിയും പ്രസിഡന്റിന്റെ ബിസിനസ് താൽപര്യങ്ങൾ അദ്ദേഹത്തിന്റെ തീരുമാനങ്ങളെ സ്വാധീനിക്കുന്നുണ്ടെന്ന് സർവേയിൽ അഭിപ്രായപ്പെട്ടത് ശ്രദ്ധേയമായ കണ്ടെത്തലാണെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.

സർവേയിൽ പങ്കെടുത്തവരിൽ 63 ശതമാനം പേർ ട്രംപും കുടുംബവും ക്രിപ്റ്റോ വഴി ലാഭം നേടിയതിനെ അനുചിതമെന്ന് വിശേഷിപ്പിച്ചു. 32 ശതമാനം പേർ അത് ഉചിതമാണെന്ന് അഭിപ്രായപ്പെട്ടപ്പോൾ ബാക്കിയുള്ളവർ പ്രതികരിച്ചില്ലെന്നുമാണ് റോയിട്ടേഴ്സ് റിപ്പോർട്ട്. റിപ്പബ്ലിക്കൻ വോട്ടർമാരിൽ 27 ശതമാനം പേർ ഈ ഇടപാടുകൾ അനുചിതമാണെന്ന് പറഞ്ഞപ്പോൾ 69 ശതമാനം പേർ അത് ശരിയാണെന്ന് അഭിപ്രായപ്പെട്ടു. ഡോമോക്രാറ്റ് വോട്ടർമാരിൽ 92 ശതമാനവും ട്രംപും കുടുംബവും ക്രിപ്റ്റോ വഴി ലാഭം നേടിയത് അനുചിതമാണെന്നാണ് അഭിപ്രായപ്പെട്ടത്. ​ആറ് ശതമാനം ഡെമോക്രാറ്റുകൾ ഈ വിഷയത്തിൽ ട്രംപിനെ പിന്തുണച്ചു. സ്വതന്ത്ര വോട്ടർമാരിൽ 66 ശതമാനം പേർ ഈ വിഷയത്തിൽ ട്രംപിൻ്റെ നിലപാട് അനുചിതമാണെന്ന് അഭിപ്രായപ്പെട്ടപ്പോൾ 25 ശതമാനം പേർ ഇതിന് അനുകൂലമായ സമീപനമാണ് സ്വീകരിച്ചത്. നേരത്തെ രണ്ടാം ഭരണകാലം ആരംഭിച്ച് രണ്ട് മാസം പിന്നിട്ടപ്പോൾ 2025 മാർച്ചിൽ സ്വന്തം പേരിലുള്ള ക്രിപ്റ്റോ കോയിനെ 'എല്ലാത്തിലും മികച്ചത്' എന്ന് വിശേഷിപ്പിച്ച് ട്രംപ് സമൂഹമാധ്യമത്തിലൂടെ പ്രചാരണം നടത്തിയിരുന്നു.

സർക്കാരിന്റെ എല്ലാ തലങ്ങളിലും അഴിമതി വ്യാപകമാണെന്ന് അമേരിക്കക്കാർ വിശ്വസിക്കുന്നതായും സർവേ വ്യക്തമാക്കുന്നു. ഡെമോക്രാറ്റുകളിൽ 40 ശതമാനം പേർ അഴിമതിയിൽ അത്യന്തം രോഷാകുലരാണെന്ന് പറഞ്ഞപ്പോൾ, റിപ്പബ്ലിക്കൻ വോട്ടർമാരിൽ ഈ അഭിപ്രായം പങ്കുവെച്ചത് 25 ശതമാനം പേരാണ്. ഏത് പാർട്ടിയാണ് കൂടുതൽ അഴിമതിക്കാരെന്ന് ചോദ്യത്തിന് സർവേയിൽ പങ്കെടുത്ത 41 ശതമാനം പേർ ഡെമോക്രാറ്റിക് പാർട്ടിയെയും 49 ശതമാനം പേർ റിപ്പബ്ലിക്കൻ പാർട്ടിയെയുമാണ് ചൂണ്ടിക്കാട്ടിയത്. റോയിട്ടേഴ്സും ഇപ്സോസും ചേർന്ന് ഓഗസ്റ്റ് 14 മുതൽ 17 വരെ ഓൺലൈനായി നടത്തിയ സർവേയിൽ അമേരിക്കയിലുടനീളമുള്ള 1,166 മുതിർന്ന പൗരന്മാരാണ് പങ്കെടുത്തതെന്നുമാണ് റോയിട്ടേഴ്സ് വ്യക്തമാക്കുന്നത്.

പ്രസിഡന്റുമാരുടെ നൈതികത സംബന്ധിച്ച വിലയിരുത്തലിൽ ബിസിനസും രാഷ്ട്രീയവും ഇത്രയധികം കൂടിച്ചേരുന്ന സാഹചര്യം അമേരിക്കൻ ചരിത്രത്തിൽ മുമ്പുണ്ടായിട്ടില്ലെന്ന് വിദ​ഗ്ധർ അഭിപ്രായപ്പെടുന്നതായും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ട്രംപിന്റെ വ്യക്തിപരമായ സാമ്പത്തിക നേട്ടങ്ങളെക്കുറിച്ചുള്ള പൊതുജനങ്ങളുടെ ധാരണ നവംബറിലെ മിഡ്ടേം തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടിയാകാൻ സാധ്യതയുണ്ടെന്നും വിലയിരുത്തലുകളുണ്ട്. ഈ തിരഞ്ഞെടുപ്പാണ് ട്രംപിന്റെ ഭരണകാലത്തിന്റെ അവസാന രണ്ട് വർഷങ്ങളിൽ കോൺഗ്രസിന്റെ നിയന്ത്രണം ആരുടെ കൈയിലായിരിക്കുമെന്ന് നിർണയിക്കുക.

Content Highlights: A new survey reveals that 69% of Americans believe Donald Trump's policy decisions are influenced by his private business interests, highlighting growing concerns over conflicts of interest.

To advertise here,contact us