വെടിനിർത്തലിന് പിന്നാലെ താരിഫ് ഭീഷണി! ഇറാന് ആയുധങ്ങൾ നൽകുന്ന രാജ്യങ്ങൾക്ക് 50% താരിഫെന്ന് ട്രംപ്

വീണ്ടും താരിഫ് ഭീഷണിയുമായി ഡോണൾഡ്‌ ട്രംപ്

വാഷിംഗ്ടൺ: ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും താരിഫ് ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ്. ഇറാന് ആയുധങ്ങൾ നൽകുന്ന രാജ്യങ്ങൾക്ക് മേൽ 50% താരിഫ് ചുമത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ഒരു ഇളവും ഈ തീരുമാനത്തിൽ ഉണ്ടാകില്ലെന്നും ആരെയും ഒഴിവാക്കില്ലെന്നും ട്രംപ് പറഞ്ഞു. ട്രൂത്ത് സോഷ്യൽ പോസ്റ്റിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം.

ഇറാനെതിരെ രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്രംപ് താരിഫ് ഭീഷണിയുമായി രംഗത്തുവന്നിരിക്കുന്നത്. പാകിസ്താന്റെ ആവശ്യപ്രകാരമാണ് തീരുമാനമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. രണ്ടാഴ്ച ആക്രമണം ഉണ്ടാകില്ലെന്നും ഹോർമുസ് തുറക്കാൻ ഇറാൻ സമ്മതിച്ചെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചിരുന്നു. വെള്ളിയാഴ്ച പാകിസ്താനിലെ ഇസ്ലാമാബാദിൽ ചർച്ചകൾ നടക്കുമെന്നാണ് റിപ്പോർട്ട്.

ഇറാനിയൻ സായുധ സേനയുടെ സഹകരണത്തോടെ രണ്ടാഴ്ച ഹോർമുസിലൂടെ സുരക്ഷിതമായ ഗതാഗതം സാധ്യമാക്കുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും വ്യക്തമാക്കിയിരുന്നു. ചർച്ചയിൽ ഇറാന്റെ പത്ത് നിബന്ധനകൾ യുഎസ് അംഗീകരിച്ചതായി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും അറിയിച്ചിട്ടുണ്ട്. ഹോർമുസ് കടലിടുക്ക് പൂർണമായും തുറക്കുമെന്ന് ഇറാൻ സമ്മതിച്ചതിനെ തുടർന്നാണ് ആക്രമണം പൂർണമായും നിർത്തിവെയ്ക്കാൻ ട്രംപ് സമ്മതിച്ചതെന്നാണ് വിവരം. വെടിനിർത്തൽ അംഗീകരിച്ചതായി ഇറാനും അറിയിച്ചിട്ടുണ്ട്. അതേസമയം വെടിനിർത്തൽ പ്രഖ്യാപത്തിന് പിന്നാലെ എണ്ണവില കുറഞ്ഞു. നിലവിൽ ഒരു ബാരലിന് 90 ഡോളറായിരുന്നു.

എന്നാൽ രണ്ടാഴ്ച്ചത്തെ വെടിനിർത്തൽ അംഗീകരിക്കുന്നുവെന്നും എന്നാൽ ലബനനിൽ ഇനിയും ആക്രമണം നടത്തുമെന്നുമായിരുന്നു ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചത്. ഇറാൻ ഇനിയൊരിക്കലും ഭീഷണിയല്ലെന്നാണ് നെതന്യാഹു വ്യക്തമാക്കിയിരുന്നു. ഇറാൻ ഇനി ആണവ, മിസൈൽ, ഭീകരവാദ ഭീഷണി ഉയർത്തി മുന്നോട്ട് വരില്ലെന്നാണ് നെതന്യാഹു അവകാശപ്പെട്ടിരുന്നു.

Content Highlights: Donald Trump warns of 50% tariffs on countries supplying weapons to Iran after ceasefire, raising global trade and geopolitical tensions.

To advertise here,contact us