തെഹ്റാൻ: അമേരിക്കൻ ഫൈറ്റർ ജെറ്റ് വിമാനം യുഎസ്എഫ്- 15ഇയുടെ പൈലറ്റ് ഇറാന്റെ പിടിയിലായെന്ന് ഇറാനിയൻ ന്യൂസ് ഏജൻസിയായ തസ്നിം. ദക്ഷിണ ഇറാനിൽ വെച്ചാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് വിമാനം വെടിവെച്ച് വീഴ്ത്തിയത്. വിമാനത്തിൽ നിന്നും ഇജക്ട് ചെയ്ത പൈലറ്റ് ഇറാനിൽ തന്നെ ലാൻഡ് ചെയ്യുകയായിരുന്നു. പൈലറ്റ് ജീവിച്ചിരിപ്പുണ്ടെന്ന വിശ്വാസത്തിൽ യുഎസ് സേന അദ്ദേഹത്തെ ഇറാൻ്റെ അതിർത്തി പ്രദേശത്ത് നിന്ന് പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നുവെന്ന സൂചനകളും ലഭിച്ചിട്ടുണ്ടെന്ന് തസ്നിം റിപ്പോർട്ട് ചെയ്യുന്നു.
ഐആർജിസിയുടെ എയ്റോസ്പേസ് ഫോഴ്സിന്റെ അത്യാധുനിക പ്രതിരോധ സംവിധാനം ഉപയോഗിച്ച് രണ്ടാമത്ത എഫ് -35 നശിപ്പിച്ചു എന്നാണ് ഇറാനിയൻ സേന അറിയിച്ചിരിക്കുന്നത്. ലേക്കൻഹീത്ത് സ്ക്വാഡ്രണിൽ ഉൾപ്പെട്ടിട്ടുള്ള യുദ്ധവിമാനമാണ് തകർന്നതെന്നും ഐആർജിസി പറയുന്നു. ഇക്കഴിഞ്ഞ മാർച്ച് 19നും ഒരു എഫ് -35 ജെറ്റ് തകർത്തതായി ഇറാനിയൻ സേന അവകാശപ്പെട്ടിരുന്നു. വെള്ളിയാഴ്ച വെടിവെച്ചിട്ട യുദ്ധവിമാനം പൂർണമായും നശിച്ചെന്നും പൈലറ്റ് രക്ഷപ്പെട്ടിട്ടില്ലെന്നുമാണ് ഐആർജിസി പറയുന്നത്.
എന്നാൽ ഇറാൻ ഭരണകൂടവുമായി ബന്ധപ്പെട്ട ഒരു ചാനൽ പൗരന്മാരോട് യുഎസ് പൈലറ്റിനെ കണ്ടെത്താൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം സെൻട്രൽ കമാൻഡോ പെന്റഗണോ വൈറ്റ് ഹൗസോ യുദ്ധവിമാനം തകർന്നതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല. ഇറാനിയൻ മാധ്യമങ്ങളെ ഉദ്ധരിച്ച് യുഎസ് മാധ്യമമായ ആക്സിയോസ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിമാനത്തിലുണ്ടായിരുന്ന രണ്ട് ക്രൂ അംഗങ്ങളെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നുമാണ് ഈ റിപ്പോർട്ടിലുള്ളത്.
Content Highlights: Iran’s Islamic Revolutionary Guard Corps (IRGC) has claimed it shot down a US fighter jet over its territory