'എനിക്ക് പ്രോസ്റ്റേറ്റ് കാൻസർ ആയിരുന്നു, ഇപ്പോൾ ആരോഗ്യവാൻ': ബെഞ്ചമിൻ നെതന്യാഹു

ശത്രുക്കൾ ആരോഗ്യസ്ഥിതിയെക്കുറിച്ച് വ്യാജ പ്രചാരണം നടത്തുമെന്ന് ഭയന്നാണ് വിവരം രഹസ്യമാക്കിവെച്ചതെന്ന് നെതന്യാഹു

ടെൽഅവീവ്: ഇറാനുമായുള്ള യുദ്ധത്തിനിടെ താനുമായി ബന്ധപ്പെട്ട് പ്രചരിച്ച അഭ്യൂഹങ്ങളിൽ പ്രതികരിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുദ്ധത്തിനിടെ നെതന്യാഹു മരിച്ചു എന്നുവരെ ഘട്ടത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് നെതന്യാഹുവിൻ്റെ പ്രതികരണം. തനിക്ക് പ്രോസ്റ്റേറ്റ് കാൻസറായിരുന്നുവെന്നും ചികിത്സയിലായിരുന്നുവെന്നുമാണ് നെതന്യാഹു പറഞ്ഞത്. നിലവിൽ താൻ പൂർണ ആരോഗ്യവാനാണെന്നും അദേഹം വ്യക്തമാക്കി. നെതന്യാഹുവിൻ്റെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങളിൽ ഇതാദ്യമായാണ് ഔദ്യോഗികതലത്തിൽ വീശദീകരണം വരുന്നത്.

തനിക്ക് പ്രോസ്റ്റേറ്റ് കാൻസർ ബാധിച്ചിരുന്നുവെന്നും എന്നാൽ അത് പ്രാരംഭഘട്ടത്തിൽ തന്നെ കണ്ടെത്തി വിജയകരമായി ചികിത്സിച്ചുമാറ്റിയെന്നും നെതന്യാഹു വ്യക്തമാക്കി. 2024 ഡിസംബറിൽ നടത്തിയ ശസ്ത്രക്രിയക്ക് പിന്നാലെയാണ് അർബുദത്തിൻ്റെ സാന്നിധ്യം കണ്ടെത്തിയത്. രണ്ട് മാസം മുമ്പ് തന്നെ ചികിത്സ പൂർത്തിയായി. എന്നാൽ യുദ്ധസമയത്ത് ശത്രുക്കൾ തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വ്യാജ പ്രചാരണം നടത്തുമെന്ന് ഭയന്നാണ് വിവരം രഹസ്യമാക്കിവെച്ചതെന്നാണ് നെതന്യാഹുവിൻ്റെ വിശദീകരണം. 'ദൈവത്തിന് നന്ദി, ഞാൻ ഇപ്പോൾ പൂർണ ആരോഗ്യവാനാണ്. ശാരീരികമായി അതീവ ഊർജസ്വലനായ അവസ്ഥയിലാണ് ഞാനുള്ളത്. പ്രോസ്റ്റേറ്റിലെ പ്രശ്‌നം പൂർണമായും ഭേദമായി' എന്നാണ് എക്സിൽ പങ്കുവെച്ച കുറിപ്പിൽ നെതന്യാഹു പറഞ്ഞത്.

2026 ഏപ്രിൽ 20-ന് പുറത്തിറങ്ങിയ വാർഷിക ആരോഗ്യ റിപ്പോർട്ട് പ്രകാരം 2024 ഡിസംബർ 29-നാണ് നെതന്യാഹുവിന് ആദ്യം ശസ്ത്രക്രിയ നടത്തിയത്. തുടർന്ന് നടത്തിയ പരിശോധനകളിൽ 0.9 സെൻ്റീമീറ്റർ വലിപ്പമുള്ള ഒരു മുഴ കണ്ടെത്തുകയായിരുന്നു. റേഡിയേഷൻ തെറാപ്പി ഉൾപ്പെടെയുള്ള അത്യാധുനിക ചികിത്സകളാണ് അദ്ദേഹത്തിന് നൽകിയത്. ഏകദേശം രണ്ടര മാസം മുമ്പ് നടന്ന ചികിത്സ പൂർണ വിജയമായിരുന്നുവെന്നും തുടർന്ന് നടത്തിയ സ്‌കാനിങ്ങുകളിൽ രോഗം പൂർണമായും മാറിയതായി കണ്ടെത്തിയെന്നും മെഡിക്കൽ റിപ്പോർട്ടിൽ വ്യക്തമാക്കി

Content Highlights:Israel’s Benjamin Netanyahu says he received treatment for prostate cancer

To advertise here,contact us