പാകിസ്താനിലെ വിമാനത്താവളത്തില്‍ കുടുങ്ങി മലയാളികള്‍; ഇന്ത്യയിലെത്തിക്കാന്‍ ശ്രമം

മലയാളി കുടുംബം അടക്കം എട്ട് ഇന്ത്യന്‍ പൗരന്മാരാണ് കറാച്ചിയില്‍ കുടുങ്ങിയത്

കറാച്ചി: പാകിസ്താനിലെ കറാച്ചി വിമാനത്താവളത്തില്‍ കുടുങ്ങി മലയാളികള്‍. പാലക്കാട് ജില്ലയിൽ നിന്നുള്ളവരാണ് വിമാനത്താവളത്തില്‍ കുടുങ്ങിയത്. കൊടുംമ്പ് സ്വദേശി ക്യഷ്ണ ദാസ് നാഗലൂര്‍, ഭാര്യ ഡോ. രശ്മി മേനോന്‍, മകന്‍ സ്മ്യതി മേനോന്‍ എന്നിവരാണ് കുടുങ്ങിയത്.

അസര്‍ബൈജാന്‍ തലസ്ഥാനമായ ബാക്കുവില്‍ നിന്നും ഷാര്‍ജ വഴി കുവൈത്തിലേക്ക് പോവുകയായിരുന്ന എയര്‍ അറേബ്യ വിമാനത്തിലെ യാത്രക്കാരായിരുന്നു ഇവര്‍. സംഘര്‍ഷ സാഹചര്യങ്ങളെത്തുടര്‍ന്ന് വിമാനം പാത മാറ്റുകയും കറാച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കുകയുമായിരുന്നു.

ഇവര്‍ കുവൈറ്റില്‍ നിന്നുള്ള ലോകകേരള സഭാംഗം വഴി നോര്‍ക്ക റൂട്ട്‌സിനെ ബന്ധപ്പെട്ടു. പിന്നാലെ കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് ഇവരെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ ഏകോപിപ്പിക്കുന്നതായി സര്‍ക്കാര്‍ അറിയിച്ചു. ഇവരെ കൊളംബോ വഴി ഇന്ത്യയിലെത്തിക്കുന്നതിന്റെ സാധ്യത വിദേശകാര്യമന്ത്രാലയം പരിശോധിച്ചു വരുന്നുവെന്നും സംസ്ഥാന സര്‍ക്കാര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. മലയാളി കുടുംബം അടക്കം എട്ട് ഇന്ത്യന്‍ പൗരന്മാരാണ് കറാച്ചിയില്‍ കുടുങ്ങിയത്.

Content Highlight : A group of Malayali passengers has been stranded at an airport in Pakistan amid disruptions to flight operations.

To advertise here,contact us