ഇറാൻ-യുഎസ് ചർച്ച നടന്ന പഞ്ചനക്ഷത്ര ഹോട്ടലിലെ ബില്ല് പാകിസ്താൻ അടച്ചില്ല; റിപ്പോർട്ട്

പാകിസ്‌താൻ സമ്പദ് വ്യവസ്ഥയേക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നതാണ് സംഭവമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു

ഇസ്ലാമാബാദ്: പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാൻ മധ്യസ്ഥരായി ഇടപെട്ട് ലോകശ്രദ്ധ നേടിയെങ്കിലും ചർച്ച നടത്തിയ ഹോട്ടലിൻ്റെ ബില്ല് പാകിസ്താൻ അടച്ചില്ലെന്ന് റിപ്പോർട്ട്. യുഎസ്-ഇറാൻ ചർച്ച നടന്ന പഞ്ചനക്ഷത്ര ഹോട്ടലിലെ ബില്ല് പോലും അടയ്ക്കാൻ പാകിസ്താൻ സർക്കാരിന് സാധിച്ചില്ലെന്ന റിപ്പോർട്ടാണ് പുറത്ത് വന്നത്. പാകിസ്‌താൻ സമ്പദ് വ്യവസ്ഥയേക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നതാണ് സംഭവമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു.

ഇസ്ലാമാബാദിലെ പഞ്ചനക്ഷത്ര ഹോട്ടലായ സെറീന ഹോട്ടലിൽ വെച്ചായിരുന്നു ഇറാൻ പ്രതിനിധികളും യുഎസ് പ്രതിനിധികളും തമ്മിൽ സമാധാന ചർച്ച നടന്നത്. എന്നാൽ, ചർച്ച കഴിഞ്ഞതിന് ശേഷം പഞ്ചനക്ഷത്ര ഹോട്ടലിലെ ബില്ല് പാകിസ്‌താൻ സർക്കാർ അടച്ചില്ലെന്നാണ് ഇപ്പോൾ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഹോട്ടലുടമ ഇടപെട്ട് ബിൽ അടയ്ക്കാൻ സർക്കാരിനെ നിർബന്ധിക്കുന്ന തരത്തിലേക്ക് സ്ഥിതി വഷളായതായി ഇൻ്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള ചൂടേറിയ ചർച്ചകൾക്കും ഈ സംഭവം വഴിവെച്ചിട്ടുണ്ട്. സുപ്രധാനമായ ഈ അന്താരാഷ്ട്ര ചർച്ചയ്ക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ പോലും വീഴ്‌ച സംഭവിച്ചത് ഒരു രാജ്യത്തിന്റെ പരാജയമായി കാണുന്നുവെന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.

ഏപ്രിൽ 10-12 തീയതികളിലായാണ് ഇസ്ലാമാബാദിൽവെച്ച് ഇറാൻ ഉന്നതോദ്യോഗസ്ഥരും- യുഎസ് പ്രതിനിധികളും തമ്മിലുള്ള ചർച്ച നടന്നത്. അതീവ സുരക്ഷയിലായിരുന്നു കൂടിക്കാഴ്‌ച. എന്നാൽ, കരാർവ്യവസ്ഥകളിൽ സമവായം ഉണ്ടാകാത്തതിനെ തുടർന്ന് ചർച്ച അവസാനിക്കുകയായിരുന്നു. രണ്ടാംഘട്ട ചർച്ചകൾ വ്യാഴാഴ്‌ച നടക്കുമെന്നാണ് വിവരം.

Content Highlights: Pakistan did not pay the bill for the five-star hotel where Iran-US talks took place: Report

To advertise here,contact us