തെഹ്റാൻ: ഇറാൻ-യുഎസ് ധാരണാപത്രം നാളെ ഒപ്പുവെക്കില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം. ഇറാൻ വിദേശകാര്യമന്ത്രാലയത്തെ ഉദ്ധരിച്ച് ഇറാനിയൻ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അടുത്ത ദിവസങ്ങളിൽ ധാരാണാപത്രത്തിൽ ഒപ്പിട്ടേക്കുമെന്നും റിപ്പോർട്ടുണ്ട്. കരാറുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങൾക്കുമിടയിൽ അനിശ്ചിതത്വം തുടരുകയാണെന്നാണ് വിവരം. ധാരണാപത്രത്തിൽ ആണവ കരാറുമായി ബന്ധപ്പെട്ട് ഒന്നും പരാമർശിക്കുന്നില്ലെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രാലയം പറയുന്നത്. പാകിസ്താൻ്റെ മധ്യസ്ഥതയിൽ സമാധാന ധാരണ പത്രത്തിന് മാത്രമാണ് തീരുമാനമായതെന്നും ഇറാൻ വ്യക്തമാക്കി.
അതേസമയം, ഇറാൻ-യുഎസ് ധാരണാപത്രം 24 മണിക്കൂറുകൾക്കുള്ളിൽ ഒപ്പിടുമെന്നാണ് മധ്യസ്ഥത വഹിക്കുന്ന പാകിസ്താൻ അവകാശപ്പെടുന്നത്. പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ആണ് കരാർ ഉടൻ നടപ്പിലാകുമെന്ന് അറിയിച്ചത്. സമാധാന കരാറിൻ്റെ തൊട്ടടുത്തെത്തിയെന്നും ഇരുരാജ്യങ്ങളും ഉടൻ കരാറിൽ ഏർപ്പെടുമെന്നും പാക് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. എക്സ് പോസ്റ്റ് പങ്കുവെച്ചായിരുന്നു പാക് പ്രധാനമന്ത്രിയുടെ പ്രതികരണം. 60 ദിവസത്തിനുള്ളിൽ സംഘർഷം പൂർണമായി അവസാനിക്കുമെന്നും അദേഹം അറിയിച്ചിരുന്നു.
അതിനിടെ ഇന്ത്യന്‍ നാവികരുള്ള കപ്പലുകള്‍ ആക്രമിക്കപ്പെട്ട സംഭവത്തിൽ യുഎസുമായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ചർച്ച നടത്തി. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഫോണിൽ സംസാരിച്ചുവെന്നും മൂന്ന് ഇന്ത്യൻ നാവികരെ കൊലപ്പെടുത്തിയ യുഎസ് ആക്രമണത്തിൽ ഇന്ത്യയുടെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ പറഞ്ഞു. വാണിജ്യ കപ്പലുകൾക്കെതിരായ ഇത്തരം സൈനിക നടപടികളെ ന്യായീകരിക്കാനാവില്ലെന്നും അദേഹം പറഞ്ഞു.
Content Highlights: Iran's Foreign Ministry has dismissed reports of an imminent agreement with the United States, clarifying that no Iran-US memorandum or deal will be signed tomorrow.