ഇറാന്‍ വിദേശകാര്യ മന്ത്രി പാകിസ്താനിലേക്ക്; വീണ്ടും ചര്‍ച്ചയ്ക്ക് സാധ്യത?

പാകിസ്താന്‍ സന്ദര്‍ശനത്തിന് പിന്നാലെ ഒമാനും റഷ്യയും അരാഗ്ചി സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ട്.

തെഹ്‌റാന്‍: ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പാകിസ്താന്‍ സന്ദര്‍ശിക്കുമെന്ന് ഔദ്യോഗിക മാധ്യമമായ ഐആര്‍എന്‍എ. പാകിസ്താന്‍ സന്ദര്‍ശനത്തിന് പിന്നാലെ ഒമാനും റഷ്യയും അരാഗ്ചി സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം പാകിസ്താനില്‍ യുഎസുമായി ഇറാന്‍ രണ്ടാമതും ചര്‍ച്ച നടത്തുമോ എന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല. എന്നാല്‍ യുഎസ് ലോജിസ്റ്റിക്‌സ് ആന്‍ഡ് സെക്യൂരിറ്റി ടീം നിലവില്‍ പാകിസ്താനിലുണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇറാനെതിരായ യുദ്ധത്തില്‍ രണ്ടാഴ്ച്ചത്തേക്ക് കൂടി വെടിനിര്‍ത്തല്‍ നീട്ടിയതായി പ്രഖ്യാപിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു. ഹോര്‍മൂസ് കടലിടുക്കില്‍ അമേരിക്കന്‍ നാവികസേനയുടെ ഉപരോധം തുടരുമെന്നും ട്രംപ് പറഞ്ഞിരുന്നു. വെടിനിര്‍ത്തല്‍ നീട്ടണമെന്ന് പാകിസ്താന്‍ അഭ്യര്‍ത്ഥിച്ചതായി ട്രംപ് അഭിപ്രായപ്പെട്ടു. പാക് പ്രധാന മന്ത്രി ഷഹബാസ് ഷെരീഫും സൈനിക മേധാവി അസിം മൂനീറും വെടിനിര്‍ത്തല്‍ നീട്ടണമെന്ന് പറഞ്ഞിരുന്നു.

ട്രംപിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ഇറാന്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. അമേരിക്കന്‍ നാവികസേന ഇറാനിയന്‍ കപ്പലുകള്‍ക്കെതിരെ നടത്തുന്ന ഉപരോധം വെടിനിര്‍ത്തല്‍ ലംഘനമാണെന്നായിരുന്നു ഇറാന്‍ പറഞ്ഞത്. ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയായിരുന്നു പ്രതികരണവുമായി മുന്നോട്ട് വന്നത്. അമേരിക്ക എന്തൊക്കെ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയാലും ഇറാന് പ്രതിരോധിക്കാന്‍ അറിയാമെന്നും അദേഹം വ്യക്തമാക്കിയിരുന്നു.

Content Highlights: Iran’s foreign minister is set to visit Pakistan, with indications that new diplomatic talks may take place. The visit could focus on bilateral relations and regional issues

To advertise here,contact us