വിനാശകരമായ അധിനിവേശം, ഇതൊന്നുമല്ല അമേരിക്കൻ ജനതയ്ക്ക് വേണ്ടത്: ഇറാൻ -അമേരിക്ക സംഘർഷത്തിൽ ട്രംപിനെതിരെ മംദാനി

ഇത് നിങ്ങളുടെ നഗരമാണെന്നും ഇവിടെ സുരക്ഷിതമായിരിക്കുമെന്നും ന്യൂയോർക്കിലെ ഇറാൻ വംശജരോട് മംദാനി

വാഷിംങ്ടൺ: ഇറാനെതിരെയുള്ള യുഎസ്- ഇസ്രയേൽ സംയുക്ത ആക്രമണത്തിനെതിരെ രൂക്ഷ വിമർശനവുമായി ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനി. അമേരിക്കയുടെയും ഇസ്രയേലിന്റെയും സൈനിക നീക്കം നിയമവിരുദ്ധമാണെന്നും വിനാശകരമായ അധിനിവേശമാണിതെന്നും മംദാനി എക്‌സിൽ കുറിച്ചു.

'യുഎസും ഇസ്രയേലും ചേർന്ന് ഇറാനിൽ നടത്തിയ സൈനിക ആക്രമണം നിയമവിരുദ്ധമായ വിനാശകരമായ അധിനിവേശമാണ്. നഗരങ്ങളിൽ ബോംബ് വർഷിക്കുന്നു. സാധാരണക്കാരായ ജനങ്ങളെ കൊന്നൊടുക്കുന്നു. പുതിയ യുദ്ധത്തിന് വഴിയൊരുക്കുന്നു. ഇതൊന്നുമല്ല അമേരിക്കൻ ജനതയ്ക്ക് വേണ്ടത്' മംദാനി കുറിച്ചു.

അതേസമയം നിലവിലെ യുദ്ധ സമാന പശ്ചാത്തലത്തിൽ ന്യൂയോർക്ക് നഗരത്തിൽ സുരക്ഷയും പൊലീസ് പട്രോളിങും വർധിപ്പിച്ചു. നഗരത്തിലെ എംബസികൾക്കും സാംസ്‌കാരിക കേന്ദ്രങ്ങൾക്കും പ്രത്യേക സുരക്ഷ നൽകാൻ നിർദേശിച്ചതായും അദ്ദേഹം വ്യക്തമാക്കി. അമേരിക്കയിലെ ഇറാൻ വംശജരെ അഭിസംബോധന ചെയ്ത മംദാനി, ഇത് നിങ്ങളുടെ നഗരമാണെന്നും ഇവിടെ നിങ്ങൾ സുരക്ഷിതമായിരിക്കുമെന്നും അറിയിച്ചു.

Content Highlights: New York Mayor Zohran Mamdani has criticized President Donald Trump's military move against Iran

To advertise here,contact us